കോലിയോട് 10 വയസുകാരി അലറി; ‘പോയി കർഷകരെ തുണയ്ക്കൂ’; വൈറൽ വിഡിയോ

kohli-girl-viral-farmers-protest
SHARE

ഓസ്ട്രേലിയൻ മണ്ണിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയോട് ഒരു പത്തുവയസുകാരി വിളിച്ചു പറഞ്ഞ വാക്കുകൾ ദിവസങ്ങൾക്കിപ്പുറം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗ്രൗണ്ടിൽ നിന്നും കോലി മടങ്ങുമ്പോഴാണ് കാണികളിൽ ഒരാളായ പത്തുവയസുകാരി പെൺകുട്ടി രാജ്യത്തെ കർഷകരെ പിന്തുണയ്ക്കാൻ കോലിയോട് വിളിച്ചു പറഞ്ഞത്. പെൺകുട്ടിയെ നോക്കിയശേഷം മിണ്ടാതെ നടന്നുപോകുന്ന കോലിയെയും വിഡിയോയിൽ കാണാം. കർഷകരെ പിന്തുണയ്ക്കാത്തവരെ രൂക്ഷമായ ഭാഷയിലാണ് പെൺകുട്ടി വിമർശിച്ചത്. വിഡിയോ കാണാം. 

അതേസമയം കർഷക സമരം ശക്തമാക്കാൻ സമരക്കാരുടെ കുടുംബാംഗങ്ങളെ രംഗത്തിറക്കാൻ കർഷക സംഘടനകൾ തയാറെടുക്കുകയാണ്. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുടെ 2000 കുടുംബാംഗങ്ങളെ സമരത്തിന് എത്തിക്കാനാണ് തീരുമാനം. വരുംദിവസങ്ങളിൽ ഇവർ അതിർത്തിയിലെത്തുമെന്നും ഇതിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായും സംഘടനാ നേതാക്കൾ വ്യക്തമാക്കി. 

സ്ത്രീകളെ കൂടുതലായി രംഗത്തിറക്കി സമരം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടപടി. വനിതാ സമരക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ സമരവേദിയിൽ ഏർപ്പെടുത്തുമെന്നും അറിയിച്ചു. ജലക്ഷാമം ഒഴിവാക്കാൻ കൂടുതൽ ടാങ്കറുകളും സ്ഥലത്തെത്തിക്കും. ഒട്ടേറെ സ്ത്രീകൾ ഇപ്പോൾ തന്നെ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 

ഡൽഹിയിലെ ഒരു സന്നദ്ധ സംഘടന നൽകിയ 200 ടെന്റുകൾ സിംഘു, തിക്രി എന്നിവിടങ്ങളിൽ സജ്ജീകരിക്കും. കർഷക നേതാക്കളുടെ നിരാഹാര സമരം പ്രക്ഷോഭത്തിന് ഊർജം പകർന്നതായി നേതാക്കൾ കരുതുന്നു. വരുംദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെപ്പേർ സമരത്തിൽ പങ്കെടുക്കാനെത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.  

സമരം കണക്കിലെടുത്ത് ഡൽഹി പൊലീസ് സുരക്ഷാ സന്നാഹങ്ങൾ കൂടുതൽ ശക്തമാക്കി.ഇടവിട്ട് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളുടെ ചുമതല ത്വരിത പ്രതികരണ സേനയ്ക്കു നൽകി. അർധസൈനിക വിഭാഗങ്ങളും സ്ഥലത്തുണ്ട്. ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് ട്രാഫിക് പൊലീസ് ട്വിറ്ററിലൂടെ നിർദേശങ്ങൾ നൽകുന്നുണ്ട്. ഗാസിപുർ അതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ മറ്റു വഴികളിലൂടെയാണ് യാത്രക്കാർ ഡൽഹിയിലേക്ക് വരുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...