അവൾ എന്റെ സുഹൃത്ത്; ആഭാസം പറയുന്നവരോട് അറപ്പ്; തുറന്നെഴുതി യുവാവ്

body-painting-new
SHARE

ബോഡി ആര്‍ട്ടിന്റെ പേരില്‍ സൈബർ ഇടങ്ങളിൽ നിന്നും നേരിട്ട ആക്രമണങ്ങൾക്ക് മറുപടിയുമായി കലാകാരൻ രംഗത്ത്. ആര്‍ട്ടിസ്റ്റ് നിജുകുമാര്‍ വെഞ്ഞാറമൂടാണ് ഫെയ്സ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കിയത്. 'മോഡേണ്‍ ആര്‍ട്ടിന്റെ വൈവിധ്യമാര്‍ന്ന രൂപങ്ങളില്‍ ഒന്നാണ് ബോഡിപെയിന്റിംഗ് എന്നു പാശ്ചാത്യനാടുകളില്‍ ആണ്‍പെണ്‍ വേര്‍തിരിവില്ലാതെ സാധാരണയായി കാണാവുന്ന ഒരു കലയാണ് ഇതെന്നും നിജുകുമാര്‍ വിമര്‍ശകരെ ഓര്‍മ്മിപ്പിക്കുന്നു. 

കുറിപ്പ് വായിക്കാം: 

ബോഡിപെയിന്റിംഗും, സദാചാരകുരുപൊട്ടലും

എന്റെ സുഹൃത്തായ ഒരു പെൺകുട്ടിയുടെ അർദ്ധനഗ്നശരീരത്തിൽ ഞാൻ ചെയ്ത ഒരു ബോഡിപെയിന്റിംഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനു ശേഷം സ്വാഭാവികമായ രീതിയിൽ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം അഭിപ്രായങ്ങൾ വന്നിരുന്നു.. ഒരു വിഷയത്തെ അനുകൂലിക്കാനും പ്രതികൂലിക്കാനും ഉള്ള അവകാശം എല്ലാ വ്യക്തികൾക്കുമുണ്ടെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടു തന്നെ ഞാൻ പറയട്ടെ...

അങ്ങനെ പ്രതികൂലിച്ചവരുടെ കൂട്ടത്തിൽ ഒരു കലാകാരിയും, നർത്തകിയും, നൃത്തഅദ്ധ്യാപികയുമായ എന്റെയൊരു സുഹൃത്തും ഉണ്ടായിരുന്നു.. അവർ ഇപ്പോൾ മോഹിനിയാട്ടത്തിൽ റിസർച്ച് ചെയ്യുകയാണെന്നാണ് എന്റെയൊരു അറിവ്... എന്റെ ബോഡി പെയിന്റിംഗ് കണ്ടിട്ട് അവരെ അത്രയേറെ ചൊടിപ്പിക്കാനുണ്ടായ കാരണം മറ്റൊന്നുമല്ല. ‘നമ്മുടെ നാടിന് ഉദാത്തമായ ഒരു സംസ്കാരവും, പാരമ്പര്യവും ഉണ്ടത്രേ.. അതിന് വിപരീതമായി ഒരു സ്ത്രീയുടെ ശരീരത്തെ ബോഡി ആർട്ട് ചെയ്യാൻ ക്യാൻവാസ് ആക്കിയത്. സംസ്കാരശൂന്യതയാണത്രേ. ഇതേ രീതിയിൽ സമാനമായ അഭിപ്രായം പറഞ്ഞ മറ്റുചിലരും ഉണ്ട്... അവർക്കൊക്കെയുള്ള എന്റെ മറുപടി പറയുന്നതിനു മുമ്പായി ബോഡിപെയിന്റിംഗ് എന്താണെന്നു ചുരുങ്ങിയ വാക്കുകളിൽ ആദ്യം ഞാനൊന്നു പറയട്ടെ...

‘മോഡേൺ ആർട്ടിന്റെ വൈവിധ്യമാർന്ന രൂപങ്ങളിൽ ഒന്നാണ് ബോഡിപെയിന്റിംഗ്.പാശ്ചാത്യനാടുകളിൽ ആൺ-പെൺ വേർതിരിവില്ലാതെ സാധാരണയായി കാണാവുന്ന ഒരു കലയാണ്. ബോഡി ആർട്ട്.. അത് നമ്മുടെ കേരളത്തിൽ തൃശൂർ ജില്ലയിലെ പുലികളിക്ക് മാത്രമാണ് നിലവിൽ കലയെന്ന നിലയിലും, ആഘോഷമെന്ന നിലയിലും നമുക്ക് കാണാൻ കഴിയുന്നത്.പുലികളിക്ക് പുരുഷന്മാരുടെ ശരീരം മുഴുവൻ ഛായക്കൂട്ടുകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്നത് കണ്ടിട്ട് ആർക്കെങ്കിലും സദാചാരത്തിന്റെ കുരു പൊട്ടിയൊലിച്ചതായി ഇതുവരെ കേട്ടിട്ടില്ല.. അപ്പോൾ വിഷയം ബോഡി പെയിൻറിംഗ് അല്ല, വരക്കാനുപയോഗിച്ച സ്ത്രീശരീരമാണ്...

സ്ത്രീകൾ എന്തു നല്ലകാര്യം ചെയ്താലും,

മോശപ്പെട്ട കാര്യം ചെയ്താലും,

ഒരു വിവാഹം ചെയ്താലും,

വിവാഹമോചനം നടത്തിയാലും,

അവൾ ഒരാളെ പ്രണയിച്ചാലും,

പ്രണയിക്കാൻ താൽപ്പര്യമില്ലെന്നു പറഞ്ഞാലും,

അവളുടെ അവയവങ്ങളെ നോക്കി ആഭാസം പറയുന്ന ഭൂരിഭാഗം വരുന്ന മലയാളിസമൂഹത്തിനോട് ബോഡി ആർട്ടിനെക്കുറിച്ച് വിശദീകരിച്ചിട്ട് യാതൊരു കാര്യവുമില്ലായെന്നറിയാം.. എങ്കിലും ചിലത് പറയാതെ വയ്യ.ഒരു വ്യക്തി തന്റെ ശരീരത്തെ ജീവിതത്തിൽ എങ്ങനെ കാണുന്നുവെന്നത് അയാളുടെ താല്പര്യങ്ങൾക്കനുസരിച്ച് ആയിരിക്കും..

ശരീരം എന്നാൽ ചിലർക്ക് കാമം മാത്രമാണ്, ചിലർക്ക് അവരുടെ ജോലി, മറ്റുചിലർക്ക് കല, വേറെ ചിലർക്ക് അശ്ലീലം,

വേറൊരു വിഭാഗത്തിന് വെറും സാധാരണമായ ഒരു കാര്യം, എന്നിങ്ങനെ ഓരോ മനുഷ്യരിലും ഓരോതരത്തിലാവാം.. അത് അവരവരുടെ വ്യക്തിപരമായ ചിന്താഗതി കൂടിയാണ്.. നിങ്ങളുടെ കണ്ണിന്റേയും, തലച്ചോറിന്റേയും, ജീവിതസാഹചര്യങ്ങളുടേയും, രീതികൾക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഒരു ചിന്തയാണത്..

നഗ്നതയെ മനുഷ്യന് ഒരു ആയുധമായിട്ടും ഉപയോഗിക്കാം.. ഒരു സംഗീതജ്ഞൻ ശബ്ദത്തെ ഈണമാക്കുന്നതുപോലെ ശരീരത്തെ ഒരു കലാസൃഷ്ടിയാക്കി മാറ്റാൻ കഴിയും.. അതുപോലെ ഇവിടെ കണ്ട അർദ്ധനഗ്നശരീരത്തെ കലയുടെ ഒരായുധമായി ഞാൻ കാണുന്നു...

മോഹിനിയാട്ടത്തിലും, നൃത്തത്തിലും, പുതിയ പരീക്ഷണങ്ങള്‍ കണ്ടെത്തുന്ന എന്റെ പ്രിയസുഹൃത്തിനോട് ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ....

നർത്തകിയായ താങ്കൾ ഇപ്പോൾ നില്‍ക്കുന്ന സാംസ്‌കാരികനിലം എങ്ങനെ രൂപപ്പെട്ടുവെന്നു നിങ്ങൾക്കറിയുമോ..?

അത് സാംസ്‌കാരികമാണ് എന്ന ചിന്ത നമ്മുടെ നാട്ടിൽ എങ്ങനെ അംഗീകരിക്കപ്പെട്ടുവെന്നതും നിങ്ങൾക്കറിയുമോ..?

പോയ കാലത്തിന്റെ ചരിത്രം നിങ്ങൾ വിസ്മരിച്ചതാണോ, അതോ അതിനെക്കുറിച്ച് അറിവില്ലാത്തതാണോ എന്നറിയില്ല.. ഇല്ലെങ്കിൽ ഞാൻതന്നെ പറഞ്ഞു തരാം..

ഏകദേശം ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെയും മോഹിനിയാട്ടമെന്നാല്‍ വേശ്യാവൃത്തിയാണെന്ന പൊതുധാരണയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.. ഒരു നര്‍ത്തകിയെന്നാല്‍ ആട്ടക്കാരിയെന്നും, അഴിഞ്ഞാട്ടക്കാരിയെന്നും, തേവിടിശ്ശി, എന്നുമൊക്കെയുള്ള പദപ്രയോഗങ്ങളായിരുന്നു അക്കാലങ്ങളിൽ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നത്... അന്ന് അതിനെതിരെ പ്രതികരിച്ചവരും, സമൂഹത്തിന്റെ കളിയാക്കലുകളെയൊക്കെ അവഗണിച്ച് നൃത്തമെന്ന കല പഠിക്കാന്‍ മുന്നിട്ടിറങ്ങിയവരുമൊക്കെ സാമൂഹത്തിന്റെ ആട്ടുംതുപ്പും എത്രമാത്രം സഹിച്ചിട്ടിട്ടുണ്ടാകുമെന്ന് ഒന്നു ഓർത്താൽ മതി.. അവരുടെ മക്കളെപ്പോലും അന്നത്തെ പൊതുസമൂഹം അത്രയേറെ അപഹസിച്ചിട്ടുമുണ്ടാകും.. അന്നും ഇങ്ങനെയുള്ള സഹനത്തിലൂടെയും, നിരന്തരമായ പ്രതിഷേധത്തിലൂടെയും ഒക്കെയാണ് ഇപ്പറഞ്ഞ കലാകാരി ഇപ്പോൾ അഭിമാനത്തോടെ നില്‍ക്കുന്ന സാംസ്കാരികനിലം രൂപപ്പെട്ടു വന്നതെന്ന യാഥാർത്ഥ്യം മറക്കാതിരിക്കുക..!!!

പിന്നെ, നമ്മുടെ നാടിന് ഒരു സംസ്കാരവും, പാരമ്പര്യവും, ഉണ്ടായിരുന്നുവത്രേ..കോപ്പുണ്ടായിരുന്നു...

ഈ പറഞ്ഞ പോലെ യാതൊരു വിധത്തിലുള്ള സംസ്കാരാമോ, പാരമ്പര്യമോ, പൈതൃകമോ, പേരിനു പോലും പറയാനില്ലാത്ത വെറും പ്രാകൃതജീവികളായിരുന്നു ഒരു കാലത്ത് നമ്മളൊക്കെ... അതിന് ഇന്നും വലിയ മാറ്റങ്ങളൊന്നും നമുക്കിടയിൽ സംഭവിച്ചിട്ടുമില്ല.. നമ്മളിലുള്ള ഭൂരിഭാഗം പേരും ഇപ്പോഴും ആ പഴയ പ്രാകൃതമനുഷ്യർ തന്നെയാണ്...

കേരളത്തിന് ഉദാത്തമായ എന്തോ ഒരു സംസ്ക്കാരം ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുന്നുണ്ടെങ്കിൽ അത് ലൈഗീകത പാപമാണ് എന്ന് ചിന്തിക്കുന്ന മത-ഗോത്ര-സംസ്കാരം മാത്രമാണ്..

അതു കാരണം തലമുറകൾ പലതു പിന്നിട്ടിട്ടും ലൈഗീകദാരിദ്ര്യം ബാധിച്ച കുറെ മാനസികരോഗികളുടെ കൂട്ടമായി തീർന്നു നമ്മളിലധികം പേരും...

പിന്നെ പാരമ്പര്യത്തിന്റെ കാര്യം..

ചൂട്ടും കത്തിച്ച് വരുന്നവനൊക്കെ പായ വിരിച്ച് കൊടുത്തിട്ട് ഓഛാനിച്ച് പുറത്തു കാവൽ നിന്നിട്ടുള്ള പാരമ്പര്യമല്ലേ നമ്മുടെയൊക്കെ പൂർവ്വികരുടേത്.. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാവും പലർക്കും നല്ലത്... പിന്നെ വളർത്തുമൃഗങ്ങളോടൊപ്പം അടിമകളായ പുരുഷനേയും സ്ത്രീകളേയും ചന്തകളിൽ കൊണ്ടുപോയി വിലപറഞ്ഞു വിറ്റിരുന്നത് മറ്റൊരു സംസ്കാരം...

പിന്നെ പൈതൃകം..

മര്യാദക്ക് രണ്ട് കഷ്ണം തുണി നേരേചൊവ്വേ ഉടുക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്തതായിരുന്നു നമ്മുടെ പൈതൃകം.. സ്ത്രീകൾക്ക് ഒരു തോർത്ത് മാത്രമായിരുന്നു നഗ്നത മറയ്ക്കാനുള്ള ഏകആശ്രയം.. പുരുഷന്മാർക്ക് ഒരു കോണകം മാത്രം.. നെയ്തെടുത്ത ഒറ്റപ്പാളിമുണ്ട് പോലും നമുക്ക് കൊണ്ടുതന്നത് ബ്രിട്ടീഷുകാരാണ്.. ഇന്ന് മലയാളിമങ്കയുടെ സൂചകമായ സാരി പോലും മഹാരാഷ്ട്രയിലെ സ്ത്രീകൾ ധരിച്ചിരിക്കുന്നതു കണ്ട് രാജാരവിവർമ്മയാണ് തന്റെ പെയിന്റിംഗുകളിലൂടെ ആദ്യമായി കേരളത്തിനു പരിചിതമാക്കിയത്...

ഇന്നിപ്പോൾ ആ പഴയ വസ്ത്രധാരണ രീതിയിൽ മാറ്റം വന്നുവെന്നു പറയാം.. പക്ഷേ പലരുടെയും മനസ് ഇപ്പോഴും പ്രാകൃതം തന്നെയാണ്..

കേരളത്തിലെ ജനങ്ങൾ അത്യാവശ്യം സ്വാതന്ത്ര്യത്തോടെയും, അന്തസ്സോടെയും അവനവന്റെ ഇഷ്ടത്തിന് ജോലി ചെയ്ത് തലയുയർത്തി ജീവിച്ചു തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളൊന്നും ആയിട്ടില്ല.. അവരുടെ സ്വാതന്ത്ര്യത്തിലേക്ക് ഇനിയെങ്കിലും ഒളിഞ്ഞുനോക്കി ചൊറിയാൻ വരാതിരിക്കുക...

ഓരോ മനുഷ്യരും അവർക്ക് ഭരണഘടന അനുവദിച്ച് കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യത്തിനുള്ളിൽ നിന്ന് ജീവിക്കട്ടെ, എന്നു ചിന്തിക്കാനുള്ള ഒരു വകതിരിവ് മാത്രം ഓരോരുത്തർക്കും ഉണ്ടായാൽ മതി...

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വേഷവിധാനവും പതിനാറാം നൂറ്റാണ്ടിലെ തലച്ചോറുമായി ഇനിയാരും എന്നെ ഉപദേശിക്കാൻ വരേണ്ടതില്ല.. സ്വാമിവിവേകാനന്ദൻ പറഞ്ഞ ആ പഴയ ഭ്രാന്താലയത്തിന്റെ സംസ്കാരമാണ് ഉദാത്തമെന്നു പറഞ്ഞ് കോൾമയിര് കൊള്ളാൻ എന്നെ കിട്ടില്ല..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...