റിമി ടോമിയെ കാണാൻ കൊണ്ടു പോകുമോ? ഭാര്യയുടെ ചോദ്യം പ്രവാസിയെ കൊണ്ടെത്തിച്ചത്: കുറിപ്പ്

rimi-tomy3
SHARE

മലയാളിയുടെ പ്രിയ ഗായികയാണ് റിമിടോമി. റിമി ടോമിയുടെ പാട്ടുകളും തമാശകളും ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. ഇപ്പോഴിതാ റിമിയുടെ ഗാനമേളകളും തമാശകളുമെല്ലാം ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് ശ്യാം തൈക്കാട് എന്ന യുവാവ്. പ്രവാസ ജീവിതത്തിന്റെ ആദ്യ കാലങ്ങളിലുണ്ടായ കഷ്ടപ്പാടുകളെയും പ്രണയത്തെയും വിവാഹത്തെയും കുറിച്ചുമൊക്കെ ശ്യാം തുറന്നെഴുതുന്നു. റിമി ടോമിയുടെ ഗാനമേള കാണണമെന്ന  ഭാര്യയുടെ ആഗ്രഹവും അതിനെത്തുടർന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളുമാണ് ശ്യം എഴുതിയിരിക്കുന്നത്.

‘റിമി ടോമിയും ഞങ്ങളും തമ്മിൽ...

ഏകദേശം പതിനാറ് വർഷം മുൻപാണ് .. കൃത്യമായി പറഞ്ഞാൽ 2004 ഏപ്രിൽ മാസത്തിലാണ് ആദ്യമായി റിമി ടോമി ഞങ്ങളുടെ ജീവിതത്തിൽ ഒരു ചോദ്യചിഹ്നമായി വന്നു നിൽക്കുന്നത്. പ്രവാസജീവിതം തുടങ്ങിയിട്ട് എട്ട് മാസം കഴിഞ്ഞപ്പോഴാണ് മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് ബഹ്റൈൻ വഴി വരുന്ന ഗൾഫ് എയർ വിമാനത്തിൽ അന്ന് കിട്ടാവുന്ന ഏറ്റവും വിലകുറവിലുള്ള ടിക്കറ്റ് കൂട്ടുകാരൻ ബിനു ടി മാത്യു സംഘടിപ്പിച്ചു തരുന്നത്. എന്തിനു വേണ്ടിയാണോ മനസ്സില്ലാ മനസ്സോടെ ഗൾഫിലേക്ക് എത്തിപ്പെട്ടത്, ആ ഉദ്ദേശം നിറവേറ്റാനായിരുന്നു തിരക്ക് പിടിച്ചുള്ള ആ വരവ്.

ഒമാനിലെ Qarn Al Alam, Marmul, Harweel മരുഭൂമികളിൽ കൊണ്ട തീ വെയിൽ മുഴുവനും അന്ന് (ഇന്നും) നെറ്റിയിൽ കരുവാളിച്ചു കിടക്കുന്നുണ്ട്. അതൊക്കെ ഏതൊരു സൈറ്റ്‌ എഞ്ചിനീയറുടെയും ജീവിതത്തിന്റെ ഭാഗവുമാണ്. എന്നാലും അത്രയും വെയിൽ മുഴുവനും കൊണ്ടിട്ടും നല്ല തുടുത്ത്‌ സുന്ദരക്കുട്ടപ്പന്മാരായിരിക്കുന്ന ചില കൂട്ടുകാരോട് ചെറിയ അസൂയയൊന്നും തോന്നിയിട്ടില്ല എന്ന് പറഞ്ഞാൽ അത് നുണയാകും. അന്ന് പോപ്പുലറായ ചില സൺപ്രൊട്ടക്ഷൻ ക്രീമുകൾ ഒക്കെ മർമുൽ ഗൾഫാർ ക്യാമ്പിന്റെ തൊട്ടടുത്തുള്ള മലയാളിയുടെ കൊച്ചു ഷോപ്പിൽ കിട്ടും. പക്ഷെ തീ പിടിച്ച വിലയാണെന്നു മാത്രം. അതുകൊണ്ട് അത് തൽക്കാലം വേണ്ടെന്ന് വച്ചു. മാത്രവുമല്ല, നാട്ടിൽ നമ്മളുടെ വാക്കും വിശ്വസിച്ചിരിക്കുന്ന ഒരു പെൺകുട്ടിയെ വെയിലത്തു നിർത്തിയിട്ടാണല്ലോ നമ്മളീ വിമാനവും കയറി വന്നിരിക്കുന്നത്.

നൂറ്റിമുപ്പത്തിനാല് ഒമാനി റിയാൽ ശമ്പളത്തിൽ നിന്ന് ടെലിഫോൺ കാർഡ് വാങ്ങാനുള്ള അഞ്ച്‌ റിയാൽ മാറ്റിവച്ച് ബാക്കി തുക മുഴുവൻ ശമ്പളം കിട്ടുന്ന അതേ ദിവസം നാട്ടിലേക്ക് അയക്കുക എന്നതാണ് പതിവ്. പണം ചെലവാക്കാനുള്ള വേറെ ഒരു മാർഗ്ഗവും അന്ന് അവിടെയില്ല. ചെലവാക്കാൻ നമ്മുടെ കയ്യിലുമില്ല. അങ്ങനെ എട്ടുമാസത്തെ ശമ്പളത്തിന്റെ ബലത്തിലാണ് ആദ്യത്തെ അവധിക്കാലത്തിന്‌ വേണ്ടി നാട്ടിലേക്ക് പറക്കുന്നത്. അത്യാവശ്യം നാട്ടുകാരെയും അടുത്ത ബന്ധുക്കളെയും ഒക്കെ ക്ഷണിച്ചുകൊണ്ടുള്ള 'ഔപചാരികമായ' വിവാഹച്ചടങ്ങ്  എന്ന വീട്ടുകാരുടെ ആഗ്രഹം നടത്തുക എന്ന ലക്ഷ്യത്തിനു വേണ്ടി. 

അങ്ങനെ ആ നിശ്ചയിച്ച ദിവസത്തിന്റെ തലേന്നാൾ ഞാൻ നാട്ടിൽ ലാൻഡ് ചെയ്തു. നമ്മളീ ഇന്റർകാസ്റ്റ് മാര്യേജ് ഒക്കെ നടത്തുമ്പോൾ ഒരു കാര്യമുള്ളത്, ആ കല്യാണം നടക്കണം എന്ന് നമുക്കും നമ്മുടെ വീട്ടുകാരിൽ ചിലർക്കും പിന്നേ വളരെ അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ കാര്യമായ താല്പര്യം കാണൂ. അതുകൊണ്ട് അവരെ മാത്രം വിളിച്ചു പരമാവധി ചെലവ് ചുരുക്കിയാണ് കല്യാണം നടത്തിയതെങ്കിലും, അന്ന് വൈകുന്നേരത്തോടെ എന്റെ പോക്കറ്റ് പ്രളയം കഴിഞ്ഞ തോമസ് ഐസക്കിന്റെ സംസ്ഥാന ഖജനാവ് പോലെ കാലിയായി. മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ദേശീയ പോളിസിക്ക്‌ എതിരായതിനാൽ അടുത്ത ഒരു മാസം തികച്ചും കരുതലോടെ മുന്നോട്ട് നീങ്ങണമെന്ന തീരുമാനം ആദ്യരാത്രി തന്നെ കൈയടിച്ചു പാസ്സാക്കിയത്  ഞാനും സ്മിനിയും ഒരുമിച്ചായിരുന്നു.

അടുത്ത പത്തിരുപത്തഞ്ച്  ദിവസം അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കഴിഞ്ഞുപോയി. 'നമ്മൾ ജനിച്ചു വീണ ഗ്രാമത്തെക്കാൾ വലുതൊന്നുമല്ലല്ലോ ഈ ഊട്ടിയും കൊടേക്കനാലും', 'ഈ ഗൾഫ് കണ്ടവന് എന്ത് ഇന്ത്യ' എന്നൊക്കെ ഹണിമൂൺ എവിടെയാണെന്ന് ചോദിച്ച കൂട്ടുകാരോടൊക്കെ തിരിച്ചു ചോദിച്ചു ഒരുവിധം  പിടിച്ചു നിന്നു. കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്‌ എന്നൊക്കെ പറഞ്ഞു വീടിന്റെ രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ഗുരുവായൂർ ആനക്കോട്ടയിലൊക്കെ ഒന്നു കറങ്ങി. ഇനി മസ്കറ്റിലേക്ക് തിരിച്ചു പോകാൻ നാലുദിവസം മാത്രം. 

കൃത്യമായ സാമ്പത്തികാസൂത്രണമാണ് ആരോഗ്യകരമായ ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം എന്നൊക്കെ ആലോചിച്ച്, 'വെൽഡൺ മിസ്റ്റർ ശ്യാം' എന്ന് സ്വയം അഭിനന്ദിച്ചു അങ്ങനെയിരിക്കുന്ന ആ ദിവസമാണ് വീടിന്റെ പടിക്ക് പുറത്തു നിന്ന് സദ്ദാം ഹുസ്സൈന്റെ സ്കഡ് മിസൈൽ പോലെ ഉന്നം തെറ്റാതെ പത്രക്കാരൻ അകത്തേക്കെറിഞ്ഞിട്ട പത്രത്തിനിടയിൽ നിന്നും, വിടർന്ന് ചിരിച്ചു നിൽക്കുന്ന റിമി ടോമിയുടെ ചിത്രവുമായുള്ള ഒരു നോട്ടീസ് ഒരു അപ്പൂപ്പൻ താടി പോലെ ഞങ്ങൾക്ക് മുന്നിലേക്ക് പറന്നു വീഴുന്നത്.

നാട്ടിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനുള്ള ധനശേഖരണാർത്ഥം റിമിടോമി നയിക്കുന്ന വലിയൊരു ഗാനമേള നടത്തുകയാണ്.  അത്രേം ദിവസം  പാലിച്ചുവന്ന എല്ലാ സാമ്പത്തികാസൂത്രണ പാഠങ്ങളും മറന്നുകൊണ്ട്, അടക്കാനാവാത്ത ആവേശത്തിൽ, പണ്ട് മലപ്പുറം ടൗൺഹാൾ സൈറ്റിന്റെ  മുന്നിൽ വച്ച് പ്രണയം ആദ്യമായി വെളിപ്പടുത്തിയ ആ നിമിഷത്തിൽ 'എന്നാൽ നീ എനിക്ക് സാഗർ ഹോട്ടലിൽ നിന്നും ഒരു മസാലദോശ വാങ്ങിത്തരുമോ' എന്ന് ചോദിച്ച അതേ നിഷ്കളങ്കതയിലും പ്രണയ പാരവശ്യത്തിലും, 'റിമി ടോമിയെ കാണാൻ എന്നെ ഒന്ന് കൊണ്ടുപോകുമോ' എന്ന് സ്മിനി ചോദിക്കുന്നതും, അതേ പ്രണയവും ആവേശം ഉൾക്കൊണ്ട്  'ഇതിനു കൊണ്ടുപോയില്ലെങ്കിൽ പിന്നേ എന്തിനാ മുത്തേ ഈ ചേട്ടൻ ഇങ്ങനെ ജീവിച്ചിരിക്കുന്നെ’ എന്ന് തിരിച്ചു ചോദിച്ചതും തികച്ചും യാന്ത്രികമായിരുന്നു. പക്ഷെ ആ നിമിഷത്തിന്റെ രസത്തിൽ നിന്നും പുറത്തുകടക്കുന്നതിനും മുൻപാണ്  നോട്ടീസിന്റെ നിറംപിടിപ്പിച്ച അക്ഷരങ്ങൾക്കിടയിലൂടെ പരതി നടന്ന എന്റെ ദൃഷ്ടി 'ടിക്കറ്റൊന്നിനു ആയിരം രൂപ' എന്ന അവസാന വാചകത്തിൽപോയി ചിറ്റാട്ടുകര വളവിലെ മൈൽക്കുറ്റിയിൽ  തോമാസേട്ടന്റെ നാനോ കാർ എന്നപോലെ ഇടിച്ചു നിന്നത്.

അമ്പലത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഗാനമേള നടത്താൻ തീരുമാനിച്ചവന്റെ  ഉദ്ധാരണശേഷിതന്നെ നഷ്ടപ്പെടുത്തണോ ഭഗവാനേയെന്ന് അന്നേ ഏറെക്കുറെ ഒരു യുക്തിവാദിയായിത്തുടങ്ങിയിരുന്ന എന്നെക്കൊണ്ട് പ്രാർത്ഥിപ്പിക്കാൻ മാത്രം ശക്തമായിരുന്നു ആ കാഴ്ച്ച. വരുന്ന രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾക്കും, അടുത്ത മാസത്തെ ശമ്പളം കിട്ടുന്നത് വരെ സ്‌മിനിക്ക് മണ്ണാർക്കാടിനടുത്തുള്ള ജോലി സ്ഥലത്തു താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവും കുറച്ചാൽ കയ്യിൽ ബാക്കിയായേക്കാവുന്ന ആ അഞ്ഞൂറ് രൂപ‌, ഇരുപത്തിമൂന്നാം വയസ്സിൽ കല്യാണം കഴിക്കാൻ തീരുമാനിച്ച ഒരുത്തനോട് ജീവിതത്തിന്റെ യഥാർത്ഥ്യങ്ങളിലേക്ക് കൈ ചൂണ്ടി 'ഓട് മോനെ കണ്ടം വഴി' എന്ന് പറയുന്നതുപോലെയാണ് എനിക്ക് തോന്നിയത്.

ഒരു ഡിമാന്റുകളുമില്ലാതെ കൂടെ ജീവിക്കാൻ തയ്യാറായി വന്ന പെൺകുട്ടിയുടെ നിസ്സാരമായ ഒരു ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ പറ്റാത്തവന്റെ നിരാശാബോധവും വാശിയുമൊക്കെ മനസ്സിൽ സൂക്ഷിച്ചാണ് വീണ്ടും മരുഭൂമിയുടെ തീച്ചൂടിലേക്ക് വന്നിറങ്ങിയതും. തിരിച്ചുപോരുന്നതിന്റെ അവസാന രാത്രി കരച്ചിലൊഴിഞ്ഞ നേരങ്ങളിൽ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞത് ഇത്‌ മാത്രമായിരുന്നു. എല്ലാവരേക്കാൾ നന്നായി നമ്മൾ ജീവിക്കും, പിന്നേ ഒരു തവണയെങ്കിലും റിമി ടോമിയെ ദൂരെ നിന്നെങ്കിലും ഞാൻ കാണിച്ചുതരും, നമ്മൾ ഒരുമിച്ചിരുന്ന് റിമിയുടെ ഗാനമേള കേൾക്കും.

മനസ്സിൽ ചില ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ ജീവിതം ബഹുരസമാണ്. നമ്മളുടെ മുന്നിൽ വരുന്ന അവസരങ്ങളെ നഷ്ടപ്പെടുത്താതെ തിരിച്ചറിയാനും, ചാടിപ്പിടിക്കാനുമുള്ള അകക്കണ്ണ്, ഈ ലക്ഷ്യത്തോടൊപ്പം നമുക്ക് കിട്ടുന്ന ഒരു 'കോംബോ ഓഫറാണ്' എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. ജീവിതത്തിൽ ഇന്നേ വരെ ഒന്നും വെള്ളിത്തളികയിൽ വച്ച് നമുക്ക് മുന്നിൽ ആരും നീട്ടിയിട്ടില്ലെങ്കിലും പരസ്പരം കൈകോർത്തു നിന്നപ്പോൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾക്കൊക്കെ സാവധാനം ജീവൻ വച്ച് തുടങ്ങിയിരുന്നു. വർഷങ്ങൾക്കു ശേഷം മസ്‌കറ്റിലെ ഖുറം ആംഫി തീയേറ്ററിയിൽ റിമി ടോമിയുടെ ഗാനമേള വി ഐ പി പാസ്സുമെടുത്തു കണ്ടുകൊണ്ടിരിക്കിമ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞത് എന്തുകൊണ്ടാണെന്ന് മടിയിലിരുന്നിരുന്ന രോഹിതിന് മനസ്സിലായിക്കാണില്ല.

രണ്ടായിരത്തി പതിനഞ്ചിൽ മസ്‌കറ്റിലെ സൗഹൃദങ്ങളെയും ഓർമ്മകളെയും ഒക്കെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് അബുദാബിയിലേക്ക് പറിച്ചു നടുമ്പോൾ രോഹിത്തിനെ കൂടാതെ മറ്റൊരാൾ കൂടി ഞങ്ങളോടൊപ്പം ചേരാനുള്ള വെമ്പലിൽ സ്‌മിനിയുടെ ഉള്ളിലിരുന്ന് മിടിക്കുന്നുണ്ടായിരുന്നു. വഴികളും  മൊഴികളുമൊക്ക അപരിചിതമായി തോന്നിയ ആ അബുദാബിക്കാലത്താണു കുറേക്കാലത്തിനു ശേഷം ഒറ്റപ്പെടൽ എന്താണെന്ന് ഞങ്ങൾ അറിഞ്ഞതും.  

അന്ന് നിറവയറുമായി പതിവ് പരിശോധനക്ക് ആശുപത്രിയിലെത്തുമ്പോൾ പറഞ്ഞു വച്ച പ്രസവദിനത്തിനു പിന്നെയും ഒരു മാസത്തിലധികം സമയം. പക്ഷെ നിങ്ങളുടെ സമയത്തിന് കാത്തുനില്ക്കാൻ എനിക്ക് കുറച്ചു സൗകര്യക്കുറവുണ്ട് എന്ന് കുഞ്ഞൻ ഹൃതിക്കും, അവന്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് ഞങ്ങളുടെ ഡോക്ടറും ഒരു അടിയന്തിര സിസേറിയൻ വേണമെന്ന് തീരുമാനിച്ചപ്പോൾ സ്‌മിനിയുടെ ബ്ലഡ് പ്രഷർ പിടിച്ചാൽ കിട്ടാത്ത നിലയിലായിരുന്നത്രെ.

അമ്മ കിടക്കുന്ന ഐസിയു വിലേക്കും, കുഞ്ഞു കിടക്കുന്ന എൻ ഐ സി യു വിലേക്കും മാത്രമായി എന്റെ ലോകം ചുരുങ്ങിയ ദിവസങ്ങൾ. രണ്ടു ദിവസം കഴിഞ്ഞു മുറിയിലേക്ക് മാറ്റിയെങ്കിലും ബ്ലഡ് പ്രഷർ താഴുന്നില്ലെന്ന് ഡോക്ടർ പരാതി പറയുന്നു. കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലെന്ന് സ്‌മിനിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത്രേം ചെറിയൊരു കുഞ്ഞോ, അതിനെന്തെങ്കിലും സംഭവിക്കുമോ എന്ന ആകുലതയിൽ വേവുന്ന അവൾ. 

ആ സമയത്താണ് എന്റെ കയ്യിലിരുന്ന ലാപ്ടോപ്പിൽ അന്നൊരിക്കൽ കൂടി റിമിയുടെ ഒരു ചാനൽ പ്രോഗ്രാം ഞാൻ വച്ച് കൊടുത്തത്. എത്രയോ ദിവസങ്ങൾക്കു ശേഷം കൊച്ചു കൊച്ചു തമാശകൾ കേട്ട് അവൾ പൊട്ടിച്ചിരിക്കുന്നത്, പതുക്കെ പതുക്കെ ആ മുറിയിലെ പിരിമുറുക്കം ഇല്ലാതാവുന്നത്, ബ്ലഡ്പ്രഷർ സാധാരണ നിലയിലേക്ക് വരുന്നത്. എല്ലാം ഞാൻ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അന്ന് രാത്രി അവളെയും വീൽ ചെയറിലിരുത്തി എൻ ഐ സി യുവിലെത്തി ഉള്ളം കയ്യിലൊതുങ്ങുന്ന ഹൃതിക്കിനെയെടുത്തു സ്‌മിനിയുടെ മടിയിൽ വച്ച് കൊടുക്കുമ്പോൾ എന്റെ കണ്ണും വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു’.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...