ഉൾക്കാഴ്ചയുടെ കരുത്തിൽ ഐഎഎസ്; പൂർണ്ണയെ അഭിനന്ദിച്ച് കൈഫ്

kaif-poorna
SHARE

സ്വപ്നം കാണാൻ പൂർണാ സുന്ദരിയെന്ന 25കാരിക്ക് ഉൾക്കാഴ്ച മതി. അന്ധതയുടെ പരിമിതികളെ ഉൾക്കാഴ്ചയുടെ കരുത്തിൽ മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ 286–ാം റാങ്ക് നേടിയ തമിഴ്നാട് സ്വദേശിനി പൂർണയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. സ്വപ്നങ്ങളിലേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കരുതെന്ന സന്ദേശവുമായാണ് കൈഫ് പൂർണയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്.

‘തമിഴ്നാട്ടിൽനിന്നുള്ള കാഴ്ചയില്ലാത്ത പൂർണാ സുന്ദരി എന്ന ഇരുപത്തഞ്ചുകാരി യുപിഎസ്‌സി പരീക്ഷയിൽ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുന്നു. ഓഡിയോ രൂപത്തിലുള്ള പഠന സാമഗ്രികൾ കണ്ടെത്തുക പ്രയാസമായിരുന്നെങ്കിലും മാതാപിതാക്കളും സുഹൃത്തുക്കളും പൂർണയെ അകമഴിഞ്ഞു സഹായിച്ചു. വായിക്കാനും പുസ്തകങ്ങൾ ഓഡിയോ രൂപത്തിലാക്കി കേൾക്കാനും അവരാണ് പൂർണയെ പ്രാപ്തയാക്കിയത്. ഇപ്പോൾ അവളിതാ, ഐഎഎസ് ഓഫിസറായിരിക്കുന്നു. സ്വപ്നങ്ങളിലേക്കുള്ള യാത്ര ഒരിക്കലും അവസാനിപ്പിക്കരുത്’ – പൂർണാ സുന്ദരിയുടെ ചിത്രം സഹിതം കൈഫ് കുറിച്ചു.

തമിഴ്നാട്ടിലെ മധുരയിൽനിന്നുള്ള പൂർണ, നാലാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് കരസ്ഥമാക്കിയത്. 286–ാം റാങ്കോടെയാണിത്. ‘എന്റെ മാതാപിതാക്കൾ നൽകിയ പിന്തുണ വിലമതിക്കാനാകാത്തതാണ്. എന്റെ ഈ വിജയം അവർക്ക് സമർപ്പിക്കുന്നു’ – ഐഎഎസ് സ്വന്തമാക്കിയതിനെക്കുറിച്ച് പൂർണ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

അഞ്ച് വർഷം നീണ്ട ശ്രമത്തിനൊടുവിലാണ് സിവിൽ സർവീസ് സ്വന്തമാക്കാനായതെന്നും പൂർണ വെളിപ്പെടുത്തി. ‘എന്റെ ജീവിതത്തിലെ അഞ്ച് വർഷങ്ങളാണ് ഈ സ്വപ്നത്തിനായി ഞാൻ ചെലവഴിച്ചത്. നാലാമത്തെ ശ്രമത്തിലാണ് ഫലം ലഭിച്ചത്’ – പൂർണ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...