കാശിയുടെ ഗൂഫി വലുതായി; മുട്ടയിട്ടു; ആ കഥ മുത്തച്ഛന്‍ പറയുന്നു: കുറിപ്പ്

chicken-1
SHARE

വളർത്തുപക്ഷികളെയും മൃഗങ്ങളെയും കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് കുട്ടികൾ. ഫ്ലാറ്റിലാണ് താമസമെങ്കിലും പരുക്കേറ്റ നിലയിൽ കിട്ടിയ കോഴിക്കുഞ്ഞിനെ കൂടെപ്പിറപ്പിനെപ്പോലെ വളർത്തിയ ഒരു എൽകെജി വിദ്യാർഥിയാണ് കാശി. കോഴിക്കുഞ്ഞിനു കാശി പേരും നൽകി, ഗൂഫി. കാശിയുടെ ഗൂഫി വളർന്നു വലുതായി, കഴിഞ്ഞ ദിവസം ഒരു മുട്ടയുമിട്ടു. കാശിക്ക് കോഴിയുടെ സംരക്ഷണ രീതികളെല്ലാം പറഞ്ഞുനൽകുന്നത് മുത്തച്ഛൻ ഉണ്ണികൃഷ്ണൻ മൂഞ്ഞേലിയാണ്. അദ്ദേഹം പങ്കുവച്ച കാശിയുടെയും ഗൂഫിയുടെയും സൗഹൃദത്തിന്റെ കഥ വായിക്കാം:

ചെറുമകൻ കാശി ഫ്ലാറ്റിലാണ് താമസം. എൽകെജി വിദ്യാർഥി. ഇടയ്ക്കൊന്ന് ഓടിക്കളിക്കാൻ കളിസ്ഥലത്തേക്കിറങ്ങും. 3 മാസം മുമ്പ് കളിക്കിടയിൽ അടുത്തെന്തോ വീണിരിക്കുന്നു. കാക്കയുടേയോ, പരുന്തിന്റേയോ പിടിവിട്ട് താഴെ വീണ ഒരു കോഴിക്കുഞ്ഞ്. ആദ്യമവനൊന്നു പേടിച്ചു. ചേട്ടനെ കൂട്ടുപിടിച്ച് മുറിയിലേക്കെടുത്തു. വിറച്ചു നിൽക്കുന്ന കോഴിക്കുഞ്ഞിന്റെ മുതുകിലും ചിറകിലും മുറിവ്. ലോകത്തുള്ള എല്ലാ പ്രശ്നത്തിനും പരിഹാരമറിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഞാനാണെന്നാണ് അവന്റെ വിശ്വാസം. കാശി എന്നെത്തന്നെ വിളിച്ചു. ഞാൻ കൃഷി ചെയ്തു പൊടിപ്പിച്ച മഞ്ഞൾപ്പൊടി കൊടുത്തു വിട്ടിരുന്നു. അതെടുത്ത് മുറിവിലിടാൻ പറഞ്ഞു. 

രണ്ടു ദിവസംകൊണ്ട് മുറിവുണങ്ങി. പേരുമിട്ടു, ഗൂഫി. തിന്നാനായി ചോറിട്ട് കൊടുക്കും, അരിമണികളും. രാത്രി താമസിക്കാൻ ഒരു ബാസ്കറ്റ് . അടുത്ത വിളി വന്നു. പ്രധിരോധ മരുന്നു വേണം. ആദ്യമേ തുടങ്ങണം. ലസോട്ട. ഒരു വാക്സിനാണ്. ഓരോ തുള്ളി കണ്ണിലും മൂക്കിന്റെ ദ്വാരത്തിലും ഇറ്റിക്കാൻ പറഞ്ഞു. ഇനി കൊടുക്കേണ്ടതാണ് വിരമരുന്ന്. ഏറ്റവും എളുപ്പം കുട്ടികൾക്കു കൊടുക്കുന്ന ആന്റിപ്പാർ, 5 തുള്ളി അകത്തേക്ക്. ഇനിയൊരു പത്തു ദിവസം കഴിഞ്ഞാൽ വസന്തയ്ക്ക് പ്രധിരോധമായി R2D വക്സിൻ ചിറകിനടിയിലെ ത്വക്കിൽ കുത്തിവയ്ക്കാം. ഇതൊക്കെ മതി. R2D, ലസോട്ട ഒറ്റ പ്രാവശ്യം മതി. വീട്ടിൽ കാശി കഴിക്കുന്നതെല്ലാം ഗൂഫിയും കഴിക്കും. ലൈറ്റിനടിയിൽ വരണ എല്ലാ പ്രാണികളും ഭക്ഷണമാക്കും. എല്ലാം തിന്നുമെങ്കിലും കോഴിത്തീറ്റ മാത്രം തിന്നില്ല. 

ഇടയ്ക്ക് എന്റടുത്തേക്ക് കൊണ്ടുവരും. മുറ്റത്തേക്കു തുറന്നുവിട്ടാൽ ഭയങ്കര ആഹ്ളാദമാണ്. ഓടി നടന്ന് പച്ചപ്പുല്ലും, കീഴാർനല്ലിയും എല്ലാം കൊത്തിത്തിന്നും. മാഞ്ചുവട്ടിലെ കരിയില ചിക്കിച്ചികഞ്ഞ് ചെറു കീടങ്ങളെയും ചിതലിനെയും ആഹാരമാക്കും. പിന്നെ വിശ്രമമല്ല. പൂഴിമണ്ണ് മാന്തിക്കൂട്ടി അതിൽ കിടന്നുരുളും. അതൊരു കുളിയാണ്. പപ്പിനുള്ളിൽ കയറാൻ സാധ്യതയുള്ളവരെ ഓടിക്കാൻ. അടുത്ത ചോദ്യം ഇവളെന്താ മുട്ടയിടാത്തെ? അതിനും പറഞ്ഞ് കൊടുത്തു. 

നാലു മാസം പ്രായത്തിൽ മുട്ടയിടും. ചൂട്ടും താടയും ചുവന്നുതുടുക്കും, ഓരോ മുക്കിലും മൂലയിലും കയറിയിറങ്ങും, കാർപ്പിച്ച് ശബ്ദമുണ്ടാക്കും. അധികം വൈകാതെ മുട്ടയിട്ടോളും. ആദ്യത്തെ മുട്ട വലുപ്പം കുറവായിരിക്കും, തോടിൽ ചോരപ്പാടും കാണും. ഇന്നലെ ഗൂഫി ആദ്യ മുട്ടയിട്ടു. കാശിയും ഗൂഫിയും ഹാപ്പി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...