പേരുപോലെ അനന്യം ഈ സ്നേഹവായ്പ്; അതിഥിത്തൊഴിലാളികൾക്ക് 3.9 ലക്ഷം രൂപ!

ananya-charity
SHARE

കൊറോണ വൈറസ് വ്യാപനം ചെറുക്കാൻ രാജ്യത്ത് പൊടുന്നനെ പ്രഖ്യാപിച്ച ലോക്ഡൗണില്‍ ഏറ്റവും വലഞ്ഞത് ഇതരസംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരാണ്. തൊഴിലും ദിവസക്കൂലിയും മുടങ്ങിയതോടെ നിത്യവൃത്തിക്കും അതിജീവനത്തിനുമായി സർക്കാരിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന അതിഥിത്തൊഴിലാളികള്‍.

ഇവരുടെ ദുരിതകഥ കണ്ട് മനസ്സലിഞ്ഞ ഒരു വിദ്യാർഥിനിയുടെ കഥയാണ് കൊച്ചിയിൽ നിന്ന്. ലോക്‌ഡൗണിൽ കേരളത്തിൽ തൊഴിൽപോലുമില്ലാതെ വലഞ്ഞ അതിഥി തൊഴിലാളികൾക്കായി ധനസമാഹരണം നടത്തുകയാണ് ഈ പത്താം ക്ലാസ് വിദ്യാർഥി.

സർക്കാർ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീടിനു പുറത്തിറങ്ങാതെ തന്നെ പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് കൊച്ചി ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ അനന്യ മാത്യുവിന്റെ ധനസമാഹരണം. മാതാപിതാക്കളുടെയും ക്ലാസിലെ സുഹൃത്ത് ഹഫീസ് മുഹമ്മദിന്റെയും സഹായത്തോടെ ഒരു ക്രൗഡ്ഫണ്ടിങ് വെബ്‌സൈറ്റിനെയാണ് അനന്യ ഇതിനായി ആശ്രയിച്ചത്. 'ലൈറ്റന്‍ ദ് ലോഡ്'(ഭാരം കുറയ്ക്കുക) എന്ന് പേരിട്ട ഈ ധനസമാഹരണ ക്യാംപെയ്നിലൂടെ ഒരാഴ്ച കൊണ്ട് അനന്യ സമാഹരിച്ചത് 3,60,000 രൂപയാണ്. ഈ വാർത്ത പ്രസിദ്ധീകരിക്കുന്ന സമയം ഇത് 3,90,000 രൂപയായി.

‘‘ഒരു നാലു ദിവസത്തേക്കു കിട്ടുന്ന സംഭാവന സമാഹരിച്ചു നൽകാനാണ് ആദ്യം ഉദ്ദേശിച്ചത്. 50,000 രൂപ എങ്കിലും കിട്ടുമോ എന്നായിരുന്നു തുടക്കത്തിൽ സംശയം. എന്നാൽ ഇതിനു ലഭിച്ച മികച്ച പ്രതികരണം ശരിക്കും അത്ഭുതപ്പെടുത്തി. ധനസമാഹരണം കൂടുതൽ ദിവസം തുടരാനും അത് അതിഥിത്തൊഴിലാളികൾക്കായി നൽകാനും ഇത് പ്രേരകമായി.’’ അനന്യ പറയുന്നു. ശേഖരിച്ച പണം നേരിട്ട് വിതരണം ചെയ്യുകയല്ല ഇവര്‍ ചെയ്തത്. അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് തയ്യാറാക്കി അവ തൊഴിലാളികള്‍ക്ക് എത്തിക്കുന്ന ദൗത്യവും ഒപ്പം കൂടിയ കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെ അനന്യ ഏറ്റെടുത്തു.

കുളിക്കാനുള്ള രണ്ടു സോപ്പ്, ഒരു അലക്ക് സോപ്പ്, രണ്ട് മാസ്‌ക്, ഒരു പായ്ക്കറ്റ് പഞ്ചസാര, ഒരു പായ്ക്കറ്റ് തേയില, രണ്ട് ടവലുകൾ എന്നിവ അടങ്ങുന്നതാണ് ഈ കിറ്റുകള്‍. തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കായി ബിസ്‌കറ്റ്, ചോക്ലേറ്റുകള്‍ എന്നിവ ഇവയ്ക്കൊപ്പം കരുതാനും ഇവർ മറന്നില്ല.

എറണാകുളത്തെ വിവിധ അതിഥിത്തൊഴിലാളി ക്യാംപുകളിൽ ഞായറാഴ്ച എത്തി നന്മ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ 500 കിറ്റാണ് അനന്യയും കൂട്ടുകാരും വിതരണം ചെയ്തത്. വരുന്ന ആഴ്ച വിതരണം ചെയ്യുന്ന കിറ്റുകളില്‍ പയര്‍ വര്‍ഗ്ഗങ്ങളും മസാലകളും കൂടി ഉള്‍പ്പെടുത്താനും ഈ കുട്ടിക്കൂട്ടം തീരുമാനിച്ചിട്ടുണ്ട്. അനന്യയുടെയും സുഹൃത്തുക്കളുടെയും ഉദ്യമത്തിൽ വായനക്കാർക്കും പങ്കാളികളാകാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...