‘പൂവൻകോഴി’കൾ ജാഗ്രതൈ; പ്രതിയാവും, നിമിഷങ്ങള്‍ക്കുള്ളില്‍ അകത്താകും..!

Police Jeep
SHARE

തിരുവനന്തപുരം: രാത്രി കാലങ്ങളിൽ ഒറ്റയ്ക്കോ കൂട്ടായോ നടക്കുന്ന സ്ത്രീകളോടു മോശമായി പെരുമാറുന്നവർ ഓർക്കുക: നിമിഷനേരത്തിനകം ‘പ്രതി’ അകത്താകും. വനിതാ–ശിശുവികസന വകുപ്പാണു രാത്രി നടത്തത്തിനു സുരക്ഷിത മാർഗം ഒരുക്കുന്നത്. ‘പൊതു ഇടം എന്റേതും’ എന്ന മുദ്രാവാക്യത്തോടെ നിർഭയ ദിനമായ 29 മുതൽ സ്ത്രീകൾ രാത്രിയാത്ര നടത്തും. ആദ്യദിവസം മുനിസിപ്പാലിറ്റി, കോർപറേഷൻ പ്രദേശങ്ങളിലെ 100 കേന്ദ്രങ്ങളിൽ രാത്രി 11 മുതൽ പുലർച്ചെ ഒന്നു വരെയാണു രാത്രി നടത്തം.

ഒറ്റയ്‌ക്കോ രണ്ടോ മൂന്നോ അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിട്ടാണു സ്ത്രീകൾ രാത്രി യാത്രയിൽ പങ്കെടുക്കുന്നത്. ഇവർക്കു കയ്യെത്തും ദൂരത്തു സഹായം ലഭ്യമാക്കുന്നതിനു 200 മീറ്റർ അകലത്തിൽ 25 വൊളന്റിയർമാരെയാണു വിന്യസിക്കുന്നത്.. 29നുശേഷം എല്ലാ ആഴ്ചയിലും രാത്രി യാത്രകൾ സംഘടിപ്പിക്കും. ഏതു വഴിയാണു നടക്കുന്നതെന്നു പൊതുവായ അറിയിപ്പ് ഉണ്ടാകില്ല.

സ്ത്രീകൾക്കു പിന്നാലെ നിഴൽ പോലെ വൊളന്റിയർമാർ ഉണ്ടാകുമെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സ്ത്രീകളെ കമന്റടിക്കുന്നതു മുതൽ എന്തു കുറ്റം ചെയ്താലും പിടികൂടും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിനായി മുംബൈയിലേക്കു പോകുന്നതിനാൽ 29നു രാത്രി യാത്ര നടത്തത്തിനു താൻ പങ്കെടുക്കില്ല. പിന്നീടുള്ള ആഴ്ചകളിൽ സംസ്ഥാനത്തെ ഏതെങ്കിലും സ്ഥലത്തു രാത്രി യാത്രയിൽ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

രാത്രി യാത്രയ്ക്കുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിനു മുൻപു പൊലീസിന്റെ സഹായത്തോടുകൂടി ക്രൈം സീൻ മാപ്പിങ് നടത്തുമെന്നു സാമൂഹിക നീതി സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു. പിടിയിലാകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...