വെള്ളത്തിൽ ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പെരുവണ്ണാമൂഴിയിൽ അങ്ങനെയൊരു മുതലയില്ല; കുറിപ്പ്

sandeep-fb-post-flood
SHARE

‘പെരുവണ്ണാമൂഴിയിലെ, ബാലുശേരിയിലെ തേനാക്കുഴി തോട്ടിൽ ഒഴുകിയെത്തിയ മുതലയെ വടം എറിഞ്ഞ് പിടിക്കുന്ന നാട്ടുകാർ. വെള്ളക്കെട്ടിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ സൂക്ഷിക്കുക. വിഡിയോ പരമാവധി പങ്കുവയ്ക്കുക..’ ഇത്തരം നൻമ പോസ്റ്റുകൾ പ്രളയകാലത്ത് പോലും വെള്ളം തൊടാതെ ഷെയർ ചെയ്യുന്നവർ ഇൗ കുറിപ്പ് വായിക്കണം. ‘പെരുവണ്ണാമൂഴിയിലെ മുതല എന്ന പെരും നുണ’ അപ്പോൾ മനസിലാകും. കേരളത്തിന് പുറത്ത് എവിടെയോ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇത്തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നത്. അതിൽ കേൾക്കുന്ന ഭാഷ എന്താണെന്ന് പോലും നോക്കാതെ പങ്കുവയ്ക്കുന്നരാണ് ഏറെയും.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

*പെരുവണ്ണാമൂഴിയിലെ മുതല എന്ന പെരും നുണ*

*പെരുവണ്ണാമൂഴിയിലെ, ബാലുശേരിയിലെ തേനാക്കുഴി തോട്ടിലെ, ചാലക്കുടിയിലെ, മലയാറ്റൂരിലെ, താനൂരിലെ എന്ന് തുടങ്ങി സകലമാന സ്ഥലങ്ങളിലെ റോഡിൽ കണ്ട മുതല എന്ന പേരിൽ വാട്സാപ്പിലും ഫേസ്ബുക്കിലും കിടന്നു റൗണ്ട് അടിക്കുന്നത് ആഗസ്റ്റ് ആദ്യ വാരത്തിൽ ഗുജറാത്ത് വദോധരയിലും മുൻപ് എപ്പോഴോ ഏതോ വടക്ക് കിഴക്കുള്ള സംസ്ഥാനത്തും കർണാടകയിൽ എവിടെയോ നിന്നും വന്നിട്ടുള്ള ചിത്രങ്ങളിലും ഉണ്ടായിട്ടുള്ള സംഭവങ്ങൾ ആണ്. ഈ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ എവിടെയും അത്തരത്തിൽ ഒരു പൊതു നിരത്തിലോ തോട്ടിലോ മുതലയെ കണ്ടിട്ടുമില്ല നാട്ടുകാർ ചേർന്ന് പിടിച്ചിട്ടും ഇല്ല.

എന്തെന്നോ ഏതെന്നോ തിരക്കാതെ, ആ വീഡിയോയിൽ ആളുകൾ സംസാരിക്കുന്ന ഭാഷ പോലും മലയാളം അല്ല എന്ന് ശ്രദ്ധിക്കാതെ അതിൽ പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങി തെറ്റായ വിവരങ്ങൾ നേരെ അടുത്ത ആളുകളിലേക്ക്‌ ഫോർവേർഡ് ചെയ്ത് എല്ലാവരെയും, പ്രത്യേകിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയും തിരിച്ച് വീടുകളിലേക്ക് എത്തുന്നവരെയും ഭയപ്പെടുത്താന് ശ്രമിക്കുന്നവരുടെ അറിവിലേക്കായി മുതലകളെക്കുറിച്ചുള്ള കുറിപ്പ്*

"നൈൽ നദിയിലെ പല്ലി" എന്നർത്ഥം വരുന്ന ഗ്രീക്ക് പ്രയോഗത്തിൽ നിന്നാണ് "ക്രോക്കോഡൈൽ" എന്ന വാക്ക് വന്നത്. അമേരിക്കയിൽ കാണുന്ന അലിഗേറ്റർ (Alligator) എന്ന ജനുസ്സ്, ബ്രസീൽ, ഇക്വഡോർ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഉള്ള കേയ്മൻ (Caiman), യൂറോപ്പും അന്റാർട്ടിക്കയും ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന ഏറ്റവും അധികം ഇനങ്ങൾ (species) ഉള്ള ക്രോക്കോഡൈലസ് (Crocodylus), വടക്കേ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മാത്രം കാണുന്ന ഗാവിയാലിസ് (Gavialis), ആഫ്രിക്കയിൽ മാത്രം കാണുന്ന മേകിസ്തോപ്സ് (Mecistops), ഓസ്റ്റിയോലേയ്മസ് (Osteolaemus), പാലിയോസുച്ചസ്(Paleosuchus), തെക്കേ അമേരിക്കയിൽ മാത്രം കാണുന്ന മെലാനോസുച്ചസ് (Melanosuchus), ഇന്തോനേഷ്യ, മലേഷ്യ ഭാഗങ്ങളിൽ കാണുന്ന ടോമിസ്റ്റൊമാ(Tomistoma) എന്നീ ഒമ്പതു ജനുസ്സുകളിലുമായി ആകെ ഇരുപത്തിയഞ്ചോളം മുതല സ്പീഷീസുകൾ ലോകത്തുണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഇനം/ സ്പീഷീസുകൾ (12) ഉള്ളത് മുകളില്‍ സൂചിപ്പിച്ച പോലെ ഒരുപാടിടങ്ങളിൽ കാണുന്ന ക്രോക്കോഡൈലസ് (Crocodylus) എന്ന ജനുസ്സിൽ ആണ്.

ഇന്ത്യയിൽ നമുക്ക് രണ്ടു ജനുസ്സുകളിലായി മൂന്നിനം (3 species) ആണ് ഉള്ളത്. അതിൽ തന്നെ ഗംഗ, മഹാനദി, ബ്രഹ്മപുത്ര എന്നീ നദികളിൽ മാത്രം കാണപ്പെടുന്ന മീൻ മുതല എന്ന Gharial (Gavialis gangeticus) ഒഴികെയുള്ള മറ്റ് രണ്ടിനം മുതലകളെ ആണ് നമുക്ക് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Crocodylus palustris എന്ന ശാസ്ത്രനാമം ഉള്ള Mugger എന്ന ചീങ്കണ്ണിയും Crocodylus porosus എന്ന ശാസ്ത്രനാമം ഉള്ള Estuarine Crocodile അഥവാ Salt- water Crocodile എന്ന കായൽ മുതലയും. ഇതിൽ രണ്ടാമത് പറഞ്ഞ Estuarine Crocodile പണ്ട് ഇവിടെ കണ്ടിട്ടുണ്ട് എന്ന റിപ്പോർട്ട് ഉണ്ടെങ്കിലും ഈയടുത്ത കാലത്തൊന്നും ഇവയെ കേരളത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഇന്നത്തെ നിലയിൽ ചീങ്കണ്ണി/ മുതല എന്ന Mugger മാത്രമേ ഉള്ളൂ.

ചീങ്കണ്ണി എന്ന പേരിൽ അറിയപ്പെടുന്ന Mugger Crocodile പലയിടങ്ങളിലും മുതല എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ ഇവയെ സ്വാഭാവികമായി പറമ്പിക്കുളം, ചാലക്കുടി പുഴ, ഇടമലയാർ, ചിന്നാർ, വയനാട്, കബനി എന്നിവിടങ്ങളിൽ ഒക്കെയാണ് കണ്ടു വരുന്നത്. കൂടാതെ നെയ്യാർ ഡാം ഭാഗങ്ങളിലും കാണുന്നുണ്ട്. അവയാണെങ്കിൽ 1977ൽ നാൽപ്പത്തിനാല് മുതലകളുമായി നെയ്യാറിൽ തുടങ്ങിയ പ്രജനന കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് ഡാമിലേക്ക് ഇറങ്ങിയവയും ആണ്.

ചീങ്കണ്ണിയും കായൽ മുതലയും തമ്മില്‍ ഉള്ള പ്രധാന വ്യത്യാസം പേരുപോലെ തന്നെ കായൽ മുതല എന്ന Estuarine Crocodile അല്ലെങ്കിൽ Salt-water Crocodile, ചീങ്കണ്ണിയെ (Mugger) പോലെ ശുദ്ധജല സ്രോതസ്സുകളിൽ കാണാറില്ല എന്നതാണ്.

ഒറ്റ നോട്ടത്തില്‍ രണ്ടിന്നങ്ങളെയും തിരിച്ചറിയാന്‍ എളുപ്പം അല്ലെങ്കിലും ചീങ്കണ്ണിയുടെ മുഖത്തിന്‍റെ മുന്നോട്ട് തള്ളി നില്‍ക്കുന്ന ഭാഗം (Snout) കായല്‍ മുതലയെ അപേക്ഷിച്ച് നീളം കുറഞ്ഞതും വിസ്താരമുള്ളതും ആണ്. മാത്രമല്ല വലുപ്പത്തിലും കായൽ മുതല ചീങ്കണ്ണിയെ വെല്ലും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...