കെഎസ്ആർടിസി ‘ഓഫർ സെയിൽ’; ടാബ്‌ലറ്റിന് 826 രൂപ, സ്മാർട് ഫോണുകൾ 300 രൂപയ്ക്ക്

SKOREA-IT-TELECOM-SAMSUNG-SMARTPHONE
പ്രതീകാത്മക ചിത്രം
SHARE

സെക്കൻഡ് സെയിൽ ടാബ്‌ലറ്റ് ഫോണിന് എത്ര രൂപ നൽകണം? ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നടന്ന ലേലത്തിൽ ചേർത്തല സ്വദേശി 826 രൂപയ്ക്കു ടാബ് സ്വന്തമാക്കി. 700 രൂപ വിലയും 18 ശതമാനം നികുതിയും ഉൾപ്പെടെയാണ് 826 രൂപ. പ്രമുഖ കമ്പനിയുടെതാണു ടാബ്. വിപണിവില ശരാശരി 7000 രൂപ വരും. കെഎസ്ആർടിസി ബസിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന സാധനങ്ങൾ ലേലം ചെയ്തപ്പോഴാണു കുറഞ്ഞ  വിലയിൽ പലർക്കും സ്വന്തമാക്കാൻ കഴിഞ്ഞത്.

5 സ്മാർട് ഫോൺ, 20 കീപാഡ് ഫോൺ, 28 കുടകൾ, ഇരുപതോളം ബാഗുകളും പഴ്സുകളും തുടങ്ങിയവ ലേലത്തിൽ പോയി. എണ്ണായിരത്തിലേറെ രൂപ കെഎസ്ആർടിസിക്കു വരുമാനമുണ്ടായി. ശരാശരി 300 രൂപ നിരക്കിലാണു സ്മാർട് ഫോണുകൾ ലേലത്തിൽ പോയത്. 200 രൂപയിൽ താഴെയാണു കീപാഡ് ഫോണുകൾ പോയത്. ബാഗുകളും പഴ്സുകളുമെല്ലാം ശരാശരി 100 രൂപ നിരക്കിലാണ് പോയത്. 40 രൂപ മുതലായിരുന്നു കുടകൾ. അത്ര മികച്ച നിലവാരത്തിലുള്ളവയായിരുന്നില്ല, ലേലത്തിൽ കിട്ടിയ പല വസ്തുക്കളുമെന്നു വാങ്ങിയവരും അധികൃതരും അറിയിച്ചു. 

മറവിക്കു പിഴ 10 ശതമാനം

കെഎസ്ആർടിസി ബസിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന സാധനങ്ങൾ പിന്നീട് കെഎസ്ആർടിസി അധികൃതർ തിരികെ നൽകുമ്പോൾ സാധനത്തിന്റെ വിലയുടെ 10 ശതമാനം തുക പിഴയായി നൽകണം. 

സാധനം മറന്നുപോയെന്നു മനസ്സിലാക്കിയാൽ കെഎസ്ആർടിസിയിൽ അറിയിക്കാം. ഏറെ നാളായിട്ടും തിരക്കി വരാത്തവയാണ് പിന്നീട് ലേലത്തിൽ നൽകുന്നത്. ലഭിക്കുന്ന സാധനങ്ങളുടെ എണ്ണം അനുസരിച്ച് 6 അല്ലെങ്കിൽ 3 മാസം കൂടുമ്പോഴാണു ലേലം നടക്കുന്നത്.

MORE IN SPOTLIGHT
SHOW MORE