കക്കൂസില്ലാത്ത വീടുകൾ; ആർത്തവത്തുണി കഴുകാൻ പൊതുകിണറുകൾ; പൊള്ളിക്കും കുറിപ്പ്

menstrual-cup-revolution-post-05
SHARE

ശൗചാലയം ഇല്ലാത്ത വീട്ടിലെ ആദ്യ ആർത്തവം മുതലുള്ള അനുഭവങ്ങൾ തുറന്നെഴുതി ഒരു പെൺകുട്ടി. തിരുവനന്തപുരം ജില്ലയിലെ കടലോര ഗ്രാമമായ പുതിയതുറ സ്വദേശിയായ ജാനറ്റ് തെരേസ് എഴുതിയ കുറിപ്പ് നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ശുചിത്വമില്ലാത്ത ആർത്തവദിനങ്ങളിൽ നിന്ന് സാനിട്ടറി പാഡുകളിലേക്കും അവിടുന്ന് മെൻസ്ട്വൽ കപ്പിലേക്കുമുള്ള വിപ്ലവകരമായ യാത്രയാണ് കുറിപ്പ്. 

ഫെബ്രുവരി 27ന് അവസാനിച്ച കഴിഞ്ഞ ആർത്തവചക്രം മുതൽ ആർത്തവത്തെ പ്രണയിച്ചുതുടങ്ങിയെന്ന് ജാനെറ്റ് പറയുന്നു. ഫെംകപ്പ് (Femcup) എന്റെ മുന്നിലേക്ക് തുറന്നിരിക്കുന്നത് ശാരീരിക, ലൈംഗീക, സാമൂഹിക, സാമ്പത്തിക, സദാചാര മേഖലകളിൽ എനിക്ക്, എന്നെപ്പോലുള്ള സ്ത്രീകൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ അനന്തമായ സാധ്യതകൾ ആണ്. ആ സാധ്യതകളെക്കുറിച്ചാണ് കുറിപ്പ്. 

കുറിപ്പ് വായിക്കാം: 

ആർത്തവം കൊണ്ട് മുറിവേറ്റവർ !

Why i talk about menstrual cup again in my timeline ☺ Menstrual കപ്പ്‌ ഒന്ന്കൊണ്ട് മാത്രം മുറിവേറ്റ ചില നേർ സൗഹൃദങ്ങൾ എനിക്കുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടും why do u do this again എന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും 🙂 Yes, its the high time to hear ourselves roaring again and fight for what's right to us😗 ആർത്തവം ഇക്കഴിഞ്ഞ ഒരു ചക്രത്തിന്‌ മുൻപ് വരെ എനിക്ക് ഒരു സുഖമുള്ള അനുഭവം ആയിരുന്നില്ല, എന്നെപ്പോലുള്ള മറ്റുപലർക്കും അതെ ! പ്രകൃതി എനിക്ക് ഏല്പിച്ചു തന്നിട്ടുള്ള പ്രത്യുത്പാദനകർമത്തിൽ വേണമെങ്കിൽ മാത്രം ഞാൻ പങ്കാളി ആയാൽ മതി എന്നൊരു ഓപ്ഷൻ എനിക്കിന്നുണ്ട്, എങ്കിലും അതിനായി ഓരോ മാസവും എന്റെ ശരീരത്തെ സജ്ജമാക്കുന്ന ആർത്തവം എന്ന ജൈവീക - വിസർജ്ജ്യപ്രക്രിയയെ കുറഞ്ഞത് അടുത്ത ഒരു ഇരുപത് വർഷത്തേക്ക് ജീവനോടെ ഉണ്ടെങ്കിൽ എനിക്ക് എന്തൊക്കെ ചെയ്താലും തടയാൻ പറ്റില്ല എന്നാണ് എന്റെ വിശ്വാസം, എന്റെ കുടുംബത്തിലെ സ്ത്രീകളുടെ ശാരീരിക പാരമ്പര്യ ചരിത്രം നോക്കുമ്പോൾ 55 മുതൽ 60 വയസ് വരെ എടുക്കും ഞാനും മെനോപസിലേക്ക് എത്താൻ. 

ഓരോ മാസവും ഈ ആർത്തവ ചക്രം സമ്മാനിച്ചിട്ടുള്ള ശാരീരിക മാനസിക സമ്മർദ്ദങ്ങൾ എന്ന് ഒന്ന് തീർന്നു കിട്ടും എന്ന് ഇനി മേൽ എനിക്ക് പ്രകൃതിയെ പ്രാകിക്കൊല്ലേണ്ട കാര്യം ഇല്ല. ഫെബ്രുവരി 27 ന് അവസാനിച്ച മൂന്ന് ദിവസം നീണ്ട് നിന്ന ഇക്കഴിഞ്ഞ എന്റെ ആർത്തവചക്രം മുതൽ ഞാൻ ആർത്തവത്തെ പ്രണയിച്ചു തുടങ്ങി, കാരണം ഞാനും femcup ഉപയോഗിച്ചു തുടങ്ങി. Femcup എന്റെ മുന്നിലേക്ക് തുറന്നിരിക്കുന്നത് ശാരീരിക, ലൈംഗീക, സാമൂഹിക, സാമ്പത്തിക, സദാചാര മേഖലകളിൽ എനിക്ക്, എന്നെപ്പോലുള്ള സ്ത്രീകൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ അനന്തമായ സാധ്യതകൾ ആണ്. 

എങ്ങനെ, എന്ത്കൊണ്ട് എന്നിങ്ങനെ പല എണ്ണം ചോദ്യങ്ങൾ ഇത് വായിച്ചപ്പോൾ നിങ്ങളിൽ ഉടലെടുക്കുന്നുണ്ടാകും☺

എന്റെ പ്രഥമ ആർത്തവചക്രം മുതലുള്ള അനുഭവങ്ങൾ, ഓർമ്മകൾ കുറച്ചൊന്നു പങ്ക് വെച്ചാൽ, it will b pretty anwered, i believe.

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം എന്ന് ഖ്യാതി നേടിയ തിരുവനന്തപുരം ജില്ലയിലെ കരുംകുളം ജില്ലയിലെ പുതിയതുറ എന്ന കടലോര ഗ്രാമത്തിൽ എട്ടുമക്കളുള്ള നിരക്ഷരരായ മാതാപിതാക്കൾടെ അഞ്ചു പെൺകുട്ടികളിൽ ഇളയവളായി ജനിച്ചു വളർന്ന ഞാൻ സാമ്പത്തിക സുരക്ഷിതത്വം അത്രകണ്ടു ആസ്വദിച്ച ഒരു അവസ്ഥയിൽ അല്ല കൗമാരത്തിലേക്ക് കടക്കുന്നത്. ആ പ്രദേശത്ത് ഇരുപത് ഇരുപത്തിയഞ്ചു വര്ഷങ്ങൾക്ക് മുന്നേയുള്ള അവസ്ഥ ഓർക്കുമ്പോൾ പ്രാഥമിക ആവശ്യങ്ങൾക്ക് ഒരു കക്കൂസ് വീട്ടിൽ സ്വന്തമായുള്ളത് വിരലിൽ എണ്ണാവുന്ന ചില ഗൾഫുകാരുടെ കുടുംബങ്ങൾക്ക് മാത്രം. അറിവില്ലായ്മയുടെ ആ കാലത്ത്, കക്കൂസ് ഒരു അത്യാവശ്യം എന്നതിലുപരി മോദിതള്ളൽ പോലെ ഒരു ആഡംബരം ആണ് എന്ന് ധരിച്ചിരുന്ന ഞാനും എന്നെപ്പോലുള്ളവരും ഒക്കെ വീട്ടിൽ കക്കൂസ് നിർമിക്കുന്ന അന്നത്തെ പുത്തൻപണക്കാരെ , ഓ അവർക്ക് വന്ന ഒരു പവർ എന്ന് കളിയാക്കിയ ആ അവസ്ഥ ഓർക്കുമ്പോൾ എന്ത് ജാതി വിവരക്കേട് ആയിരുന്നു ഞാനൊക്കെ എന്ന് പറയാതെ വയ്യ !

വീടുകൾക്ക് പ്രത്യേകം ചുമരുകൾ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ ബെഡ്റൂമിലെ സ്വകാര്യം പോലും അപ്പുറത്തെ വീട്ടിലെ തിണ്ണയിൽ ഇരുന്ന് കേൾക്കാൻ കഴിയുന്നത്ര തിങ്ങി ഞെരുങ്ങി പണിത വീടുകളിൽ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞിട്ടു പോലും ഒരു കക്കൂസ് പോയിട്ട് ഒരു കൈവരി കെട്ടാൻ സ്ഥലമില്ലാത്ത ആ സാഹചര്യത്തിൽ ഞാനും എന്നെപ്പോലുള്ള ദരിദ്രനാരായണന്മാരുടെ മക്കളും ( ആണും പെണ്ണും എങ്ങനെ മല മൂത്രവിസർജ്ജനം നടത്തിയിരുന്നു എന്നത് നിങ്ങൾ സ്ലം ഡോഗ് മില്യണറിൽ കണ്ടതിൽ എത്രയൊ പരിതാപകരം ആണെന്ന് ഇന്നും ഞാൻ നാണം മറന്നും പങ്ക് വെക്കുന്നു ) രണ്ട് വീടുകളെ തമ്മിൽ വേർതിരിക്കുന്ന അരമീറ്റർ പോലും ഇല്ലാത്ത ഈമ്പാരിയിൽ ( ഇടുക്ക് ) ൽ ആണ് ഇടവഴിയിൽ ആരും ഇപ്പൊ യാത്ര ചെയ്യാൻ വരുന്നില്ല എന്നുറപ്പ് വരുത്തി വേഗംന്ന്‌ മൂത്രം ഒഴിച്ച് വീട്ടിനു അകത്തേക്ക് ഓടി വന്ന് ഇട്ടിരിക്കുന്ന അടിവസ്ത്രം കൊണ്ടോ അയയിലെ തോർത്ത്‌ കൊണ്ടോ ഗുഹ്യഭാഗം ഡ്രൈ ആക്കി ശ്വാസം നേരം വിടും, വെള്ളം കൂടെ കരുതി കൊണ്ട് പോയി മൂത്രമൊഴിച്ചു വിസ്തരിച്ചു കഴുകി തിരിച്ചു വീട്ടിലേക്ക് കേറാം എന്ന് കരുതിയാൽ വഴിപോക്കർ നമ്മുടെ മൂത്രമൊഴിപ്പ് കാണും, അത് ഒഴിവാക്കാൻ ആണ് തുണി കൊണ്ട് തുടച്ചു ഡ്രൈ ആക്കൽ. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചും വഴിപോക്കർ ഇല്ലാത്ത നേരം വരെ, നിറഞ്ഞിരിക്കുന്ന മൂത്രത്തെ പിടിച്ചു നിർത്തിയും എങ്ങനെയെങ്കിലും മൂത്രവിസർജനം കഴിച്ചു കൂട്ടും. എന്നാൽ ഇത് പോലെ അത്ര ഈസി ആയിരുന്നില്ല മലവിസർജനം. 

നേരം വെളുക്കുമ്പോൾ പ്രാഥമിക കൃത്യം ചെയ്ത് ശീലിക്കുന്ന ഈ നാട്ടിൽ ഞാനൊക്കെ അതിന് നേരം ഇരുട്ടാൻ കാത്തിരിക്കും, കടപ്പുറത്തു വിശ്രമിക്കുന്ന, സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുരുഷൻന്മാർ കടലിലേക്കു ഇനി വരുന്ന സമയം അല്ല എന്നുറപ്പ് വറുത്തി ഇരുട്ടിൽ പതുങ്ങി, കടൽത്തീരത്തു ഇറങ്ങിചെന്ന് മല വിസർജ്ജനം നടത്തി തിരകൾ തീരത്ത് എത്തുമ്പോൾ ആ ഉപ്പുവെള്ളത്തിൽ ആസനം വൃത്തിയാക്കി, വന്നത് പോലെ ശബ്ദമുണ്ടാക്കാതെ ഇരുട്ടിന്റെ മറവിലൂടെ തിരിച്ചു വീട്ടിലേക്ക് പോയി കിണർ വെള്ളത്തിൽ ഒന്നൂടെ വൃത്തിയാക്കിയാലെ ആ ഉപ്പുവെള്ളത്തിന്റെ ഊറൽ ശരീരത്തിൽ നിന്നും നീങ്ങുമായിരുന്നുള്ളൂ, രാത്രിയാകും മുന്നേ എങ്ങാനും വയറിനു അസ്വസ്ഥത തോന്നിയാൽ ഇരുട്ടും വരെ അനുഭവിച്ചിരുന്ന ആ ഗതികേടിൽ എന്തിന് പെണ്ണായി ജനിച്ചു എന്ന് ശപിച്ചു പോയിട്ടുള്ള എത്രയൊ ദിനങ്ങൾ . രാത്രിയിലെ കാര്യം ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യും. ബട്ട്‌, പകൽ സമയം 😢. കക്കൂസില്ലാത്ത വീട്ടിലെ പെണ്ണുങ്ങൾ നേരം പുലരാൻ പോലും കാക്കാതെ, മെയിൻറോഡിനപ്പുറം ഉളള പള്ളിവക സ്ഥലം കാടുപിടിച്ചുകിടക്കുന്നടത്തേയ്ക്ക് കുറ്റാക്കുറ്റിരുട്ടിലും മലവിസർജ്ജനത്തിനായി എന്റെ നാട്ടിലെ പെണ്ണുങ്ങൾ കൂട്ടം ചേർന്നു മാർച്ച് ചെയ്ത് പോകുന്ന ആ ദുരവസ്ഥ ഒരു കാലത്തും ഞാൻ മറക്കാവതല്ല . അവിടെയും വെള്ളം കിട്ടാൻ വഴിയില്ല 😟 കുറ്റിക്കാട്ടിലെ പച്ചിലകൾ കൊണ്ട് മലദ്വാരം വൃത്തിയാക്കി ഇതൊക്കെ സ്വാഭാവികമാക്കി ശീലിച്ചു ജീവിച്ചിരുന്ന എനിക്ക്, ടോയ്‌ലറ്റ് റ്റിഷ്യൂസ്ന് പകരം പച്ചില ഉപയോഗിക്കുന്നു എന്നുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരാറില്ല, പലപ്പോഴും ആ ട്രോളുകളെ ഞാൻ അനുകമ്പയോടെ അനുഗമിക്കാറുണ്ട് ഈയടുത്തും. മലമൂത്രവിസർജ്ജനം നടത്തുമ്പോൾ എങ്കിലും പെണ്ണിന്റെ ഗുഹ്യഭാഗങ്ങൾ കണ്ടു ലൈംഗീക സംതൃപ്തി നേടാൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന എത്രയൊ വിരുതൻമാരെ ഈ പെണ്ണുങ്ങൾ കണ്ടെണീറ്റു ഓടി അപ്പുറെ മാറി വെളിമ്പ്രദേശത്ത് ഇരുന്നു കർമം കഴിച്ചു പോയിരിക്കുന്നു ഞങ്ങളുടെ പെണ്ണുങ്ങളുടെ തലമുറയിൽ . ഇങ്ങനെയുള്ള വിരുതൻമാരുടെ പേരുകൾ അയൽവാസികളുടെ വഴക്കുകൾ ഉണ്ടാകുമ്പോൾ ആണ് പുറംലോകം അറിയുന്നത് . അത്രമേൽ ലൈംഗീക ദാരിദ്ര്യം അനുഭവിച്ചിരുന്ന ഒരു സമൂഹത്തിൽ, പഴ്സണൽ ഹൈജീനിനോ ക്ലെൻലിനെസ്സിനോ യാതൊരു പ്രൊവിഷനും ഇല്ലാതിരുന്ന ഒരു സമൂഹത്തിൽ ഋതുമതിയായിക്കഴിഞ്ഞാലുള്ള ഒരു പെണ്ണിന്റെ ആർത്തവകാലം എത്രമേൽ ശോചനീയമായിരുന്നിട്ടുണ്ടാകില്ല😩

എന്താണ് ആർത്തവം എന്നോ ഋതുമതിയാകൽ എന്തെന്നോ അറിയാതിരുന്ന കാലത്ത്, ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ; ചില ദിവസങ്ങളിൽ രാത്രി ഒൻപതും പത്തും മണി കഴിഞ്ഞിട്ടാണ് എന്റെ ചേച്ചിമാർ പൊതുകിണറ്റിലേക്ക് പോകുക. വെള്ളം കോരുന്ന തൊട്ടിയും ബക്കറ്റും കപ്പും സോപ്പും ഒക്കെ ആയി പോകുന്ന അവർ കുറേ ഏറെ നേരം എടുത്ത് അലക്കി കൊണ്ട് വന്ന് മുറ്റത്തെ അയയിൽ വിരിച്ചിടുന്നത് തോർത്തിന്റെയത്ര പോലും വലിപ്പമില്ലാത്ത ഒന്നോ രണ്ടോ തുണിക്കഷ്ണങ്ങൾ ആകും. ഇത് കഴുകാൻ ആണോ ഇവരിത്രയും നേരം എടുത്തത്, ഇതെന്താ പകൽ കഴുകാത്തത്, നേരം വെളുക്കും മുൻപേ ആ തുണികൾ അയയിൽ നിന്നും അപ്രത്യക്ഷമാകുന്നത് എന്ത് കൊണ്ട് എന്നൊന്നും അന്ന് എനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല.

തമിഴ്‌നാട്ടിലെ മണപ്പാട് എന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക് എന്റെ അമ്മയും അച്ഛനും അനിയനും ഒരുമിച്ച് യാത്ര പോയിരിക്കുകയായിരുന്ന ആ നാളിൽ, എന്റെ പതിനഞ്ചാം വയസിലെ ആ സെപ്തംബറിൽ ഞാൻ ആദ്യമായി വയസ്സറിയിച്ചു. വീട്ടിലെ പെൺപ്രജകളുടെ ബാഹുല്യം കാരണമാകാം അമ്മ അന്ന് അടുത്തില്ലെങ്കിലും എന്റെ അന്നത്തെ ആ എമർജൻസി സിറ്റുവേഷൻ എന്റെ സഹോദരിമാർ നന്നായി ഹാൻഡിൽ ചെയ്തു. എന്റെ അച്ഛന്റെ പഴയ ഏതോ ഒരു ലുങ്കിയുടെ കഷ്ണം കീറിയെടുത്തു നാലായോ എട്ടായോ മടക്കി എന്റെ അടിവസ്ത്രത്തിനുള്ളിൽ തിരുകി വച്ചു തന്നുകൊണ്ട് അവർ എന്നെ സ്‌കൂളിലേക്ക് എന്നത്തേയും പോലെ പറഞ്ഞയച്ചു ; അക്കാലത്തിനുള്ളിൽതന്നെ സഹോദരിമാരുടെയും അമ്മയുടെയും ഒക്കെ ആർത്തവദിന മാനേജിങ് കണ്ടു ശീലിച്ചു വളർന്നത്കൊണ്ടാകും പ്രകടമായ ശാരീരികമാറ്റത്തിന്റെ എന്റെ ആ ദിനങ്ങൾ, അടിവസ്ത്രത്തിനുള്ളിൽ കട്ടിയുള്ള ഒരു തുണിക്കഷ്ണം കൂടെ വെച്ചിട്ടുണ്ട് എന്നതിന് പുറമെ മറ്റൊരു എക്സൈറ്റ്മെന്റുക ളും ഇല്ലാതെ ഞാനും മാനേജ് ചെയ്തു. ആ മാസം ഞാൻ ഉപയോഗിച്ച തുണിക്കഷ്ണങ്ങൾ വീട്ടിലെ ചവറുകളുടെ കൂടെ വെച്ച് രാത്രിയിൽ വെളിക്കിരിക്കാൻ കടൽത്തീരത്തേക്ക് പോയ ചേച്ചിമാർ കടലിൽ വലിച്ചെറിയുകയായിരുന്നു. ഒന്നോ ഒന്നരയോ ദിവസം മാത്രം നീണ്ട് നിന്ന എന്റെ ആദ്യത്തെ ആർത്തവചക്രത്തിലെ വെയ്സ്റ്റ് മാനേജ്മെന്റ് അത്ര പ്രശ്നപൂർണമായിരുന്നില്ല. എന്നാൽ പിന്നീട് അങ്ങോട്ട് ദുരിതത്തിന്റെ ഓരോ ചക്രങ്ങൾ ആയിരുന്നു എനിക്കവ.

വീട്ടിൽ മൂന്നാല് പെണ്ണുങ്ങൾക്ക് എല്ലാ മാസവും അഞ്ചാറ് കഷ്ണം തുണിക്കഷ്ണങ്ങൾ കീറിയെടുക്കാനും മാത്രം ഉളള ലുങ്കികൾ കണ്ടെത്തുക പ്രയാസമായത് കൊണ്ടാണ് എന്റെ സഹോദരിമാർ രാത്രികാലങ്ങളിൽ ആരുംകാണാതെ പൊതുകിണറ്റിൽ തീണ്ടാരിത്തുണി കഴുകി വീട്ടിലെയും അയൽവക്കത്തെയും ആണുങ്ങൾ കാണാതെ നേരം പുലരും മുന്നേ തന്നെ ഈർപ്പം മാറാത്ത ആ തുണികൾ എടുത്ത് വീട്ടിനുള്ളിൽ എവിടെയെങ്കിലും പാത്ത് വെക്കാറുള്ളത്, അടുത്ത മാസവും അവ ഉപയോഗിക്കാൻ വേണമല്ലോ. ഈ ഒരു നിർദ്ദേശം എനിക്കും കിട്ടിയിരുന്നു, തീണ്ടാരി ത്തുണികൾ രാത്രി പൊതുകിണറ്റിൽ ആണുങ്ങൾ ഒഴിയുന്ന നേരം നോക്കി കൊണ്ട് പോയി കഴുകണം. 

ഒരു ഏരിയയിൽ നൂറോ അതിലധികമോ വരുന്ന വീടുകൾക്കായി പഞ്ചായത്ത്‌ നിർമിച്ചു തന്നിട്ടുള്ള ആ പൊതുക്കിണറുകൾ ആയിരുന്നു ഞങ്ങളുടെ 'ഗ്രേറ്റ്‌ ബാത്ത്' ( സിന്ധുനദീതട സംസ്കാരത്തിലെ 'പൊതു സ്നാനം' ഈ നവീന യുഗത്തിലും ഞാൻ എക്സ്പീരിയൻസ് ചെയ്തവൾ ആണ് 😁 ) സ്ത്രീ ശരീരം പുരുഷൻമാർ കാണാതിരിക്കാനായി ഇരുട്ടിന്റെ മറവിൽ ആണ് ഞങ്ങൾ ( കുമാരികളും യുവതികളും ) പൊതുസ്നാനം ചെയ്തിരുന്നത് എന്ന ഒറ്റ വ്യത്യാസം മാത്രം. ആർത്തവചക്രം തുടങ്ങിയാൽ ശരീരത്തിന് ക്ഷീണമുണ്ടെങ്കിലും നേരം ഏറെ വൈകിയേ ഉറങ്ങാൻ കഴിയുമായിരുന്നുളൂ , കാരണം ; ഫുട്ബോൾ കളിച്ചു രസിച്ചു അവശരായി വരുന്ന നാട്ടിലെ ചേട്ടന്മാരിൽ അവസാനത്തെ ആളുടെയും കുളിയും തേവാരവും കഴിയാതെ നമ്മുടെ തീണ്ടാരിത്തുണി കഴുകി വെടിപ്പാക്കാൻ പറ്റുമോ, ഇരുട്ടിൽ കഴുകിയെടുക്കുന്ന തുണിയിൽ രക്തക്കറ ഭൂപടം തീർത്തിരിക്കുന്നത് കണ്ടാലും ആ പാടുകളുമായിത്തന്നെ പിന്നെയും ഒരു ആറേഴു മാസം ആ തുണി വെള്ളത്തിലും സോപ്പിലും ഇരുട്ടിലും കഴുകിയുണങ്ങി ഞങ്ങളുടെ കൂടെ ഉണ്ടാകും. എന്റെ ആർത്തവത്തിന് സൂര്യപ്രകാശവും വെളിച്ചവും ഫ്രഷ് എയറും നിഷേധിക്കപ്പെടുകയായിരുന്നു. ആർത്തവം പുരുഷൻ അറിയാൻ പാടില്ല എന്ന ഞങ്ങൾ സ്ത്രീകളുടെ ലജ്‌ജാബോധം കാരണം സ്ത്രീകളുടെ പേഴ്സണൽ ഹൈജീൻ തന്നെ റിസ്ക് ചെയ്യുകയായിരുന്നു. 

ഡിസ്പോസിബിൾ പാഡ്കൾ എനിക്കന്ന് അജ്ഞാതമായിരുന്നു, അറിയുമായിരുന്നെങ്കിലും സാമ്പത്തികനില അത്ര ഭദ്രമല്ലാതിരുന്നതിനാൽ എന്റെ അമ്മ അത് വാങ്ങിത്തരുമോ എന്നും ഉറപ്പില്ലായിരുന്നു. ബ്ലീഡിങ് കൂടുതൽ ആയാൽ നമ്മുടെ ഡ്രെസ്സിൽ ആയി കറ നാട്ടുകാർ കണ്ടാൽ നാണക്കേട് ആകുമല്ലോ എന്ന് ഓർത്ത് ആവശ്യമായതിലും അധികം തുണി മടക്കി വെച്ചാണ് ഈ ദിനങ്ങളെ നേരിട്ടത്, തുടയിടുക്കുകൾ തുണികൊണ്ട് ഉരഞ്ഞു വേദനയും അസ്വസ്ഥതയും സഹിച്ചു കാലുകൾ വേച്ചുവേച്ചു വെച്ച് നീങ്ങിയ ആ നാളുകൾ ഓർത്തെടുക്കുക അത്ര സുഖമുള്ള അനുഭവം അല്ല. വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് പൂവാർ സ്കൂളിൽ പഠിക്കുമ്പോൾ , സമരം നടന്ന ഒരു ദിവസം ബസ് ഇല്ലാതെ ഞങ്ങൾ അഞ്ചു കൂട്ടുകാരികൾ കാൽനടയായി വീട്ടിലേക്ക് മടക്കയാത്ര ചെയ്യുന്നു. തമാശകൾ പറഞ്ഞ് കളിച്ചു ചിരിച്ചു നടന്ന ഞങ്ങളിൽ ഒരുവൾ പെട്ടെന്ന് ഒരിടത്ത് സ്റ്റക്ക് ആയി നിൽക്കുന്നു, എത്ര വിളിച്ചിട്ടും മുന്നോട്ട് നടക്കുന്നില്ല, എന്താടി എന്ന് ചോദിച്ചപ്പോൾ, "എടീ അതിപ്പോ വീഴും എന്ത് ചെയ്യും" എന്ന് ജാള്യത കൊണ്ട് കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൾ. ആർത്തവദിനങ്ങൾ ആയിരുന്നു അപ്പോൾ അവൾക്ക് . പാഡ് ലോക്ക് ചെയുന്ന പാന്റീസ് അല്ല അവൾ ധരിച്ചിരുന്നതിനാൽ കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ പാന്റിയിൽ നിന്നും ആ തുണി തെന്നി മാറാൻ തുടങ്ങിയിരുന്നു, ഇനിയും നടന്നാൽ അത് താഴെ വീഴും, മറ്റുള്ളവർ കാണും, ഈ ഭൂമി പിളർന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകണം. ഞങ്ങൾ മറ്റു നാല് പേരും പറഞ്ഞു, സാരമില്ല നീ നടക്ക്, താഴെ വീഴുകയാണെങ്കിൽ ഞങ്ങൾ മറഞ്ഞു നിൽക്കാം നീ അത് പൊതിഞ്ഞെടുത്തു ബാഗിൽ വെക്കണം, വീട്ടിൽ ചെന്നിട്ട് കുളിച്ചു വൃത്തിയായാൽ മതി, അത് വരെ ബ്ലീഡിങ്ന്റെ വഴുവഴുപ്പും ഒട്ടലും നീ സഹിക്ക്. ആ നിമിഷങ്ങൾ അവൾക്കും ഞങ്ങൾക്കും ഒരു ട്രോമ തന്നെയായിരുന്നു. ബാക്കി ദൂരത്തിലെ നടത്തയിൽ ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ എന്ത് ചെയ്യാം എന്നായിരുന്നു ചർച്ച. ഒരു പോംവഴി കണ്ടെത്തി, പാന്റീസിൽ നീളത്തിനു വെക്കുന്ന തുണി മടക്കിന്റെ രണ്ടറ്റവും പാന്റീസുമായി ചേർത്ത് സേഫ്റ്റിപിൻ കൊണ്ട് കുത്തി ലോക്ക് ചെയ്യുക, അപ്പോൾ നടന്നാലും കിടന്നാലും ഓടിയാലും തുണി ഡിസ്ലൊക്കേറ്റഡാകില്ല . കട്ടിയുള്ള തുണിയെ പാന്റിയിൽ കുത്തിയിറക്കി പിൻ കൊണ്ട് ഭദ്രമാക്കുക, അബദ്ധത്തിൽ പിൻ കുത്തിയ സ്ഥാനം തുടകൾ കൂട്ടിമുട്ടുന്നതിന് സമീപത്താണെങ്കിൽ വാ തുറന്ന പിൻ കൊണ്ട് തുടയിലെ തൊലി പോകുക ഇതൊക്കെ ആർത്തവ ചക്രത്തിലെ വിരളമല്ലാത്ത വേദനയനുഭവങ്ങൾ ആയിരുന്നു, കൗമാരം വരെ സുന്ദരമായിരുന്ന തുടയിടുക്കുകൾ തീണ്ടാരിത്തുണികളെ ചുംബിച്ചു ചുംബിച്ചു കരുവാളിച്ചു പോയി, ശരീരത്തിൽ ഭംഗിയില്ലാത്ത ഒരിടമായി അത് മാറിക്കഴിഞ്ഞല്ലോ എന്നത് വേദനയേറ്റുന്ന ചിന്ത തന്നെയാണ്.

ഡിഗ്രിക്ക് ആൾസെയിന്റ്സ് ഹോസ്റ്റലിൽ എത്തിയതിൽപിന്നെയാണ് ഡിസ്പോസിബിൾ സാനിറ്ററി പാഡുകളുടെ ലോകം എനിക്ക് മുന്നിൽ അനാവൃതമാകുന്നത്. ഇപ്പോഴും തുണിയാണോ ഉപയോഗിക്കുന്നത് എന്ന് കൂട്ടുകാരികൾ കളിയാക്കുമല്ലോ എന്ന് ഓർത്തും കറകൾ പിടിച്ച തീണ്ടാരിത്തുണി മറ്റുള്ളവർ കാണേണ്ടി വരുമല്ലോ എന്ന ജാള്യതയിൽ നിന്നും രക്ഷ നേടാനുമായാണ് പാഡുകൾ ഉപയോഗിച്ച് തുടങ്ങിയത്, എങ്കിലും സ്റ്റേ ഫ്രീ, വിസ്പർ ഒക്കെ പരസ്യത്തിൽ കാട്ടുന്ന പോലെ, no looking back, no tension ഇതൊന്നും ആയിരുന്നില്ല പാഡുകൾ എനിക്കും എന്നെപ്പോലുള്ളവർക്കും. ആർത്തവകറ മറ്റുള്ളവർ, പ്രത്യേകിച്ചും പുരുഷൻമാർ കാണാൻ പാടില്ല എന്ന മിഥ്യാബോധം, സൈക്കോളജിക്കൽ ക്യാരി ഓവർ ആയി കൂടെപ്പോന്നിട്ടുണ്ട് ഈ Femcup ഉപയോഗിച്ച് തുടങ്ങും വരെ, ഇരിപ്പിടത്തിൽ നിന്നും എപ്പോൾ എണീറ്റാലും ഡ്രെസ് വലിച്ചു മുന്നോട്ടാക്കിയും, ലുക്കിങ് ബാക്ക് ചെയ്തും.

ബെഡ്ഷീറ്റിൽ കറയാകുമോ, ഇട്ടിരിക്കുന്ന വസ്ത്രത്തിൽ ആകുമോ തുടകളിൽ രക്തക്കറ ഒട്ടിപ്പിടിച്ചിരിക്കുമോ എന്നിങ്ങനെ നിരവധി എണ്ണം ആർത്തവ ബന്ധനചിന്തകളാൽ ഗുഡ് നൈറ്റ്, സുഖനിദ്ര ഇതൊക്കെ ആർത്തവദിനങ്ങളിൽ അന്യമായിരുന്നു. പാഡുകൾ എവിടെക്കളയും, ലാട്രിൻ ഫെസിലിറ്റി വുമൺ ഫ്രണ്ട്ലി അല്ലെങ്കിൽ എന്ത് ചെയ്യും എന്നതിനാൽ ദീർഘദൂര യാത്രകൾ എന്ന ചിന്തപോലും കീറാമുട്ടി ആയി തോന്നിയിട്ടുണ്ട് ഇങ്ങനെ ഇങ്ങനെ ഇനിയും എണ്ണിയാൽ ഒടുങ്ങാത്ത അസ്വസ്ഥതകളാൽ

ഇതുവരെയുള്ള എന്റെ ആർത്തവകാലങ്ങൾ എനിക്ക് അസുഖകരമായ ദിനങ്ങൾ ആയിരുന്നു. എന്നാൽ ഞാനിനിമുതൽ എന്റെ ആർത്തവകാലത്തെ പ്രണയിക്കുകയും ആഘോഷിക്കുകയും ചെയ്യാൻ പോകുകയാണ്, കാരണം ; സസ്‌റ്റൈനബിൽ, റീയൂസബിൽ, ഇക്കോഫ്രണ്ട്ലി more over, വുമൺ ഫ്രണ്ട്ലി ആയ Femcup എന്റെ ആർത്തവദിനങ്ങളെ ആനന്ദകരമായ സാധാരണ ദിനങ്ങൾ ആക്കിയിരിക്കുന്നു.

Why i want to promote Femcup !

1. നാളിതുവരെ ആർത്തവനാളുകൾക്ക് മാത്രം ഉപയോഗിക്കാൻ ഉളള പാന്റീസ്, സാധാരണ ദിനങ്ങൾക്കായുള്ള പാന്റീസ് ഇങ്ങനെ എന്റെ അടിവസ്ത്രം എനിക്ക് പ്രത്യേകം സൂക്ഷിക്കേണ്ടിയിരുന്നു, ക്ര്യത്യമായി femcup insert ചെയ്യുന്നതിൽ നിങ്ങൾ ജാഗ്രത കാണിച്ചാൽ സിറോ സ്റ്റെയിൻ ആണ് നിങ്ങളുടെ അടിവസ്ത്രങ്ങളിൽ, makes my periods wearings a normal day wearing.

2. ആർത്തവദിനങ്ങളിൽ സ്ത്രീ ശരീരത്തിൽ നിന്നുണ്ടാകുന്ന ദുർഗന്ധം ചുറ്റും നെഗറ്റീവ് എനർജിയാണ് പ്രസരിപ്പിക്കുന്നത് അതിനാലാണ് ക്ഷേത്രം പോലുള്ള സ്ഥലങ്ങളിൽ ആർത്തവപ്രായത്തിലുള്ള സ്ത്രീകളുടെ വരവ് വിലക്കുന്നത് എന്ന് ഒരു മുരട്ട് വാദം അങ്ങിങ്ങായി കണ്ടിട്ടുണ്ട്, ദുർഗന്ധം നെഗറ്റീവ് എനര്ജിയാണ് പ്രസരിപ്പിക്കുന്നത് എന്നത് മുഖവിലയ്ക്ക് മാത്രം എടുത്തുകൊണ്ട് പറയട്ടെ ആർത്തവരക്തം യോനിക്കുള്ളിൽ നിക്ഷേപിച്ചിരിക്കുന്ന femcup ൽ കളക്റ്റ് ചെയ്യപ്പെടുന്നതിനാൽ തുണിയോ പാഡിലോ കളക്റ്റ് ചെയ്യപ്പെടുന്ന ആർത്തവരക്തം അന്തരീക്ഷ വായുവുമായി കലർന്ന് അസുഖകരമായ ഗന്ധം ഉണ്ടാക്കുന്നില്ല, അതിനാൽ ആർത്തവനാളിലും സ്ത്രീ ശരീരത്തിന് സ്വാഭാവികമായ ഗന്ധം മാത്രം.

3. സ്ത്രീക്കും പുരുഷനും തുല്യത എവിടെയും വേണം സമ്മതിക്കുന്നു, ഇപ്പോഴേ ഇക്കണ്ട ആണുങ്ങൾ കേറി ശബരിമല ഒരു മാലിന്യക്കൂമ്പാരം ആയിട്ടുണ്ട്, പെണ്ണുങ്ങൾ പോയാൽ കുറച്ചൂടെ വെയ്സ്റ്റ് കൂടും, പരിസ്ഥിതിയെ രക്ഷിക്കാനായിട്ട് എങ്കിലും ജെണ്ടർ ഇക്വാളിറ്റിയുടെ പേരും പറഞ്ഞ് സ്ത്രീകൾ അങ്ങോട്ട് പോകരുത് എന്നാണ് എന്റെ നിലപാട് എന്ന പല പുരോഗമനകേസരികളും അഭിപ്രായപ്പെട്ടു കാണുന്നു. നിങ്ങൾ അത്ര കഷ്ടപ്പെട്ടു ജെണ്ടർ ഇക്വളിറ്റിയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് സംരക്ഷിക്കേണ്ട കാര്യം ഇല്ല. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഒരു വെയ്സ്റ്റും Femcup ഉപയോഗിക്കുന്ന സ്ത്രീയിൽ നിന്നും ആർത്തവം കാരണം ഉണ്ടാകുന്നില്ല. ആറോ ഏഴോ മണിക്കൂറിൽ പുറത്തെടുത്തു ടോയ്‌ലറ്റ് ബൗളിൽ ഒഴുക്കിക്കളയുന്ന നൂറോ നൂറ്റമ്പതോ മില്ലിലിറ്റർ രക്തം, വെള്ളം ഒഴിച്ച് കഴുകി തിരിയെ നിക്ഷേപിക്കുന്ന വിലപിടിപ്പുള്ള സിലിക്കൺ കപ്പ് നാലോ അഞ്ചോ വർഷത്തിലധികം ഞങ്ങൾക്ക് വീണ്ടും ഉപയോഗിക്കേണ്ടതാണ്, അത് ശബരിമലയിലോ പമ്പയാറ്റിലോ കളയാൻ പൈസ സ്ത്രീകൾക്ക് വെറുതെ കിട്ടുന്നതല്ല.

4 . ആർത്തവകാലത്ത് സ്ത്രീകൾ പാഡുകൾ ഉപയോഗിക്കുന്നത് ജോലി ചെയ്യുന്ന കമ്പനിയിലെ കക്കൂസിൽ നിക്ഷേപിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താൻ സ്ത്രീകളുടെ അടിവസ്ത്രം പൊക്കി പരിശോധന നടത്തിയ ഈ നാട്ടിൽ നിങ്ങളുടെ സെപ്റ്റിക് ടാങ്കുകൾ ഇനി ഞങ്ങൾ വലിച്ചെറിഞ്ഞ പാഡുകൾ കൊണ്ട് ബ്ലോക്കാക്കില്ല, നിങ്ങൾ ഒരു ദിവസം കുടിച്ച് ഉത്പാദിപ്പിക്കുന്ന മൂത്രമെന്ന വിസർജ്ജ്യത്തിന്റെ മുപ്പതിലൊന്നുപോലും വരില്ല, ഒരു ദിവസത്തെ ഞങ്ങളുടെ ആർത്തവ വിസർജ്ജ്യം. We are creating no blocks in your septic tanks.

5. ശരാശരി ബ്ലീഡിങ് ഉളള ഒരു സ്ത്രീക്ക് മാസത്തിൽ എട്ടു മുതൽ പത്ത് വരെ പാഡ്സ് വേണ്ടി വരുന്നു. 50 മുതൽ 80 രൂപ വരെ കണക്കാക്കിയാൽ വർഷം 700 രൂപ മുതൽ 800 രൂപ വരെ പാഡ്നായി ചെലവാകുന്നു. എന്നാൽ ഇതിന്റെ പകുതി വില മാത്രം ചെലവാക്കി നാല് വർഷത്തിലേറെ നമുക്ക് ഒരേ menstrual കപ്പ്‌ ഉപയോഗിച്ച് ആർത്തവം സാമ്പത്തികാഹ്ലാദം നിറഞ്ഞതായി മാറുന്നു.

6. തീണ്ടാരിതുണിയും പാഡും കത്തിച്ചും ജലസ്രോതസുകളിലേക്ക് എറിഞ്ഞോ മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ചോ പരിസ്ഥിതിക്ക് സ്ത്രീയുടെ ആർത്തവം മൂലം ഏറ്റുകൊണ്ടിരിക്കുന്ന മുറിവുകൾ അത് മുഴുവനായി ഉണക്കാൻ ഈ femcup കൊണ്ട് സാധിക്കുന്നു. പരിസ്ഥിതിയെ സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് മാത്രമേ തീണ്ടാരിത്തുണിയിൽ നിന്നും റീയൂസബിൾ, സസ്‌റ്റയ്‌നബിൾ ആയി ആർത്തവം നേരിടുന്ന മാർഗ്ഗങ്ങളെ ഉൾക്കൊള്ളാൻ കഴിയൂ.

7. ആർത്തവ കാലത്ത് ടോയ്ലറ്റ് യൂസ് ചെയ്യുമ്പോളും പാഡ് നനയാതെ സൂക്ഷിക്കുക എന്നത് വളരെ സൂക്ഷിച്ചു ചെയ്യണമായിരുന്നു, അല്ലെങ്കിൽ അധികം രക്തക്കറ പിടിക്കും മുന്നേ പുതിയൊരു പാഡ് വെക്കേണ്ടി വരും.ഇന്ന് ആർത്തവ കാലത്ത് femcup ഉപയോഗിക്കുമ്പോൾ സീറോ ലീക്കേജ് കാരണം അമ്യൂസ്‌മെന്റ് പാർക്കുകളിലോ, കടലിലോ പുഴയിലോ ഉള്ള ജലവിനോദങ്ങൾ എനിക്ക് മാറിയിരുന്ന്‌ ആസ്വദിക്കേണ്ട നിസ്സഹായത ഇല്ല എന്നു ഉറപ്പാണ്.

8. എണ്ണിയാൽ ഒടുങ്ങാത്ത വിധം മാനസിക ശാരീരിക, സാമൂഹിക സ്വാതന്ത്ര്യം എനിക്ക് പ്രദാനം ചെയ്യുന്ന ആധുനികതയുടെ ഈ സൗകര്യം നുകർന്നു കൊണ്ടാകട്ടെ 2019 ലെ വനിതാദിനം ഓരോ സ്ത്രീകളും സ്ത്രീകളെ സ്നേഹിക്കുന്നവരും ആഘോഷിക്കുന്നത്. രണ്ട് വർഷത്തിലേറെയായി ഈ menstrual കപ്പ്‌ ഉപയോഗിക്കുന്ന പല സ്ത്രീകളോടും സംസാരിച്ചതിൽ നിന്നും, യാതൊരു വിധ health hazard ഉം ഇല്ലാത്ത ഒരു ഉത്പന്നമാണ് menstrual cup എന്ന് ഉത്തമബോധ്യത്തിൽ എന്റെ സ്ത്രീ സുഹൃത്ത്ക്കൾക്ക് ഞാൻ femcup സജസ്റ്റ് ചെയ്യുന്നു,.

Have happy periods time always.

My hearty, lovely, sweet women's day wishes to all ladies.

MORE IN SPOTLIGHT
SHOW MORE