'നിന്നെ കെട്ടിച്ചയക്കാൻ വേണ്ടി മാത്രമാടീ പഠിപ്പിക്കാൻ..’: അപഹസിക്കുന്ന അധ്യാപകര്‍: കുറിപ്പ്

students3
പ്രതീകാത്മക ചിത്രം
SHARE

വിദ്യാർഥികളോടുള്ള അധ്യാപകരുടെ മോശമായ സമീപനത്തെക്കുറിച്ച് പറയുകയാണ് ഡോ. വീണ ജെഎസ്. മുൻവിധിയോടുകൂടി വിദ്യാർഥികളെ വിലയിരുത്തുകയും വ്യക്തപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന അധ്യാപകരെക്കുറിച്ചാണ് ഡോക്ടറുടെ കുറിപ്പ്. കുറച്ച് തടിച്ച വിദ്യാർത്ഥിനികളെ കാണുമ്പോൾ "നിന്നെയൊക്കെ കെട്ടിച്ചയക്കാൻ വേണ്ടി മാത്രമാടീ പഠിപ്പിക്കാൻ വിടുന്നത്".എന്നൊക്കെയാണ് ചില അധ്യാപകരുടെ തുറന്നു പറച്ചിൽ. 

നിനക്കൊക്കെ ഹോർമോൺ കൂടുതലാണ്, ഓഹ് ആണല്ല അല്ലെ. ട്രാൻസ് "ആവാനാണോ" ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകൾ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. "ആ മാഷെ സ്ഥലം മാറ്റാൻ പറ്റുമോ" എന്നുവരെ ചോദിച്ച കുട്ടികൾ ഉണ്ട് ! "എന്നും ഡോക്ടർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

 

ഡോക്ടർ വീണ ജെഎസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

ഏതോ ഒരു കേയി സ്കൂളിലെ ഏതോ ഒരു കസിമാഷിന് തടിച്ച വിദ്യാർത്ഥിനികളെ കാണുമ്പോൾ മാത്രം ഒരു ഡയലോഗ് വരുമത്രെ. (പേര് വളരെ സാങ്കൽപ്പികം എന്ന് പ്രത്യേകം പറയണ്ടല്ലോ) തലസ്ഥാനനഗരിയിലല്ല ഈ കേയി എന്ന് പ്രത്യേകം പറയാമെ!!!

ഡയലോഗ് ഇതാണ്. "നിന്നെയൊക്കെ കെട്ടിച്ചയക്കാൻ വേണ്ടി മാത്രമാടീ പഠിപ്പിക്കാൻ വിടുന്നത്". കുട്ടികൾ ഇത് വീട്ടിൽ പോയി അറിയിച്ചിട്ടും പ്രതികരിക്കാൻ, കേസ് കൊടുക്കാൻ ഇറങ്ങാത്ത ആ വൃത്തികെട്ട രക്ഷിതാക്കളെ ഓർത്ത് ലജ്ജ തോന്നുന്നു.

തടിച്ചശരീരം വിവാഹത്തിനുള്ളതാണെന്ന ചിന്തയുള്ളവനെ അധ്യാപകനായി തുടരാൻ അനുവദിക്കുന്നത് എങ്ങനെയാണ്? തടിച്ചശരീരമുള്ള "പെൺകുട്ടികൾ" മാത്രമാണ് ഇയാൾക്ക് പ്രശ്നം എന്ന് തോന്നുന്നു. തടിച്ച ശരീരമുള്ള ആൺകുട്ടികൾ ഇയാൾക്കൊരു പ്രശ്നമല്ലാത്തത് അയാളുടെ ഭാഗ്യം. ആൺപിള്ളേർ നല്ല തല്ലുകൊടുത്തോ ചീത്ത വിളിച്ചോ അയാളെ ഒതുക്കുമായിരുന്നല്ലോ. ഇതിപ്പോ പെൺകുട്ടികൾ ആയതുകൊണ്ട് പ്രതികരിക്കാൻ രക്ഷിതാക്കളോ PTAയൊ തന്നെ മുന്നിട്ടിറങ്ങണം. എത്ര പരാജിതരായാണ് നമ്മൾ പെൺകുട്ടികളെ വളർത്തിയെടുക്കുന്നത് :(

കഴിഞ്ഞ വർഷം അറ്റൻഡ് ചെയ്തിട്ടുള്ള മിക്ക സ്‌കൂളുകളിലെയും കോളേജുകളിലെയും കുട്ടികൾക്ക് പുറത്തുള്ള പീഡനങ്ങളെക്കാൾ പറയാനുണ്ടായിരുന്നത് സ്വന്തം സ്കൂളിലെ പീഡനങ്ങൾ ആയിരുന്നു. നല്ല അധ്യാപകർ കുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ അവരെ പ്രത്യേകമായി പീഡിപ്പിക്കുന്ന വിദ്യയും മോശം അധ്യാപകർ കാണിക്കുന്നുണ്ട്.

പല പെൺകുട്ടികളുടെയും ഒരു പ്രശ്നം അവരുടെ മുടിക്ക് മേലുള്ള കടന്ന് കയറ്റമാണ്. മുടി കെട്ടിയില്ലെങ്കി പ്രശ്‌നമില്ലെന്ന് കോടതി പ്രസ്താവിച്ചാലും അധ്യാപകകോടതിയിൽ അത് അംഗീകരിക്കില്ല. മുടി വളർത്തുന്ന ആൺകുട്ടികളോടും ക്രൂരമായാണ് ഇടപെടുന്നത്.

1)നിനക്കൊക്കെ ഹോർമോൺ കൂടുതലാണ്

2)ഓഹ് ആണല്ല അല്ലെ

3)ട്രാൻസ് "ആവാനാണോ" ഉദ്ദേശ്യം എന്നിങ്ങനെയുള്ള അതിക്രമഡയലോഗുകൾ ആണ് പല അധ്യാപകരും ഉപയോഗിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. "ആ മാഷെ സ്ഥലം മാറ്റാൻ പറ്റുമോ" എന്നുവരെ ചോദിച്ച കുട്ടികൾ ഉണ്ട് ! "അയ്യോ പോകുന്നിടത്തുള്ള പിള്ളേർക്ക് പണിയാകും, നമ്മക്കിപ്പോ ശീലമായില്ലേ" എന്ന മറുപടിയും അതേ കുട്ടിക്കൂട്ടത്തിൽനിന്നും പൊങ്ങിവന്നു :(

പ്രതികരിക്കുന്ന കുട്ടികളെ ഇതുവരെ നിലവിൽ വന്നിട്ടില്ലാത്ത നിയമങ്ങൾ പറഞ്ഞ്പേടിപ്പിച്ചൊതുക്കുന്ന വില്ലന്മാരും ഉണ്ട്. ഉദാഹരണത്തിന്, പണ്ടെങ്ങാനും ഒരു fb പോസ്റ്റിട്ടപ്പോ, ആ പോസ്റ്റിട്ടതിന് എന്നെയും ആ പോസ്റ്റ്‌ ലൈക്‌ ചെയ്തവരെയും പോലീസ് പിടിക്കുമെന്നും പറഞ്ഞ് വിദ്യാർത്ഥികളെക്കൊണ്ട് എന്നെ unfriend ചെയ്യിച്ചു പോസ്റ്റ്‌ unlike ചെയ്യിച്ച വിദഗ്ധർ ;)

കുട്ടികൾക്ക് അധ്യാപകരെക്കുറിച്ചുള്ള രഹസ്യഅഭിപ്രായങ്ങൾ പരസ്യമായി എഴുതിവെക്കാനുള്ള ചുമരുകൾ ഉണ്ടാവണം. സ്കൂളുകളിൽ അവ ചർച്ച ചെയ്യപ്പെടണം. കുട്ടികളെ പഠിപ്പിക്കാനാണ് ശമ്പളം വാങ്ങുന്നത്, പീഡിപ്പിക്കാൻ അല്ല എന്ന് അധ്യാപകരെ ആരെങ്കിലും ദിവസവും ഓർമിപ്പിക്കണം എന്ന് തോന്നുന്നു. ബോധമുള്ള ആരെങ്കിലും Gender, human rights and SOGIE അധ്യാപകരെ പഠിപ്പിക്കണം.

ഇവിടെ പരാമർശിച്ച സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്ന ചോദ്യങ്ങൾ മുന്നോട്ടുവെക്കുന്ന പരീക്ഷകൾ അധ്യാപർക്ക് വേണ്ടി നടത്തണം. സ്കൂളിൽ ഇൻസ്‌പെക്ഷൻ നടക്കുമ്പോൾ ഉത്തരക്കടലാസുകൾ പ്രദർശിപ്പിക്കണം. വിദ്യാർഥികളുടെ മുഖത്തുവിരിയുന്ന ഭാവങ്ങളും അവർ പറയുന്ന അഭിപ്രായങ്ങളും മാത്രം ആവണം ആ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തേണ്ടത് :) സ്വയം മാറാനുള്ള അവസരം അധ്യാപകർക്കും ലഭിക്കട്ടെ. അല്ലാതെ, കുട്ടികളുടെ feed back form നിർബന്ധിച്ചെഴുതിവാങ്ങി ചടങ്ങ് തീർക്കുന്ന പരിപാടി വർഷാവസാനം ചെയ്യുന്നത് കൊണ്ട് രാഷ്ട്രപുനർനിർമാണപ്രക്രിയയിൽ നിങ്ങളൊരുകോപ്പും ചെയ്യുന്നില്ലെന്ന് മനസിലാക്കുക.

മൊബൈൽ വേട്ടക്കാരായ അധ്യാപകരും ഉണ്ടത്രേ. മേൽപ്പറഞ്ഞ കേയിയിലെ ഒരധ്യാപകൻ ഏതോ ഒരു കുട്ടിയുടെ ഫോൺ പരിശോധിക്കുകയും (ചേട്ടന്റെ ഫോൺ) അതിലെ ചാറ്റുകൾ വായിച്ച് കുട്ടിയെ അപമാനിക്കുകയും ചെയ്തെന്നറിയുന്നു. (സെന്റ്ഓഫ്‌ പരിപാടിയുടെ അന്ന് ഫോൺ അനുവദിക്കപ്പെട്ടിരുന്നു). അപമാനം സഹിക്കാതെ കുട്ടി ആ ഫോൺ വേണ്ടെന്ന് പറഞ്ഞുപോയി. ഒടുവിൽ രക്ഷിതാവ് വന്നാണ് ഫോൺ വാങ്ങിയതത്രേ.

ചെറിയ പ്രായത്തിലോ വലിയ പ്രായത്തിലോ ആവട്ടെ, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ലേ പറഞ്ഞ് കൊടുക്കേണ്ടത്??? അന്യന്റെ ഫോണിലെ ചാറ്റ് നോക്കുക പോയിട്ട് ആ ചാറ്റ്ബോക്സ്‌ ഒന്ന് തുറക്കുക പോലും ചെയ്യരുത് എന്നല്ലേ കുട്ടികളെ പഠിപ്പിക്കേണ്ടത്??

പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ആ അധ്യാപകൻ നിങ്ങൾക്കൊരു പാഠമാകട്ടെ. ആരാന്റെ ചാറ്റ്റൂമുകളിലേക്കും ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും കണ്ണുംനട്ടിരിക്കാനും അതുപയോഗിച്ചു നിങ്ങളെ വിഷമിപ്പിക്കാനും വേട്ടയാടാനും അയാളെപ്പോലുള്ള ഒരുപാട് പേരുണ്ട് ഈ ലോകത്തിൽ. അതുകൊണ്ട്തന്നെയാണ് ഡിജിറ്റൽ മീഡിയ ശാപമാകുന്നത്.

മൊബൈൽ ഫോൺ വിഷയത്തിൽ പണ്ടെങ്ങാണ്ട് എഴുതിയ പോസ്റ്റ്‌ സ്വയം കുത്തിപ്പൊക്കി നിങ്ങളെയും എന്നെയും കോരിത്തരിപ്പിക്കാനുള്ള അവസരമായും ഞാൻ ഇവിടെ കമന്റ്ബോക്സ്‌ ഉപയോഗിക്കുന്നു. ;)

റബ്ബർ പോലെയുള്ള പിള്ളേരെ റബ്ബർബാൻഡിൽ കുടുക്കി തെറിപ്പിച്ചുവേദനിപ്പിച്ചു കളിക്കാതെ, അവരെ നല്ല കോലത്തിലാക്കി നല്ല വഴിക്ക് തിരിക്കാൻ കഴിയുന്ന അധ്യാപകർ ആയിരുന്നു ഇവിടെ ഭൂരിഭാഗമെങ്കിൽ നമ്മക്കീക്കണ്ട മലസംരക്ഷണയാത്രകൾ കാണേണ്ടിവരില്ലായിരുന്നു, സഭയെ നന്മ പഠിപ്പിക്കാൻ കുറച്ചു കന്യാസ്ത്രീകൾക്ക് സമരം ചെയ്യേണ്ടിവരില്ലായിരുന്നു. പിസിയെ പോലുള്ള ചിലർ നിരന്തരമായി വൃത്തികെട്ട ""തമാശകൾ"" പറഞ്ഞ് നമ്മളെ ഞെട്ടിക്കില്ലായിരുന്നു. അന്തമില്ലാത്ത ഇത്തരം എഴുത്തുകൾ ഉണ്ടാവില്ലായിരുന്നു !!! തേങ്ക്സ് ഉണ്ട് മലരുകളേ ;)

ഭാഷ ഒന്ന് ശെരിയാക്കണം എന്നുപദേശിക്കാൻ വരുന്നവരോട് കൂടുതൽ പറയാനുണ്ട്. ഈ ഭാഷ ഉള്ളതുകൊണ്ട് തന്നെയാണ് പലർക്കും പൊള്ളുന്നത്. നൈസായി ചൊറിയാൻ തത്കാലം ആഗ്രഹിക്കുന്നില്ല. വീണ പറയുന്നത് ബാക്കിയുള്ളവർ accept ചെയ്യണമെങ്കിൽ ഭാഷ നന്നാക്കണം എന്നാണ് ചിലർ പറയുന്നത്. ഒരിക്കലും നന്നാക്കാൻ പറ്റാത്തവരെ നന്നാക്കാൻ അല്ല ഭായ് നമ്മ ഈ എഴുതുന്നത്. ഭാഷ കൊണ്ട് ജാതിയും മതവും കൂട്ടവും ഭൂതവും ബോധവും ഭാവിയുമെല്ലാം നിർണയിക്കുന്നതരം ആളുകളെ ഈ പരിസരത്തോട്ട് കാണാൻ ഞാൻ താല്പര്യപ്പെടുന്നുമില്ല. എങ്ങനെയൊക്കെ ഒരുമ്പെട്ട് ജീവിച്ചാൽ മറ്റുള്ളവർ നമ്മടെ തലയിൽ കയറി നമ്മടെ തലച്ചോറ്തന്നെ തിന്നുപരിപോഷിക്കുന്നത് ഒഴിവാക്കാം എന്ന് ഒരാളെയെങ്കിലും മനസിലാക്കിക്കാൻ പറ്റുമോ എന്ന് മാത്രമേ ഈ ഭാഷ കൊണ്ടും എഴുത്തുകൊണ്ടും ഞാൻ അന്വേഷിക്കുന്നുള്ളു.

MORE IN SPOTLIGHT
SHOW MORE