ഇൗ അധോലോകത്തേക്ക് സ്വാഗതം, കൊട്ടും പരിഹാസവുമായി കലക്ടർ ബ്രോയുടെ അഭിനന്ദനം

prasanth-nair
SHARE

പുതിയ സിവിൽ സർവീസ് ബാച്ചിന് ആശംസനേരുന്നതോടൊപ്പം നിലൽക്കുന്ന സിസ്റ്റത്തെ കണക്കിന് കൊട്ടി കലക്ടർ ബ്രോ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടർ നിലപാട് വ്യക്തമാക്കിയത്. ഇത്‌ വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ എന്ന് ആശംസ നേർന്ന് കലക്ടർ പറഞ്ഞു. അപ്രിയ ശരികൾ ചെയ്യുമ്പോൾ കണക്കിന് കിട്ടുമെന്നും പ്രമാണിമാരെ കൃത്യമായി ഗൗനിച്ചില്ലെങ്കിൽ തഴയപ്പെടുമെന്നും പോസറ്റിൽ പരോക്ഷമായി പുതുതലമുറയോട് പ്രശാന്ത് നായർ പറയുന്നുണ്ട്.

കുറിപ്പ് വായിക്കാം

'അപ്രിയമായ ശരികൾ ചെയ്യുമ്പോൾ ചൊറിയപ്പെടാനും, പ്രമുഖർക്ക്‌ നോവുമ്പൊൾ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടർക്ക്‌ ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോൾ ഇടംകാലുകൊണ്ട്‌ തൊഴിച്ച്‌ സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസർ വേണം, പോരുന്നോ എന്റെ കൂടെ' എന്ന് ലാലേട്ടൻ മോഡിൽ UPSC ചോദിച്ചപ്പൊ ചാടി വീണ എല്ലാർക്കും സ്വാഗതം. ഇക്കൊല്ലം സിവിൽ സർവീസ്‌ പരീക്ഷ പാസ്സായ എല്ലാർക്കും അഭിനന്ദനങ്ങൾ. 

മുൻപ്‌ പലപ്പൊഴും പറഞ്ഞ പോലെ, ഇത്‌ വെറും ജോലിയായി കാണാതെ നിങ്ങൾക്കോരോരുത്തർക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത്‌ അപൂർവ്വമായി കിട്ടുന്ന അവസരമാണെന്ന് ഓർക്കുക. 10 ലക്ഷം പേർ ശ്രമിച്ചിട്ട്‌ നിങ്ങൾ കുറച്ചു പേരാണ്‌ തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓർക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാൻവാസ്‌ മറ്റൊരു ജോലിക്കും തരാനാവില്ല. അത്‌ മനസ്സിലാക്കുക.

വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷൻ സമയത്ത്‌ കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേർ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ട്‌. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന മാരത്തോൺ പരീക്ഷ നിശ്ചയദാർഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്‌. പ്രതിബന്ധങ്ങൾക്ക്‌ നടുവിലും ശരിയും നന്മയും ചെയ്യാൻ ഈയൊരു മനക്കരുത്ത്‌ തുടർന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആൾക്കാർ കാണും. നിങ്ങൾ തന്നെയാണ്‌ നിങ്ങളുടെ വഴികാട്ടി.

ഒന്നേ പറയാനുള്ളൂ, സിവിൽ ആയിരിക്കണം, സിവിൽ സർവന്റായിരിക്കണം, സിവിൽ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക്‌ നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്‌.

MORE IN SPOTLIGHT
SHOW MORE