ഡോക്ടറുടെ സാഹസികത കരകയറ്റിയത് രണ്ട് ജീവനുകളെ..! വായിച്ചറിയണം ഈ ധീരത

dr-wakid
ഡോ. വഖീദ്
SHARE

‘...അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല. രക്തം നേരിട്ട് കൊടുക്കുന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി. പിന്നെ അതിസാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറ്റി. കാറ്റിനെയും കടലിനെയും വെല്ലുവിളിച്ച് ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു...’ സിനിമകളിലും കഥകളിലും എഴുതിവയ്ക്കാന്‍ എളുപ്പമാണ് ഇതുപോലയുള്ള അനുഭവങ്ങള്‍. അതുപക്ഷേ ജീവിതത്തില്‍ പകര്‍ത്തി ലോകത്തിന് കാണിച്ചുതന്നിരിക്കുകയാണ് ഈ ഡോക്ടര്‍. അനിതരസാധാരണമായ മനോധൈര്യത്തിന് ഇതില്‍പ്പരം മറ്റെന്ത് ഉദാഹരണമുണ്ട് നമ്മുടെ മുന്നില്‍..? 

ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ സ്ത്രീയുടെ പ്രസവത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ അതിസാഹസികമായി അതിജയിച്ച ഡോക്ടറാണ് ഇനി താരം. ഡോക്ടറുടെ ഇടപെടലിനെ തുടർന്ന് മരണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി അഗത്തി ദ്വീപിലെ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്. ഡോ. വഖീദിന്റെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിച്ച് സുഹൃത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു കുറിപ്പിനെ തുടർന്നാണ് അസാമാന്യമായ ഇടപെടല്‍ ലോകം അറിഞ്ഞത്. കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടറുടെ ജൂനിയർ ആയി പഠിച്ചിരുന്ന അനസ് സാലിയുടെ കുറിപ്പ് ചുവടെ. 

ഇത് ഒരു സിനിമ കഥ അല്ല . ഇതൊരു ഹീറോയുടെ മാത്രം കഥ ആണ്. ഇന്നലെ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു, പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. രക്തം വാർന്നു പോയ്കൊണ്ടിരിക്കുന്നു. ഹീമോഗ്ലോബിൻ 3 (അതായതു ആവശ്യമുള്ള രക്തത്തിന്റെ നാലിൽ ഒന്ന് ) ആയി കൊണ്ടിരിക്കുന്നു. ദ്വീപിൽ നിന്നും രോഗിയെ എയർലിഫ്ട് ചെയ്യണം. പക്ഷെ, സമയം 5.30 രാത്രി ആയതുകൊണ്ട് ഹെലികോപ്റ്റർ ദ്വീപിൽ ഇറങ്ങില്ല. Dr wakid ആയിരുന്നു ഡ്യൂട്ടിയിൽ. 

അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല. രക്തം നേരിട്ട് കൊടുക്കുന്ന പഴയ രീതിയിൽ രക്തം കൊടുക്കാൻ തുടങ്ങി. പിന്നെ അതിസാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കൂടെ കയറ്റി. കാറ്റിനെയും കടലിനെയും വെല്ലുവിളിച്ച് ആ ബോട്ടിൽ രോഗിയെ കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. ലെഫ്റ് ഫോർവേഡിൽ നിന്ന്, കാലിൽ നിന്നും വെടിയുണ്ട പായിക്കുന്ന കോട്ടയം മെഡിക്കൽ കോളേജിലെ എന്റെ സീനിയർ wakid നെ മാത്രമേ ഞാൻ കണ്ടിട്ടുളളൂ. പക്ഷെ ഇത് കേട്ടപ്പോൾ എനിക്ക് ഒന്നേ പറയുന്നുള്ളു.... ബിഗ് സല്യൂട്ട് wakid ഭായ്. ഒരു ഡോക്ടറുടെ ജീവിതത്തിൽ ഉള്ള അഭിമാന നിമിഷം തന്നെ ആണിത്.

വാഖിദിന്‍റെയും അനസിന്‍റെയും സുഹൃത്തായ ഡോ. ജിനേഷ് എഴുതിയ കുറിപ്പ് കൂടി വായിക്കാം

അനസ്സിന്റെ മെസേജ് കണ്ടപ്പോഴാണ് സംഭവമറിഞ്ഞത്. അറിഞ്ഞ ഉടനെ വാക്കിദിനെ വിളിച്ചു. ആള് ടെൻഷനടിച്ചിരിക്കുകയാണ്.

ഹോസ്റ്റലിൽ താമസിക്കുമ്പോൾ ഞങ്ങളെല്ലാം ഒരു കുടുംബമായിരുന്നു. "ഖസാന" എന്നു പേരുള്ള ഒരു കുടുംബം. കളികളായിരുന്നു ജീവൻ. ഇന്നത് എന്നൊന്നുമില്ല, വൈകിട്ട് നാലുമുതൽ തുടങ്ങുന്ന കളികൾ ചിലപ്പോൾ രാവിലെ നാലുമണി വരെ നീളും. ഫുട്ബോളിൽ മെഡിക്കൽ കോളേജിലെ ഗട്ടൂസോ ആയിരുന്നു വാക്കിദ്.

രാത്രിയിൽ ഹോസ്റ്റലിനുള്ളിലെ കോറിഡോർ ക്രിക്കറ്റും ടേബിൾടെന്നീസും ക്യാരംസും, വളരെ വിരളമായി ചീട്ടുകളിയും. മെസിലെ മൈദാമാവ് ആണ് കാരംസിന്റെ പൗഡർ. ബോർഡിന് ചുറ്റും ക്യൂവാണ്. അതൊരു കാലം.

ഇന്ന് പറയാനുള്ളത് മറ്റൊരു സംഭവമാണ്.

ഇന്നലെ ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ ഒരു ഗർഭിണി പ്രസവിച്ചു, പക്ഷെ മറുപിള്ള പുറത്തു വരുന്നില്ല. നിലക്കാത്ത രക്തസ്രാവം. ഹീമോഗ്ലോബിൻ 3 മാത്രം, അതായതു ആവശ്യമുള്ളതിന്റെ നാലിൽ ഒന്ന് പോലുമില്ല.

രോഗിയെ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കേണ്ടതുണ്ട്. അതിനായി ദ്വീപിൽ നിന്നും രോഗിയെ എയർലിഫ്ട് ചെയ്യണം. പക്ഷേ രാത്രി ഹെലികോപ്റ്റർ ദ്വീപിൽ ഇറക്കാൻ സാധിച്ചില്ല.

വാക്കിദായിരുന്നു അന്നവിടെ ഡ്യൂട്ടി ഡോക്ടർ.

അമ്മയുടെ പ്രഷർ താണ് തുടങ്ങി. ദ്വീപിൽ ബ്ലഡ്ബാങ്കില്ല. എങ്ങനെയൊക്കെയോ മാച്ചിംഗ് ആയുള്ള ആളെ കണ്ടു പിടിച്ച് രക്തം ശേഖരിച്ചു. സാഹസികമായി രോഗിയെ സ്പീഡ് ബോട്ടിൽ കയറ്റി. രക്തം നൽകിക്കൊണ്ട് തന്നെ കാറ്റിനെയും കടലിനെയും വെല്ലു വിളിച്ച് കൂടുതൽ സൗകര്യങ്ങൾ ഉള്ള അഗത്തി ദ്വീപിൽ എത്തിച്ചു.

ഇപ്പോൾ വക്കിദുമായി സംസാരിച്ചതേ ഉള്ളൂ. അമ്മയ്ക്ക് ശസ്ത്രക്രിയ നടക്കുന്നു. കുഞ്ഞ് സുഖമായിരിക്കുന്നു. "ദ്വീപിൽ ഒരു ബ്ലഡ് ബാങ്ക് എങ്കിലും ഉണ്ടായിരുന്നെങ്കിൽ" എന്നു മാത്രമാണ് വാക്കിദ് പറഞ്ഞത്. ശസ്ത്രക്രിയയുടെ വിവരമറിയാൻ ആൾ കാത്തിരിക്കുകയാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ ഫുട്ബോൾ ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും അഭിവാജ്യ ഘടകം ആയിരുന്ന വാക്കിദിനെ എല്ലാവരും അന്ന് അറിയുമായിരുന്നു. പക്ഷേ ഇത്രയധികം ലിമിറ്റേഷനുകൾക്കുള്ളിൽ നിന്ന് ജോലിചെയ്യുന്ന ഇച്ഛാശക്തിയുള്ള ഒരു ഭിഷഗ്വരനായ വാക്കിദിനെ ആരും അറിയില്ല. ഇവരൊന്നും സമൂഹത്തിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവരല്ല.

എം ആർ വാക്സിനേഷൻ യജ്ഞത്തിന്റെ വിജയത്തിനായി സ്വന്തം ശരീരത്തിൽ വാക്സിൻ കുത്തിവെച്ച് ജനങ്ങളുടെ സംശയ ദൂരീകരണം നടത്തിയ ഷിംനയും, ജീവൻ പണയം വെച്ച് മരണം മുന്നിൽ കണ്ട രോഗിയുമായി സ്പീഡ് ബോട്ടിൽ അർദ്ധരാത്രി കിലോമീറ്ററുകൾ യാത്ര ചെയ്ത വാക്കിദും ഒക്കെ പ്രതിബിംബങ്ങളാണ്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന യുവ മെഡിക്കൽ സമൂഹത്തിന്റെ പ്രതിബിംബങ്ങൾ. പത്രങ്ങളും മാധ്യമങ്ങളും സർക്കാർ അവാർഡുകളും സമൂഹത്തിലെ വെള്ളിവെളിച്ചത്തിൽ നിൽക്കുന്നവർക്ക് മാത്രം പ്രാപ്യമാണ്. സേവന സന്നദ്ധരായ യുവാക്കൾക്ക് അവിടെ സ്ഥാനം ഉണ്ടാകാറില്ല. പക്ഷേ, സാമൂഹ്യ മാധ്യമങ്ങൾ എങ്കിലും അവരെ തിരിച്ചറിയണം. എന്റെ സുഹൃത്തുക്കളെങ്കിലും അവരെ തിരിച്ചറിയും എന്ന് കരുതുന്നു.

വിവരം പങ്കുവെച്ച അനസിന് നന്ദി.

ആ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന വാർത്ത കേൾക്കാൻ നമുക്കും കാത്തിരിക്കാം.

MORE IN SPOTLIGHT
SHOW MORE