നാളെ ഉലകനായകന്‍റേതോ..? തമിഴകം കാത്തുവച്ച തിരിവുകള്‍; ആകാംക്ഷ

PTI2_2_2013_000241B
Chennai: Actor Kamal Hassan addresses media after meeting Home Secretary R Rajagopal and some Muslim organisation regarding the controversial movie 'Vishwaroopam', in Chennai on Saturday. PTI Photo by R Senthil Kumar (PTI2_2_2013_000241B)
SHARE

തമിഴ് രാഷ്ട്രീയ ഭൂമികയിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. ഏറെക്കാലം കോണ്‍ഗ്രസ് ശക്തമായിരുന്ന തമിഴ്നാട്ടില്‍ 1967ലാണ് അണ്ണാ ദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ പാര്‍ട്ടിയായ ഡി.എം.കെ അധികാരത്തില്‍ എത്തുന്നത്. അണ്ണായ്ക്ക് ശേഷം എം.ജി.ആറും കരുണാനിധിയും ജയലളിതയും ദ്രാവിഡ കോട്ടയുടെ കാവല്‍ക്കാരായി.

ഡി.എം.കെ വിട്ട് എം.ജി.ആര്‍ അണ്ണാ ഡി.എം.കെ രൂപീകരിക്കുമ്പോള്‍ തമിഴ് സിനിമയിലെ ജ്വലിക്കുന്ന താരമായിരുന്നു എം.ജി.ആര്‍. സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ആഴമുള്ള ബന്ധം തുടങ്ങുന്നത് കരുണാനിധിയിലൂടെയാണ്. പിന്നീടത് എം.ജി.ആറിലൂടെ കൂടുതല്‍ ദൃഢമായി. മുഖ്യമന്ത്രിക്കസേരയില്‍ എത്തിയപ്പോള്‍ പോലും കരുണാനിധി സിനിമയ്ക്കായി എഴുതിയിരുന്നു. സജീവ രാഷ്ട്രീയക്കാരനായപ്പോള്‍ എം.ജി.ആര്‍ സിനിമ നിര്‍ത്തി. പക്ഷേ മുഖ്യമന്ത്രിയായതിന് ശേഷം അഭിനയിച്ചില്ലെങ്കിലും എം.ജി.ആറിന്‍റെ സിനിമകള്‍ റിലാസ് ചെയ്തിരുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ ജയലളിതയും കരുണാനിധിയും തമിഴ്നാടിന്‍റെ രാഷ്ട്രീയ ബിംബങ്ങളായി. പിന്നീട് തമിഴ്നാട്ടില്‍ പരസ്പര വിദ്വേഷത്തിന്‍റെയും പകപോക്കലുകളുടെയും രാഷ്ട്രീയ കാറ്റ് വീശിയടിച്ചു. പോരടിച്ച് പോരടിച്ച് ഇരുവരും ജയവും പരാജയവും ഒരുപോലെ അനുഭവിച്ചറിഞ്ഞു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയലളിതയുടെ മരണം 2016 ഡിസംബര്‍ അഞ്ചിനായിരുന്നു. കരുണാനിധി അസുഖബാധിതനായി പൂര്‍ണ വിശ്രമത്തിലുമാണ്. ജയലളിതയുടെ വിയോഗത്തോടെ തമിഴ് രാഷ്ട്രീയത്തിന്‍റെ കെട്ടഴിഞ്ഞു. 

kamal-rajini

വിമര്‍ശനങ്ങളിലൂടെ തുടക്കം

അങ്ങനെയിരിക്കെയാണ് കമല്‍ഹാസന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തുവരുന്നത്. രാഷ്ട്രീയത്തിലിറങ്ങാനുള്ള പരിവര്‍ത്തനമായി അതിനെ  നിരീക്ഷകര്‍  കണ്ടിരുന്നെങ്കിലും  നിലപാട് തുറന്നുപറയാന്‍ കമല്‍ഹാസന്‍ തയ്യാറായിരുന്നില്ല. പതിയെ പൊതുവേദികളില്‍ സജീവമായ കമല്‍ രാഷ്ട്രീയ നിലപാടുകള്‍ കൂടുതലായി വ്യക്തമാക്കി തുടങ്ങി. തന്നെ രാഷ്ട്രീയത്തിലേക്ക് കരുണാനിധി ക്ഷണിച്ചിരുന്നെന്നും പക്ഷേ ഇതുവരെയും മറുപടി കൊടുത്തില്ലെന്നും കമല്‍ പറഞ്ഞു. ജയലളിതയുടെ ഭരണകാലയളവില്‍ വിമര്‍ശിക്കാതെ മാറിനിന്നതെന്തെന്ന ചോദ്യത്തിന് ഭയം കൊണ്ടാണെന്നായിരുന്നു മറുപടി. 

ജന്മദിനം സാക്ഷി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജന്മദിനമായ നവംബര്‍ ഏഴിന് തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും മയ്യം വിസില്‍ എന്ന പേരില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സംസ്ഥാന യാത്ര നടത്താനും തീരുമാനമെടുത്തു. ജന്മദിനത്തിന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കില്ലെന്ന നേരത്തെ നലപാടെടുത്തിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. അങ്ങനെ 2018 ഫെബ്രുവരി ഇരുപത്തിയൊന്നിന് മധുരയില്‍ കമല്‍ഹാസന്‍റെ രാഷ്ട്രീയപാര്‍ട്ടി പിറക്കാന്‍ പോകുന്നു. ചെറുതും വലുതുമായ അറുപതോളം രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവില്‍ തമിഴ്നാട്ടിലുണ്ട്.

rajinikanth-kamal-haasan

സിനിമ ഉപേക്ഷിക്കുമോ..?

മുഴുന്‍ സമയ രാഷ്ട്രീയക്കാരനായാല്‍ സിനിമയിലുണ്ടാകില്ലെന്നായിരുന്നു കമല്‍ഹാസന്‍റെ ആദ്യ നിലപാട്. രണ്ടും കൂടി ഒന്നിച്ച് കൊണ്ടുപോവാന്‍ കഴിയില്ല. ഏറ്റെടുത്ത സിനിമകളും മറ്റ് ബിസിനസുകളും പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന യാത്ര തുടങ്ങും എന്ന് ജന്മദിനത്തിന് പറഞ്ഞ ഉലകനായകന് പക്ഷേ നിലപാട് മാറ്റേണ്ടിവന്നു. സിനിമകള്‍ പൂര്‍ത്തീകിക്കാന്‍ സമയമെടുക്കും എന്നതിനാല്‍, അഭിനയം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാം എന്ന നിലപാടിലേക്കെത്തുകയായിരുന്നു. വിശ്വരൂപം രണ്ടാം ഭാഗം, സബാഷ് നായിഡു, ഇന്ത്യന്‍റെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളാണ് കമലിന്‍റെതായി വരാനിരിക്കുന്നത്. 

ആശയങ്ങള്‍ക്ക് ഒതുക്കം വരുത്തുമോ..?

തന്‍റെ നിറം കറുപ്പാണെന്ന് പറയുമ്പൊഴും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും സ്വഭാവവുമടക്കം വ്യക്തമാവേണ്ടതുണ്ട്. മാര്‍ക്സിസവും, ഗാന്ധിസവും, പെരിയാറിന്‍റെ  യുക്തിവാദമടക്കമുള്ള ആശയങ്ങളും തന്നെ സ്വാധീനിച്ചെന്ന് കമല്‍ഹാസന്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഈ ആശയങ്ങളില്‍ നിന്ന് കാച്ചിക്കുറുക്കിയുണ്ടാക്കുന്ന രാഷ്ട്രീയ ഫോര്‍മുല എന്തായിരിക്കും എന്ന കാര്യത്തില്‍ ആശങ്കയും ആകാംഷയുമുണ്ട്. ഒരു താരം എന്നതിനപ്പുറം ജനങ്ങളെ സ്വാധീനിക്കണമെങ്കില്‍, പ്രത്യേകിച്ച് ദ്രാവിഡ രാഷ്ട്രീയത്തിന്‍റെ ശക്തമായ നിയന്ത്രണമുള്ള ഒരു ജനതയെ സ്വാധീനിക്കണമെങ്കില്‍, ചെറുതായൊന്നും വിയര്‍ത്താല്‍ പോര ഉലകനായകന്.

kamal-rajni-2

പിന്തുണക്കുന്നവര്‍ ആരൊക്കെ

കമല്‍ഹാസന് ഫാന്‍സ് അസോസിയേഷനല്ല, സാമൂഹ്യപ്രവര്‍ത്തകരാണ് താങ്ങ്. "കമല്‍ഹാസന്‍ നെര്‍പണിയേക്കം" എന്ന സാമൂഹ്യസേവന കൂട്ടയ്മയുടെ പിന്‍ബലത്തിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. ജന്മദേശമായ പരമകുടി ഉള്‍പ്പെടുന്ന രാമനാഥപുരം ജില്ലയിലടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനമുണ്ട്. വീടുകള്‍ കയറിയിറങ്ങി കമല്‍ഹാസന് വേണ്ടി പ്രവര്‍ത്തിക്കുന്നതും നെര്‍പണിയേക്കം പ്രവര്‍ത്തകരാണ്. വെള്ളിത്തിരയിലെ മിന്നും താരം എന്ന നിലയിലും പിന്തുണ ലഭിക്കും.

താരങ്ങള്‍ പലരും പ്രത്യക്ഷ പിന്തുണയുമായി എത്തിയിട്ടില്ല. രജനീകാന്തുകൂടി രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ ആര് ആരെയൊക്കെ പിന്തുണക്കുമെന്ന് കണ്ടറിയണം. കരുണാനിധിയുടെ മകന്‍ എം.കെ.മുത്തുവിന്‍റെ ബന്ധുവും വ്യവസായിയുമായ സി.കെ.കുമരവേല്‍ കമല്‍ഹാസന്‍റെ പാര്‍ട്ടിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. എം.ജി.ആറിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന ഐ.എ.എസ് ഓഫിസര്‍, വിവിധ സന്നദ്ധ സംഘടനകള്‍, പാര്‍ഥിപനടക്കമുള്ള ചില താരങ്ങള്‍ തുടങ്ങിയവരൊക്കെ കമലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആരാണ് താങ്കളുടെ അണികള്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മധുരയില്‍ കാണാം എന്നായിരുന്നു കഴിഞ്ഞ ദിവസം ഉലകനായകന്‍റെ മറുപടി

kejariwal-kamal

കൂടിക്കാഴ്ചകളിലൂടെ 

തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹ്യമേകലകളിലെ പ്രമുഖരുമായി കമല്‍ കൂടിക്കാഴ്ച നടത്തുകയാണ്. കര്‍ഷക നേതാവ് അയ്യാക്കണ്ണ്, മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ടി.എന്‍.ശേഷന്‍, നടന്‍മാരായ രജനികാന്ത്, വിജയകാന്ത്, മുന്‍ മുഖ്യമന്ത്രി കരുണാനിധി, പ്രതിപക്ഷ നേതാവ് എംകെ.സ്റ്റാലിന്‍ എന്നിവരുമായൊക്കെ കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാനും ചടങ്ങിന് ക്ഷണിക്കാനുമാണ് പല കൂടിക്കാഴ്ചകളും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളുമായും കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കമല്‍ഹാസന്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

kamal

മാറുമോ തമിഴ്നാട്..?

താരപരിവേഷവുമായി കമല്‍ഹാസന്‍ രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും ഒരുപോലെ ആശങ്കയുണ്ട്. അണികഴ്‍ താരങ്ങളൊപ്പം ചേരുന്നത് തടയാനുള്ള നീക്കങ്ങള്‍ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. കമലിലൂടെ മാറ്റമുണ്ടാകും എന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. അതോടൊപ്പം ഇത്രയും കാലം കമല്‍ എവിടെയായിരുന്നെന്ന് ചോദിക്കുന്നവരും ഉണ്ട്. ഭരണപക്ഷത്തിന്‍റെ പല പ്രതികരണവും പരിഹാസത്തില്‍ ചാലിച്ചതായിരുന്നു. മധുരയില്‍ ചിലപ്പോള്‍ വലിയ ജനക്കൂട്ടത്തെ എത്തിക്കാനായേക്കാം. പക്ഷേ 234 നിയോജകമണ്ഡലങ്ങളിലും താരപ്രഭകൊണ്ട് പിടിച്ചുനില്‍ക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം.

ബുധനാഴ്ച കാത്തുവയ്ക്കുന്നത്

കമല്‍ഹാസന്‍റെ സംസ്ഥാന പര്യടനവും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവും ബുധനാഴ്ച നടക്കും. രാവിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്‍റെ വീട്ടിലെത്തും. ‌‌തുടര്‍ന്ന് കലാം പഠിച്ച് സ്കൂള്‍ സന്ദര്‍ശിക്കും. അവിടെനിന്നും അബ്ദുള്‍ കലാമിന്‍റെ സ്മാരകത്തിലേക്ക് പോകുന്ന വഴി മത്സ്യതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ രാമനാഥപുരം പാലസിന് മുന്നില്‍ ജനങ്ങളുമായി സംവദിക്കും. അതു കഴിഞ്ഞ് ജന്മസ്ഥലമായ പരമകുടിയിലും ജനങ്ങളെ അഭിസംഭോധന ചെയ്യും.വൈകുന്നേരം മധുരയിലെത്തുന്ന കമല്‍ഹാസന്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും രാത്രിയോടെ പൊതുസമ്മേളനത്തില്‍ സാസാരിക്കും.

നാളൈ നമതൈ എന്ന് പേരിലാണ് സംസ്ഥാന യാത്ര നടക്കുക. എം.ജി.ആര്‍ അടക്കം ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു നാളെ നമ്മുടേത് എന്നര്‍ഥം വരുന്ന നാളെ നമതെ എന്നത്. ഒരു  ഗ്രാമം ദത്തെടുത്ത് വികസനം നടപ്പാക്കി മാതൃക ഗ്രാമമായി അവതരിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായാണ് ഉലകനായകന്‍ മുന്നോട്ട് പോകുന്നത്. മയ്യം വിസില്‍ എന്ന അഴിമതി വിരുദ്ധ മൊബൈല്‍ ആപ്ലിക്കേഷനും യാത്രക്കിടയില്‍ പുറത്തിറക്കിയേക്കും. നാളെ ഉയകനായകന്‍റേതാകുമോ..? കാത്തിരിക്കാം. 

MORE IN SPOTLIGHT
SHOW MORE