അയ്യപ്പന്‍മാര്‍ മടങ്ങി; ഈ കാനനപാത ഇനി അവരുടേത്: ഒരു കാടനുഭവം

animal-sabarimala
SHARE

ശബരിമലയില്‍ മണ്ഡലകാലം കഴിഞ്ഞ പാതയില്‍ കാടുകയറിയ മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂബ് ശ്രീധരനും ക്യാമറാമാന്‍ വി.എസ്.രാജീവും കണ്ട കാഴ്ചകള്‍

ഒരു മണ്ഡല മഹോത്സവം കൂടി കഴിഞ്ഞു. കാനനപാതയിൽ അയ്യപ്പൻമാരുടെ സഞ്ചാരം നിലച്ചു. ശരണ മന്ത്രങ്ങളാൽ മുഖരിതമായിരുന്ന കാനനപാതയിൽ ഇപ്പോൾ കാട്ടരുവികളുടേയും കാട്ടുമൃഗങ്ങളുടേയും കാട്ടു പക്ഷികളുടേയും ഒച്ചകൾ മാത്രം. 

രാവിലെ കാമറാമാൻ രാജീവാണ് അങ്ങനെ പറഞ്ഞത്. 'ഇന്ന് കാടുകയറിയാലോ..?'മറുപടി പറഞ്ഞില്ല. കുളി കഴിഞ്ഞ് തയാറായശേഷം മറുചോദ്യം. 'പോയാലോ..?' സന്നിധാനത്തെ കടയിൽ നിന്ന് പഴംപൊരിയും കഴിച്ച് രാവിലെ തന്നെ കാടുകയറി. അൽപദൂരം പോകണം, അത്രയേ തീരുമാനിച്ചിരുന്നുള്ളൂ. 18-ാം തീയതി തന്നെ കാനനപാതയിലൂടെയുള്ള സഞ്ചാരം വനംവകുപ്പ് നിർത്തിയിരുന്നു. അതുകൊണ്ട് തന്നെ വഴി വിജനം. അൽപദൂരം പിന്നിട്ടപ്പോഴേ വഴിയിൽ ആനപ്പിണ്ഡം കണ്ടുതുടങ്ങി. മുന്നോട്ടു നീങ്ങുംതോറും കാട് വന്യമായി തുടങ്ങി. മൺപാത ഇടുങ്ങിയും. 

anoob-rajiv

രാജീവ് കാടിന്റെ ഭംഗി പകർത്തി. കാട്ടു കിളികളുടെ ഒച്ചയാണ് എല്ലായിടത്തും. ഇടയ്ക്ക് കാറ്റിൽ മരങ്ങൾ ഉരയുന്നതിന്റെ ശബ്ദവും. ആനപ്പേടിയുള്ളതിനാൽ ശബ്ദത്തിന്റെ ഉറവിടമുറപ്പിച്ച് യാത്ര തുടർന്നു. വഴിനീളെ ഉരുളൻ കല്ലുകളും കയറ്റവുമാണ്. പേടിപ്പെടുത്തുന്ന വൃക്ഷങ്ങളും. അവയ്ക്കിടയിലൂടെ സൂര്യ രശ്മി അരിച്ചിറങ്ങുന്നുണ്ട്. അൽപമകലെ ചെറുതല്ലാത്ത പാറക്കൂട്ടം. അവിടവരെയെത്തി തിരിച്ചിറങ്ങാം. തിരുമാനമുറപ്പിച്ച് മുന്നോട്ടു നീങ്ങി. അവിടെനിന്ന് കാട്ടരുവി കണ്ടു. ഗർത്തങ്ങളും. ഞങ്ങൾക്കു മുകളിലെ മരത്തിലൊന്നിൽ നിന്ന് മറ്റൊരു മരത്തിലേക്ക് ഒരു മലയണ്ണാൻ കതിച്ചു ചാടി. 'ഇരുമരങ്ങൾക്കിടയിലെ ശൂന്യതയിലെ അണ്ണാന്റെ സ്ഥാനം ഒരു ഫോട്ടോഗ്രാഫർക്കായിരുന്നെങ്കിൽ ലോട്ടറി ആയേനെ..' രാജീവിന്റെ കമന്റ്. 

 

കഴുതക്കുഴിക്കപ്പുറം പോകരുത്..!

പേരറിയാത്ത ഒരു പക്ഷിയുടെ ഉച്ചത്തിലുള്ള കൂവൽ. അതിനെ ലക്ഷ്യമാക്കി നീങ്ങി. കൂവൽ അടുത്തെത്തി. മരമുകളിൽ ഒരു കൂറ്റൻ പക്ഷി. ഞങ്ങളെ കണ്ട മാത്രയിൽ വലിയ ചിറകുവിരിച്ച് ആ ഭീമൻപക്ഷി പറന്നകന്നു. ഇരുവശങ്ങളിലുമുള്ള മരങ്ങളിൽ അങ്ങിങ്ങ് സിംഹവാലൻമാരുടെ കളി. ചില മരങ്ങളിൽ ഒന്ന്. ചിലതിൽ ഒന്നിലേറെ. ചിലതിൽ അമ്മയും കുട്ടികളുമുണ്ട്. ഞങ്ങളുടെ സാന്നിധ്യമറിഞ്ഞ അവ അകലങ്ങളിലെ മരങ്ങളിലേക്ക് ചാടി നീങ്ങി. നടപ്പ് തുടർന്നു. ഒരു പാമ്പ് ഞങ്ങൾക്കു മുന്നിൽ വഴിക്കുകുറുകെ കാട്ടിലേക്കിഴഞ്ഞു. എന്നോ മറിഞ്ഞ് ഉണങ്ങിയ മരത്തിൽ വിശ്രമത്തിനിരുന്നു. ഇനി തിരിച്ചു നടക്കാം. പരസ്പരം പറഞ്ഞു. 

ഒരു സിംഹവാലന്റ കളി കണ്ടിരിക്കുമ്പോൾ ഡ്യൂട്ടി പൂർത്തിയാക്കി ഒരാൾ മലയിറങ്ങി വന്നു. പുല്ലുമേടിന് ഇനി രണ്ടു കിലോമീറ്റർ കൂടിയുണ്ട്. എട്ടുകിലോമീറ്ററാണ് സന്നിധാനത്ത് നിന്ന് പുല്ലുമേട് വരെ യാത്ര. പരസ്പരം നോക്കി. ഇവിടെ കുടിക്കാൻ വെള്ളം കിട്ടാൻ വഴിയുണ്ടോ. ചോദ്യം ജോലി പൂർത്തിയാക്കി മലയിറങ്ങുന്ന വനം വകുപ്പുദ്യോഗസ്ഥനോട്. മുക്കാൽ കിലോമീറ്റർ പിന്നിട്ടാൽ കഴുതക്കുഴിയിൽ ഒരു നീർച്ചാലുണ്ട്. കുടിക്കാൻ നല്ല തെളിനീരു കിട്ടും. മറുപടി. അവിടെ കുറച്ചു മുൻപാണ് ആനയിറങ്ങിയത്. കൂട്ടത്തിൽ കുട്ടിയാനയും ഉണ്ട്. കഴുതക്കുഴിക്കപ്പുറം പോകരുതെന്ന മുന്നറിയിപ്പും. തമാശ പറഞ്ഞ് കഴുതക്കുഴി ലക്ഷ്യമാക്കി നീങ്ങി. കഴുതക്കുഴിയിലാണ് കഴിഞ്ഞ തീർഥാടനകാലത്ത് ഒരയ്യപ്പൻ വീണ് മരിച്ചത്. രണ്ടാം ദിവസം മൃതദേഹം ചീഞ്ഞഞ്ഞളിഞ്ഞ് ദുർഗന്ധം വമിച്ചപ്പോഴാണ് അതറിഞ്ഞതും. 

ആനപ്പാടുകള്‍ നീളെ നീളെ

ശരിയാണ്, വഴിയിൽ നിറയെ ആനയിറങ്ങിയതിന്റെ അടയാളങ്ങൾ. നീർച്ചാലിൽ നിന്ന് വെള്ളം കുടിച്ച് നടപ്പ് മുന്നോട്ടു തന്നെ. അപ്പുറം പുൽമേടിന്റെ സൂചന കാണാം. മുന്നോട്ടു പോകുംതോറും പുൽമേട് തെളിഞ്ഞുവന്നു. പുൽമേട്ടിലെത്തി മൊട്ടക്കുന്നിലൊന്ന് കിടന്നു വിശ്രമിക്കണം. രാജീവ് പറഞ്ഞു. അങ്ങനെ കാട് കടന്ന് പുൽമേട്ടിൽ കാലുകുത്തി. മേടിന് ഏറ്റവും അറ്റത്ത് തീർത്ഥാടന കാലത്ത് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും താമസിക്കുന്ന കരുതൽ കേന്ദ്രം. മല കയറി. ഇപ്പോഴാണ് ചൂടിന്റെ കാഠിന്യം ശരിക്കറിയുന്നത്. കാട്ടിലൂടെയുള്ള യാത്രയിൽ അത് അതറിഞ്ഞതേയില്ല. മല കയറി. 10.30 ന് ആരംഭിച്ച യാത്ര മുകളിലെത്തിയപ്പോൾ ഉച്ചയ്ക്ക് 2.30.

കരുതൽ കേന്ദ്രത്തിൽ നിന്ന് അവശേഷിക്കുന്ന ഉദ്യോഗസ്ഥർ മലയിറങ്ങാനുള്ള തയാറെടുപ്പിലാണ്. അവസാനവട്ട ഒരുക്കങ്ങൾ. കുടിക്കാൻ അവർ ചൂടുവെള്ളം തന്നു. വിശപ്പകറ്റാൻ അവിലും കട്ടൻ കാപ്പിയും. കരുതൽ കേന്ദ്രത്തിന് ചുറ്റും നടന്ന് കാഴ്ചകൾ കണ്ടു. പുല്ലുമേടിന്റെ സൗന്ദര്യമറിയണമെങ്കിൽ ഇവിടെ നിന്ന് നോക്കണം. കുന്നുകളുടെ നിര തന്നെയുണ്ട്. അകലെ പൊന്നമ്പലമേട്. വിദൂരതയിൽ സന്നിധാനക്കാഴ്ച. പുല്ലുമേട് ദുരന്തം നടന്ന സ്ഥലവും അപ്പുറം കാണാം. ഡൂട്ടി അനുഭവങ്ങൾ ഉദ്യോഗസ്ഥർ പറഞ്ഞു കൊണ്ടിരുന്നു. ഒരുപാടകലെയല്ലാതെ ഒരു കൂട്ടം കാട്ടുപോത്തകൾ മേയുന്നു. അപ്പുറം മ്ലാവിൻ കൂട്ടവും. രാജീവ് പുല്ലുമേടിന്റെ ഭംഗിയും മൃഗങ്ങളേയും പകർത്തിക്കൊണ്ടിരുന്നു. ഒടുവിൽ  കാത്തിരുന്ന ആ കാഴ്ചയും ഞങ്ങളിലേക്കെത്തി. ആനകൾ. മലയിറങ്ങിപ്പോയ ഫോറസ്റ്റുദ്യോഗസ്ഥൻ പറഞ്ഞ ആ ആനകൾ.

രണ്ടു കുട്ടികളും അമ്മയും. അവർ അങ്ങനെ പുല്ലു തിന്ന് മേയുന്നു. ഇടക്ക് ഒരാന കിടന്നു. കാട്ടാനകൾ കിടക്കുന്നത് അപൂർവ കാഴ്ചയാണ്. അവ പലപ്പോഴും നിന്നാണ് ഉറങ്ങാറ്. കേട്ടുകേൾവിയാണ്. വനം വകുപ്പുദ്യോഗസ്ഥൻ പറഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് കാനന യാത്രയുടെ അനുഭുതി. പുൽമേട്ടിൽ നിന്നുള്ള സുന്ദര കാഴ്ചകളും. അയ്യപ്പൻമാരുടെ സുഖയാത്രക്കായി വഴിയൊഴിഞ്ഞു കൊടുത്ത കാട്ടുമൃഗങ്ങൾ പതിയെ എല്ലായിടത്തേക്കും ഇറങ്ങാൻതുടങ്ങി. കുറച്ചു നാളേക്കെങ്കിലും ഇനി അവരുടേത് മാത്രമാണ് കാടും കാട്ടുവഴികളും.

MORE IN SPOTLIGHT
SHOW MORE