വിധിയെ ശാലിനിയെ തോൽപ്പിക്കാൻ നോക്കേണ്ട, തോൽക്കാൻ ഇവൾക്ക് മനസില്ല

SHARE
shalini2

മുപ്പതുവയസുകഴിയുന്നതുവരെ ഏതൊരു സാധാരണസ്ത്രീയേയും പോലെ തന്നെയായിരുന്നു മലയാളിയായ ശാലിനി സരസ്വതി. അച്ഛനും അമ്മയും കൊല്ലം സ്വദേശികളാണെങ്കിലും ശാലിനി ജനിച്ചതും വളർന്നതുമെല്ലാം ബെംഗളൂരുവിലായിരുന്നു. പഠനംപൂർത്തിയാക്കി മൾട്ടിനാഷണൽ കമ്പനിയിൽ ജോലിയും നേടി. അവിടെവച്ചാണ് പ്രശാന്ത ഗൗഡപ്പയെ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും. സന്തോഷത്തിന്റെ നാളുകളായിരുന്നു അത്. ഇഷ്ടപ്പെട്ട ജോലി, പ്രിയപ്പെട്ട പങ്കാളി, ജീവിതസൗകര്യങ്ങൾ, സ്വപ്നം കണ്ട കംബോഡിയയിലേക്കുള്ള മധുവിധുയാത്രകൾ.. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന സന്തോഷത്തിന്റെ നാളുകളായിരുന്നു ശാലിനിയ്ക്കത്. എന്നാൽ ആ സന്തോഷങ്ങളെല്ലാം തല്ലിക്കെടുത്താനായി ശാലിനിയെ കാത്തിരുന്നത് ഒരു മഹാവിപത്തായിരുന്നു. ഒന്നാംവിവാഹവാർഷകം പ്രമാണിച്ചായിരന്നു ശാലിനിയും ഭർത്താവും കംബോഡിയയിലേക്ക് യാത്രപോയത്. 

യാത്ര കഴിഞ്ഞെത്തിയ ശേഷം വിപത്ത് തുടങ്ങുന്നത് ചെറിയ പനിയുടെ രൂപത്തിലായിരുന്നു. പനി ഗുരതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ഗർഭത്തിന്റെ ലക്ഷണമായിട്ടാകും പനി വന്നതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പനി വിട്ടുമാറാതെ കൂടിക്കൂടി വന്നു. ടെസ്റ്റുകൾക്കൊടുവിൽ ഡോക്ടർമാർ മാരകമായ റിക്കറ്റ്സിയാ ബാക്ടീരിയ ബാധയാണെന്ന് കണ്ടെത്തി. അപ്പോഴേക്കും ഐസിയുവിൽ മരണത്തെ മുഖാമുഖം കണ്ടു കിടക്കുകയായിരുന്നു ശാലിനി. രോഗം മൂർച്ഛിച്ചതോടെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ ശാലിനിയ്‌ക്ക് എന്നേയ്ക്കുമായി നഷ്ടമായി.

shalini

രോഗവുമായി കടുത്ത പോരാട്ടത്തിൽ അണുബാധയെ തുടർന്ന് ശാലിനിയുടെ ഇടത്തുകൈ മുറിച്ചു മാറ്റേണ്ടിവന്നു. പിന്നീടൊരു ദിവസം ആശുപത്രിക്കിടക്കയിൽ സഹോദരന്റെ കൈകളിലേക്ക് അവളുടെ വലതുകൈ അറ്റുവീണു. ആരും പകച്ചുപോകുന്ന നിമിഷങ്ങൾ.. ശാലിനിയുടെ കണ്ണീർ ഇതോടെ വറ്റിപോയി. ഒപ്പം മുമ്പത്തേക്കാൾ ധീരയായി കഴിഞ്ഞിരുന്നു അവൾ. അണുബാധ പിന്നീട് ഇരു കാലുകളിലേക്കും വ്യാപിച്ചു. ശാലിനിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടർമാരുടെ മുന്നിൽ കാലുകൾ മുറിച്ചു മാറ്റുകയല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

വൈകാതെ ശാലിനിയുടെ കാലുകളും മുറിച്ചുനീക്കപ്പെട്ടു. ഇത്തവണ ശാലിനി കരഞ്ഞില്ല.. അവൾ കാലു മുറിച്ചുകളയുന്ന ദിവസം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പര്‍പ്പിള്‍ കളർ നെയില്‍ പോളിഷിട്ടാണ് ഹോസ്പിറ്റലിൽ എത്തിയത്. കാലുകള്‍ മുറിച്ചുകളയുമ്പോഴും അത് ഭംഗിയായി തന്നെ വേണമെന്ന് അവൾ ആഗ്രഹിച്ചു. പിന്നീട് ശാലിനിയെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ നാളുകളായിരുന്നു. ഒരു നിമിഷം കൊണ്ട് തന്റെ ജീവിതത്തെ മാറ്റിമറിച്ച ദൈവങ്ങൾക്ക് മുന്നിൽ തോൽക്കാൻ മനസ്സില്ലായിരുന്നു ശാലിനിയ്‌ക്ക്. അധികം വൈകാതെ അവള്‍ പ്രോസ്‌ത്തെറ്റിക് കാലുകളുടെ സഹായത്തോടെ നടന്നുതുടങ്ങി. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ അവൾ കൃത്രിമ കാലുകളിൽ ഓടാൻ പരിശീലിച്ചു. 10 കിലോമീറ്റർ മാരത്തണിൽ പങ്കെടുത്ത് വിജയിയാകുന്നത് വരെ തുടർന്നു ശാലിനിയുടെ ഇച്ഛാശക്തി. കോച്ച് ബിബി അയ്യപ്പയുടെ പരിശീലനത്തിൽ ശാലിനി പുതിയൊരു അധ്യായം കുറിക്കുകയായിരുന്നു. എല്ലാത്തിനും പിന്തുണ നൽകി ഭര്‍ത്താവ് പ്രശാന്ത ഗൗഡപ്പയും ശാലിനിയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു.

ടിസിഎസ് 10K അടക്കം നിരവധി മത്സരങ്ങളില്‍ ശാലിനി പങ്കെടുത്തു. ദൈവത്തിനു മുന്നിൽ, സമൂഹത്തിനു മുന്നിൽ ഞാൻ തോറ്റിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു 37 കാരിയായ ശാലിനി സരസ്വതി. അവളുടെ ഓരോ ദിവസങ്ങളും കണ്ണീരിന്റേതായിരുന്നില്ല.. സുഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് ക്ലബില്‍ പോയി, ബ്ലോഗ് എഴുതിത്തുടങ്ങി, സമൂഹത്തിൽ നല്ലൊരു മോട്ടിവേഷനല്‍ സ്പീക്കറായി പേരെടുത്തു. പഴയ ജോലി തന്നെ കൂടുതൽ ആത്മവിശ്വാസത്തോടെ ചെയ്യുന്നു. ആളുകള്‍ അദ്‌ഭുതത്തോടെയും, സഹതാപത്തോടെയും കാണുന്നതാണ് ശാലിനിയെ സങ്കടപ്പെടുത്തുന്ന ഏക വിഷയം. സമൂഹത്തിന്റെ മനോഭാവം ഇനിയും ഒരുപാട് മാറേണ്ടതായിട്ടുണ്ടെന്ന് ശാലിനി പറയുന്നു. പുതിയ പരീക്ഷണങ്ങളുമായി എപ്പോഴും തിരക്കിലാണ് ശാലിനി. ഇനിയുമുണ്ട് എത്തിപ്പിടിക്കാൻ ഏറെ സ്വപ്‌നങ്ങൾ... കീഴടക്കാൻ അതിലേറെ ഉയരങ്ങൾ... ഇഷ്ടപ്പെട്ട ജീവിതം സന്തോഷത്തോടെ ജീവിക്കണം. ഒപ്പം ശാലിനിയ്‌ക്ക് കരുത്തായി ഭർത്താവ് പ്രശാന്ത ഗൗഡപ്പയും കൂടെയുണ്ട്.. 

MORE IN SPOTLIGHT
SHOW MORE