പെരുമയെ ബാസ്ക്കറ്റിലാക്കി കുറിയന്നൂരുകാരുടെ കളി..!

basket-ball-kuriyanoor
SHARE

കുറേ അടിമകളും ഒരു തുകല്‍പന്തുമായാണ് അധിനിവേശകാലത്ത് പോര്‍ച്ചുഗീസുകാര്‍ ബ്രസീലിലെത്തിയത്. അടിമത്തത്തെ ബ്രസീലുകാര്‍ എതിര്‍ത്തു, എന്നാല്‍ ആ പന്തിനെ അവര്‍ ഹൃദയപൂര്‍വം സ്വീകരിച്ചു. അവിടെതുടങ്ങുന്നു ബ്രസീലില്‍ കാല്‍പന്തുകളിയുടെ കഥ. പിന്നെയൊരിക്കലും ഫുട്ബോള്‍ലഹരി ബ്രസിലുകാരെവിട്ടൊഴിഞ്ഞില്ല. ബ്രസീലില്‍ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഒന്നൊന്നായ് പിറവികൊണ്ടു. 

ബ്രസീലിനെക്കുറിച്ചല്ല. പറഞ്ഞുവരുന്നത് കുറിയന്നൂര്‍ എന്ന ബാസ്ക്കറ്റ്ബോള്‍ ഗ്രാമത്തെക്കുറിച്ചാണ്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരിക്കടുത്തുള്ള കാര്‍ഷിക ഗ്രാമമായ  കുറിയന്നൂരിനെക്കുറിച്ച്. കായികവേദിയില്‍ ആര്‍ക്കുംപിടികിട്ടാത്ത ഒരത്ഭുതമാണ് കുറിയന്നൂര്‍. കുറിയന്നൂര്‍ സിസ്റ്റേഴ്സ് ഉള്‍പ്പെടെ 159 ദേശീയതാരങ്ങളേയും 22 സംസ്ഥാന ക്യാപ്റ്റന്‍മാരേയും സൃഷ്ടിച്ച ബാസ്ക്കറ്റ്ബോള്‍ ഗ്രാമം. ഓരോ വീട്ടിലും സംസ്ഥാനതാരമുള്ള ഒരു ഗ്രാമം ലോകത്ത് മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. അതാണ് കുറിയന്നൂര്‍. കുറിയവര്‍ക്ക് ഒട്ടുംചേരാത്ത ബാസ്ക്കറ്റ്ബോളായിരുന്നു നാട്ടുകാരുടെ ഇഷ്ടവിനോദം. 

കുറിയന്നൂര്‍ എന്ന അദ്ഭുതം

പണ്ട്. അതായത് 1937ല്‍. ആലുവ യു.സി കോളജിലെ വിദ്യാര്‍ഥിയായിരുന്ന പൊന്നിരിക്കുന്നതില്‍ സാമുവല്‍ തോമസ് അവധിക്കാലത്ത് ഒരുപന്തുമായി കുറിയന്നൂരെത്തി. ആ പന്തിനെ കുറിയന്നൂരുകാര്‍ നെഞ്ചേറ്റി. അവിടെതുടങ്ങുന്നു കുറിയന്നൂരുകാരുടെ ബാസ്ക്കറ്റ്ബോള്‍ പ്രണയത്തിന്റെ കഥ. ഗ്രാമീണകേരളത്തിലെ ആദ്യബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട് 1940ല്‍ കുറിയന്നൂരില്‍ സ്ഥാപിതമായതോടെ പ്രയാണത്തിന്റെ ആരംഭവുമായി. 

അതിനുംമുന്‍പ് ബോര്‍ഡും റിങ്ങുമില്ലാതെ കളിപരിശീലിച്ചു കുറിയന്നൂരിലെ ആദ്യതലമുറ. കുറിയന്നൂര്‍ മാര്‍ത്തോമ്മാസ്കൂളും സ്കൂള്‍ഗ്രൗണ്ടുമായിരുന്നു എല്ലാത്തിന്റേയും ആരംഭം. ഇവിടെ പന്തുതട്ടിവളര്‍ന്നവര്‍ ഏറെയുണ്ട്. ഡോ.മാത്യു റോയിയില്‍ തുടങ്ങുന്നപ്രതിഭകളുടെ നിര. വിജു.പി ചാക്കോ, ജോര്‍ജ് സഖറിയ,ആഷാ ജേക്കബ്, സി.കെ.കുര്യന്‍, ഫിലിപ്പ് സഖറിയ, ഡോ.എം.എം ചാക്കോ, രാജമ്മ കോശി അങ്ങനെനീളുന്നു. 

kuriyanoor

കുറിയന്നൂര്‍ സിസ്റ്റേഴ്സ്

സംസ്ഥാന ടീമിനെനയിച്ച ഉഷ, ആഷ, നിഷ, ജിഷ. കുറിയന്നൂര്‍ സിസ്റ്റേഴ്സെന്ന് പേരെടുത്തസഹോദരിമാര്‍. ഈ സഹോദരിമാരുടേയും അവരുടെപിതാവ് തോമസ് ജേക്കബിന്റേയും കഥയാണ് കുറിയന്നൂരിന്റെ ബാസ്ക്കറ്റ്ബോള്‍ കാണ്ഡങ്ങളിലൊന്ന്. അവരുടെ ജീവിതം നല്ലപങ്കും ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിലായിരുന്നു. കുറിയന്നൂര്‍ വൈ.എം.സി.എയുടെ കോര്‍ട്ടില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കളിപ്പിച്ചാണ് തോമസ് ജേക്കബ് പെണ്‍മക്കളെ കരുത്തരാക്കിയത്. മാര്‍ത്തോമസ്കൂള്‍ ടീം, ടൗണ്‍ ക്ലബ്, വൈ.എം.സി.എ. ഒരുകാലത്ത് സംസ്ഥാനബാസ്ക്കറ്റ്ബോളിന്റെ ശക്തി ഈ ഒരുകിലോമീറ്റര്‍ചുറ്റളവിലായിരുന്നു. മാത്യു റോയിയും, ജോര്‍ജ് സഖറിയയും, എം.എം.ചാക്കോയും, റോഷ്നിയുമൊക്കെ പുറത്തെടുത്ത മിന്നല്‍പ്രകടനങ്ങളും അന്നത്തെ ആരവങ്ങളും ഇന്നും കുറിയന്നൂരുകാര്‍ മറന്നിട്ടില്ല. മത്സരംകാണാന്‍ ആനാട്ടുകാര്‍ ഉത്സവപ്പറമ്പിലേക്കെന്നപോലെയെത്തി. കളികാണാനെത്തിയവര്‍ പലരും കളിക്കാരായാണ് ഗ്രൗണ്ട് വിട്ടത്. 

kuriyanoor-basketball

റഷ്യയില്‍ നിന്നുള്ള ടീംവരെയെത്തി കുറിയന്നൂരിലെ കാണികളെ തൃസിപ്പിക്കാന്‍. ബാസ്ക്കറ്റ്ബോള്‍ കുറിയന്നൂരില്‍ പലര്‍ക്കുംജീവിതംനല്‍കി. പലരും നല്ല ജോലിയുടെ സുരക്ഷിതത്വത്തിലെത്തി. പൂര്‍വികര്‍ തുടങ്ങിവച്ചത് പുതുതലമുറ കൈവിട്ടിട്ടില്ല. ഏറ്റവുമൊടുവില്‍ തലീത മറിയം ഔതേയെന്ന പതിമൂന്നുകാരി ഇന്‍ഡ്യന്‍ ക്യാമ്പിലെത്തി നില്‍ക്കുന്നു. പ്രതാപവും പ്രതിഭയും ചോരാതെ മാര്‍ത്തോമ്മാ സ്കൂള്‍ടീം തലയുയര്‍ത്തിനില്‍ക്കുന്നു. വൈ.എം.സി.എകോര്‍ട്ടിലും സ്കൂള്‍കോര്‍ട്ടിലുമൊക്കെ പാരമ്പര്യം തുടരാന്‍വെമ്പുന്ന കുരുന്നുകള്‍ പിച്ചവയ്ക്കുന്നുണ്ട്. കുറിയന്നൂര്‍ഗ്രാമം ബാസ്ക്കറ്റ്ബോളിലെ അത്ഭുതംതന്നെയാണ്.  കാലം ഉരുണ്ടുരുണ്ടുപോയിട്ടും അവസാനിക്കാത്ത ഒരല്‍ഭുതം.

MORE IN SPOTLIGHT
SHOW MORE