ഗ്രനേഡ് കൈ തകർത്തിട്ടും തകർന്നില്ല ആത്മവിശ്വാസം, എഴുതി തന്നെ നേടി പിഎച്ച്ഡി

dr-malavika
SHARE

മാളവിക ഡോക്ടർ മാളവിക അയ്യർ ആകുന്നതിനുമുമ്പ് ചോരപൊടിഞ്ഞ, തകർന്ന ഭൂതകാലത്തിന്റെ കഥയുണ്ട് പറയാൻ. ഉള്ളുപൊള്ളിക്കുന്ന നീറ്റലുണ്ട് ഒരുപാട്. അതോടൊപ്പം പറയാൻ ആത്മവിശ്വസാത്തിന്റെയും ആഗ്രഹത്തിന്റെയും പ്രചോദിപ്പിക്കുന്ന കഥയുമുണ്ട് മാളവികയ്ക്ക്. 13ാം വയസിലാണ് ജീവിതത്തിന്റെ താളംതെറ്റിച്ച അപകടമുണ്ടായത്. ഗ്രനേഡാണെന്ന് അറിയാതെയാണ് മാളവിക അതെടുത്ത് ജീൻസിന്റെ പോക്കറ്റിലിട്ടത്. പോക്കറ്റിലിരുന്ന് ബോംബ് പൊട്ടി. കൈപ്പത്തി തകർന്നു. വേദനയുടെ ആശുപത്രി നാളുകളിൽ മാളവിക സ്വയം പറഞ്ഞു എനിക്ക് ഉയരണം, ഫിനിക്സ് പക്ഷിയെപ്പോലെ ആകാശങ്ങളിലേക്ക്. 

പിന്നീട് മുന്നോട്ടുനയച്ചത് ദൃഢനിശ്ചയവും പ്രിയപ്പെട്ടവരുടെ പ്രാർഥനയും പ്രചോദനവുമായിരുന്നു. പത്താംക്ലാസ് എത്തിയപ്പോഴേക്കും തകർന്ന കൈയുടെ ഭാഗത്ത് റബ്ബർബാൻഡിൽ പേനകെട്ടിയവച്ച് എഴുതാൻ പഠിച്ചു. പലപ്പോഴും അക്ഷരങ്ങളിൽ ചോരപൊടിഞ്ഞു, വേദനകാരണം അവശേഷിച്ച ഭാഗം ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്. എങ്കിലും മാളവിക തളർന്നില്ല. പത്താംക്ലാസിൽ സ്വയം പരീക്ഷ എഴുതി നേടിയത് 500 ൽ 483 മാർക്ക്. കൈയുള്ളവരെക്കാൾ കൂടുതൽ മാർക്ക്. 

പിന്നീടങ്ങോട്ട് വിജയകുതിപ്പുകളായിരുന്നു. അത് അവസാനം എത്തിനിൽക്കുന്നത് പിഎച്ച്ഡിയിൽ. ടെഡ്–എക്സിലെ മോട്ടിവേഷണൽ സ്പീക്കറായും മറ്റും തിളങ്ങുന്ന മാളവികയെ ഒരിക്കൽ യു.എന്നിലും പ്രസംഗിക്കാൻ ക്ഷണിച്ചിരുന്നു. മാളവികയുടെ കഥ കേട്ട് യു.എൻ അംഗങ്ങൾ അന്ന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഡോക്ടറേറ്റ് എന്ന സ്വപ്നനിമിഷം സഫലീകരിച്ചതോടെ പ്രിയപ്പെട്ടവനൊപ്പമുള്ള വിവാഹസ്വപ്നങ്ങളിലേക്ക് കടന്നിരിക്കുകയാണ് മാളവിക. 

MORE IN SPOTLIGHT
SHOW MORE