പുറമേയ്ക്കുള്ള തോന്നലല്ല, ഗുജറാത്തിലെ യാഥാർഥ്യം..!

Modi
SHARE

എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ, ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്‍റെ മുന്നനുഭവങ്ങളുള്ള പത്രപ്രവര്‍ത്തകന്‍റെ വേറിട്ട ആലോചന. 

2013 ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏറ്റവും എക്സൈറ്റിങ് ആയ തിരഞ്ഞെടുപ്പാണ് ഗുജറാത്തിൽ ഇത്തവണ നടന്നത്. ഡൽഹിയിൽ ആം ആദ്മി പാർട്ടി എങ്ങനെ പെർഫോം ചെയ്യും എന്നതായിരുന്നു, 2013 ൽ ഇന്ത്യ മുഴുവൻ ഉത്തരം കാത്തിരുന്ന ചോദ്യം. അതായിരുന്നു ആ തിരഞ്ഞെടുപ്പിനെ എക്സൈറ്റിങ് ആക്കിമാറ്റിയതും. പിന്നീടുള്ള എല്ലാ തിരഞ്ഞെടുപ്പുകളുടെയും ഫലത്തെക്കുറിച്ച് നമുക്കാർക്കും കാര്യമായ സന്ദേഹങ്ങളില്ലായിരുന്നു, സീറ്റുകളുടെ എണ്ണം സംബന്ധിച്ച അല്ലറചില്ലറ സംശയങ്ങളല്ലാതെ.

2014 ൽ കോൺഗ്രസ് അധികാരത്തിനു പുറത്താകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു. മൂന്നുതരം ഭരണവിരുദ്ധവികാരം ആ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. 10 വർഷ യുപിഎ സര്‍ക്കാരിനെതിരായത്, ആ സര്‍ക്കാരിനെ നയിച്ച കോൺഗ്രസിനെതിരായത്, ആ കോൺഗ്രസിനെ നയിച്ച രാഹുലിനെതിരായത്. ഫലം 'എനിബഡീസ് ഗസ്' ആയിരുന്നു. സീറ്റുകളുടെ എണ്ണം മാത്രമേ അറിയാനുണ്ടായിരുന്നൂള്ളൂ. 

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒപ്പമോ തൊട്ടുപിന്നാലെയോ സംഭവിച്ച, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന ഒക്കെ അങ്ങേയറ്റം പ്രഡിക്ടബിൾ ആയിരുന്നു. വളരെ സ്വാഭാവികമായി, മൂന്നു സംസ്ഥാനങ്ങളിലും പതിവുള്ളതു പോലെ ഭരണവിരുദ്ധ വികാരം, നിലവിലുള്ള ഭരണത്തെ താഴെയിറക്കി. 

പിന്നെ അൽപമെങ്കിലും ആവേശമുള്ള തിരഞ്ഞെടുപ്പ് വന്നത് വീണ്ടും ഡൽഹിയിലാണ് - 2015. അപ്പോഴും ഫലത്തെക്കുറിച്ച് വലിയ സന്ദേഹങ്ങളില്ലായിരുന്നു. ഒന്നാം ഭരണം വീണ ശേഷം എഎപി ഡൽഹിയിൽ നടത്തിയ വിശാലമായ മൈക്രോ ലെവൽ ഗ്രൗണ്ട് വർക്ക് അവർക്കുണ്ടാക്കിയ ഗുഡ്‍വില്ലിനെക്കുറിച്ചും അങ്ങനെ ബിജെപി - മോദി ഇഫക്ടിനെ അവർ മറികടക്കുമെന്നതും നമുക്കറിയാമായിരുന്നു. 

narendra-modi-2

ബിഹാറും വേറെ ചിലരും പറഞ്ഞത്

പിന്നീട് ബിഹാർ വന്നു. ബിഹാറിൽ മൽസരമുണ്ടായിരുന്നു. എന്നാൽ, നമ്മളിൽ ഭൂരിഭാഗവും വിശ്വസിച്ചത് ബിജെപി ബിഹാറിൽ ജയിക്കുമെന്നായിരുന്നു. റിസൽറ്റിനെക്കുറിച്ച് ആ ഉറപ്പുള്ളതുകൊണ്ട് ബിഹാർ ഇപ്പോഴത്തെ ഗുജറാത്ത് പോലെ നമ്മളെ എഡ്ജ് ഓഫ് ദ് സീറ്റിൽ കൊണ്ടുവന്നില്ല, വോട്ടെണ്ണിത്തുടങ്ങും വരെ. എണ്ണിത്തുടങ്ങിയപ്പോൾ കഥമാറി. പ്രതീക്ഷകളും പ്രവചനങ്ങളും എല്ലാം തെറ്റി! ബിഹാറിലേത് പോസ്റ്റ് ഇലക്ഷൻ എക്സൈറ്റ്മെന്റ് ആയിരുന്നു. 

തമിഴ്നാട്ടിൽ ജയലളിതയും ബംഗാളിൽ മമതയും ജയിക്കുമെന്ന് കൊച്ചുകുട്ടികൾക്കു പോലും അറിയാമായിരുന്നു. കശ്മീരിൽ ഭരണവിരുദ്ധ വികാരം ഒമറിനെ പുറത്താക്കുമെന്നും. യുപിയും ജാർഖണ്ഡും വീണ്ടും എനിബഡീസ് ഗസ് ആയിരുന്നു. പഞ്ചാബിൽ കോൺഗ്രസ് ജയിക്കാനായിരുന്നു സാധ്യതയെന്നതും പൊതുവേ അംഗീകരിക്കപ്പെട്ട കാര്യവും. നോർത്തീസ്റ്റ്, ഗോവ പോലുള്ള കുഞ്ഞിടങ്ങൾ വിട്ടുകളയാനുള്ളതേയുണ്ടായിരുന്നുള്ളൂ. ഹിമാചലിൽ മുഴുവൻ സീറ്റും ബിജെപിക്കു കിട്ടിയാൽ പോലും അദ്ഭുതപ്പെടാനില്ലാത്ത വിധം ഭീകരമായിരുന്നു നിലവിലെ ഭരണം. 

താഴത്തെ നിലയിലെ ബിജെപി

അങ്ങനെ ബോറടിച്ചിരിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലാണ് ഗുജറാത്ത് സംഭവിക്കുന്നത്. ഗുജറാത്തിലുടനീളം മുൻപൊരു തിരഞ്ഞെടുപ്പുകാലത്തു സഞ്ചരിച്ച അനുഭവത്തിൽനിന്ന് ഒരു കാര്യം ഉറപ്പിച്ചു പറയാം. അവിടെ കോൺഗ്രസിനു കാര്യക്ഷമമായ പാർട്ടി സംവിധാനമൊന്നുമില്ല. ചില നേതാക്കളും അവരുടെ പോക്കറ്റുകളുമാണുള്ളത്. പക്ഷേ, സോളിഡ് ആയ ഒരു വോട്ട് ബേസ് എല്ലാക്കാലത്തും കോൺഗ്രസിനുണ്ട്. ഏതു തിരഞ്ഞെടുപ്പിലും എല്ലാ സീറ്റും ബിജെപി ജയിക്കുമെന്ന തോന്നലുണ്ടാകും. ഫലം വരുമ്പോൾ അങ്ങനെയാവില്ല. 2004 ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഗുജറാത്തിലൂടെ യാത്ര ചെയ്തപ്പോൾ തോന്നിയത് 26 ൽ 22-24 സീറ്റു വരെ ബിജെപി നേടുമെന്നാണ്. പക്ഷേ, ഫലം വന്നപ്പോൾ ബിജെപിക്ക് 14 സീറ്റ് കോൺഗ്രസിന് 12 സീറ്റ്. പുറമേയ്ക്കുള്ള തോന്നലല്ല, ഗുജറാത്തിലെ യാഥാർഥ്യം. 

Rahul-Gandhi-in-election-Ca

2002 ലെ ഹിന്ദുത്വ തരംഗത്തിൽ ഗുജറാത്തിലെ 182 ൽ 127 സീറ്റു നേടി ബിജെപി അധികാരത്തിലെത്തുമ്പോൾ വോട്ടു ശതമാനവും അതനുസരിച്ചു വർധിച്ചു - 49.85%. എന്നാൽ അപ്പോൾ കോൺഗ്രസിന്റെയും വോട്ട് ശതമാനും കൂടുകയാണുണ്ടായത് - 39.45. (രണ്ടു കക്ഷികൾ നേർക്കുനേർ പോരാടുമ്പോൾ സ്വാഭാവികമെന്നും പറയാം) 

അന്നുതൊട്ട് 2014 വരെ ഓരോ തിരഞ്ഞെടുപ്പിലും -ലോക്സഭ, നിയമസഭ, തദ്ദേശം - ബിജെപിയുടെ വോട്ടുശതമാനം കുറയുകയാണു ചെയ്തിട്ടുള്ളത്. 2014 ൽ വേറൊരു അന്തരീക്ഷമായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനുള്ള തിരഞ്ഞെടുപ്പിൽ ഗുജറാത്ത് പ്രൈഡിനുവേണ്ടിയുള്ള വോട്ടാണ് അന്നു ഗുജറാത്തികൾ ചെയ്തത്. അതിനുശേഷം വീണ്ടും ഡൗൺഹിൽ ട്രെൻഡ് തുടർന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ശതമാനം കുറഞ്ഞു. 

താഴേയ്ക്കു സഞ്ചരിക്കുന്ന ഒരു പാർട്ടിയാണ് ബിജെപി പത്തുപതിനഞ്ചു വർഷമായി ഗുജറാത്തിൽ. പക്ഷേ, തോൽവിയിലേക്കു നയിക്കുന്ന തരത്തിൽ ആ വോട്ടുവീഴ്ച പ്രയോജനപ്പെടുത്താൻ പ്രതിപക്ഷ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ആ താഴേയ്ക്കിറക്കത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ഇത്തവണ ബിജെപി ഗുജറാത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവർ എത്രത്തോളം ഫ്രാന്റിക് ആയിരുന്നുവെന്ന് ഇനി പ്രത്യേകം പറയേണ്ടതില്ല, നമ്മൾ കണ്ടതാണ്. 

modi-rahul

ഇത്രയേറെ ഡിഫൻസിവ് ആയ ബിജെപിയെ തറപറ്റിക്കാൻ ഇത്തവണയെങ്കിലും കോൺഗ്രസിനു കഴിയുമോ? സത്യത്തിൽ, ഗുജറാത്തിനു പകരം കേരളമായിരുന്നുവെങ്കിൽ നമുക്ക് ഒരു സന്ദേഹവുമില്ലാതെ പറയാമായിരുന്നു, കോൺഗ്രസ് തൂത്തുവാരുമെന്ന്. 22 വർഷത്തെ ഭരണവിരുദ്ധ വികാരം, ജാതീയ ഘടകങ്ങൾ, ബിസിനസ്, കൃഷി, യൂത്ത് തുടങ്ങി എല്ലാ മേഖലകളിലും വിഭാഗങ്ങളിലുമുള്ള അതൃപ്തി അങ്ങനെ ഒരു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷിക്കു ജയിക്കാൻ എന്തെല്ലാം ഘടകങ്ങൾ ആവശ്യമായുണ്ടോ അതെല്ലാം ഒത്തു വന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 40% വരെയുള്ള സോളിഡ് വോട്ട് ഷെയറിൽനിന്നു കൊണ്ടാണ് പൊരുതുന്നതെന്നു കൂടി ഓർക്കണം. പുഷ്പം പോലെ കോൺഗ്രസ് ജയിക്കേണ്ട സ്ഥിതി. 

ഗുജറാത്ത് കേരളമല്ല..!

പക്ഷേ, കേരളമല്ല, ഗുജറാത്ത് എന്നു നമുക്കറിയാം. ''നമ്മുടെ " പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോൾ മറ്റൊരു പാർട്ടിയെ ഇവിടെ ജയിപ്പിക്കണോ എന്ന മിഡിൽക്ലാസ് ഗുജറാത്തി മനസ് അവിടെ വർക്കു ചെയ്യുന്നുണ്ടാകണം. കോൺഗ്രസിനെയും അതിനെ നയിക്കുന്ന രാഹുലിനെയും ഇപ്പോഴും ക്രെഡിബിൾ ഓൾട്ടർനേറ്റിവ് ആയി കാണാൻ ഗുജറാത്തിലെ മധ്യ, ഇടത്തരം ബിസിനസ് കമ്മ്യൂണിറ്റിക്കു കഴിയുന്നുണ്ടോ എന്നത് മറ്റൊന്ന്. മതാടിസ്ഥാനത്തിൽ വെർട്ടിക്കലി രണ്ടായ സമൂഹമാണ് ഗുജറാത്തിലേത്. കോൺഗ്രസും അനുബന്ധ ജാതീയ സംഘങ്ങളും ഭരണത്തിൽ വരുന്നതിലുള്ള ഭയം ഭൂരിപക്ഷ സമുദായത്തിലുണ്ടായിട്ടുണ്ടാകുമോ? പാക്ക് ഇടപെടൽ, അഹമ്മദ് പട്ടേൽ മുഖ്യമന്ത്രി തുടങ്ങിയ സ്റ്റുപ്പിഡ് ആയ നോൺ ഇഷ്യൂസിനെ ബിജെപി കത്തിക്കാൻ ശ്രമിച്ചത് വെറുതെയല്ല. ജാതി ഗുജറാത്തിലെ മറ്റൊരു വലിയ യാഥാർഥ്യമാണ്. കോൺഗ്രസ് കൂടാരത്തിലുള്ള ജാതി സംഘങ്ങൾക്കു ബദലായുള്ള ജാതി ധ്രുവീകരണം ബിജെപിക്ക് അനുകൂലമായിട്ടുണ്ടാകുമോ? ഇത്തരം പലവിധ ഘടകങ്ങളാണ് നിസാരമായ കെയ്ക്ക് വാക്ക് ആകേണ്ടിയിരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് പ്രശ്നഭരിതമാക്കുന്നത്. 

അതെല്ലാമിരിക്കട്ടെ, എക്സിറ്റ് പോൾ ഫലങ്ങളിരിക്കട്ടെ (ബിഹാറിൽ ബിജെപി ഭരിക്കുമെന്നായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളുടെയും പ്രവചനം. മാത്രമല്ല ഗുജറാത്തിൽ ഒരു ഫിയർ ഫാക്ടർ കൂടിയുണ്ട്. ബിജെപിക്ക് എതിരായി വോട്ടു ചെയ്തു എന്നു പരസ്യമായി പറയാൻ ഏതു ഗുജറാത്തിയും ഒന്നു മടിക്കും), ഒരു ഗട്ട് ഫീലിങ് എന്നോടു പറയുന്നത്, കോൺഗ്രസ് ഗുജറാത്തിൽ മുന്നിലെത്തുമെന്നു തന്നെയാണ്. 

കണക്കുകളിലെ കയറിയിറക്കം

ഗുജറാത്തിൽ പോളിങ് ശതമാനം കണക്കാക്കുമ്പോൾ, 2012ലെ നിയമസഭ തിര‍ഞ്ഞെടുപ്പിലേതല്ല, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കാണ് പരിഗണിക്കേണ്ടത്. കാരണം, ഇവിടെ മോദി - രാഹുൽ മൽസരമാണ് ഒരരർഥത്തിൽ നടന്നത്. ദേശീയതല മൽസരമായിത്തന്നെ ഇതിനെ കാണണം. 

ആദ്യഘട്ട പോളിങ്ങിൽ, ഗ്രാമീണ മേഖലകളിൽ 2014 ലെതിനെക്കാൾ പോളിങ് കൂടി. സെമി അർബൻ മണ്ഡലങ്ങളിൽ ചെറുതായി കൂടി. അർബൻ ഏരിയയിൽ ഏതാണ്ട് ഒപ്പം. ഗ്രാമീണ മേഖല കോൺഗ്രസിനെ പൊതുവേ പിന്തുണയ്ക്കുന്നതാണ്. അവിടെ വോട്ടുശതമാനം കൂടിയതിന്റെ അർഥം ബിജെപിക്കെതിരായി, കോൺഗ്രസിനു വോട്ടു ചെയ്യാൻ ജനം ഉത്സാഹം കാണിച്ചിട്ടുണ്ട്. സെമി അർബൻ മണ്ഡലങ്ങളിലും കോ‍ൺഗ്രസിനു മുൻതൂക്കമുണ്ട്. അവിടെയും ജനം കൂടുതൽ വോട്ടു ചെയ്തു. ബിജെപി അനുകൂല അർബൻ മണ്ഡലങ്ങളിൽ, കാര്യമായ ഉൽസാഹക്കൂടുതൽ ജനം കാണിച്ചിട്ടില്ലെങ്കിൽ അതിനർഥം ബിജെപിയോട് അവർക്ക് മടുപ്പുണ്ട് എന്നാണ്. എന്നാൽ, ബിജെപിയെ തോൽപിച്ച് കോൺഗ്രസിനെ ജയിപ്പിക്കാനുള്ള ഉത്സാഹമില്ല. സോ അവർ കാര്യമായി (കൂടുതലായി) വോട്ടു ചെയ്യാൻ പോയില്ല. ഫലത്തിൽ ഇതും കോൺഗ്രസിന് അനുകൂലമായി വരുന്നു. 

രണ്ടാംഘട്ട പോളിങ്ങിന്റെ വിശദാംശങ്ങള്‍ കിട്ടുന്നതേയുള്ളൂ. എങ്കിലും പോളിങ് ശതമാനം കൂടി എന്നു തന്നെയാണ് സൂചന. പട്ടേൽ സ്വാധീനമേഖലകൾ ഉൾപ്പെടുന്ന, പരമ്പരാഗതമായി ബിജെപി കോട്ടകളായ അർബൻ ഏരിയയിൽ വോട്ടിങ് കൂടുതലാണെങ്കിൽ അത് ബിജെപിക്ക് സന്തോഷിക്കാനുള്ളതല്ല. ഒബിസി മേഖലകളുണ്ട്, അവിടെ കോൺഗ്രസിനെ അൽപേഷ് ഫാക്ടർ സഹായിക്കാതിരിക്കില്ല. ഗ്രാമീണ മേഖല കോൺഗ്രസിനൊപ്പമാണ്. 

ഇതെല്ലാം കൂടി കണക്കിലെടുത്താൽ, ഈ ഘടകങ്ങളെല്ലാം പ്രവർത്തിച്ചാൽ, കോൺഗ്രസ് ഗുജറാത്ത് നേടും. എന്റെ ഫൈനൽ സീറ്റ് പ്രെഡിക്ഷൻ ഇങ്ങനെയാണ്: കോൺഗ്രസ് 95 -105. ഇനി #FingersCrossed till #18DEC..!

MORE IN SPOTLIGHT
SHOW MORE