കണ്ടെയ്നർ ലോറികളില്‍ കുത്തിനിറച്ച കാലികളുടെ കണ്ണില്‍ മുളകു തേക്കുന്നത് എന്തിന് ?

SHARE
cattle-malappuram

വെളിച്ചവും വായുസഞ്ചാരവുമില്ലാതെ കന്നുകാലികളെ കുത്തി നിറച്ചുകൊണ്ടുവന്ന രണ്ടു കണ്ടെയ്നര്‍ ലോറികളാണ് മലപ്പുറത്ത് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. കണ്ടെയ്നറിനുളളില്‍ ഒന്ന് അനങ്ങാന്‍ പോലും സൗകര്യമില്ല. അകത്തേക്ക് വെളിച്ചവുമെത്തില്ല. കണ്ടെയ്നറില്‍ ചെറിയ ദ്വാരമുളളതുകൊണ്ട് പ്രാണവായു മാത്രം ലഭിക്കും. ഒരു കണ്ടെയ്നറില്‍ കുത്തി നിറച്ചിരിക്കുന്നത് ഇരുപത്തഞ്ചോളം കന്നുകാലികളേയാണ്. 

കാലികളിലേതെങ്കിലും യാത്രക്കിടെ ലോറിയില്‍ വീണാല്‍ സ്ഥലസൗകര്യം കുറവായതുകൊണ്ട് തിരിച്ച് എഴുന്നേല്‍ക്കാന്‍ കഴിയില്ല. ഏതു പ്രതിസന്ധിയേയും മറികടന്നും വീണു കിടക്കുന്ന കാലി എഴുന്നേല്‍ക്കാനുളള പൊടിക്കൈയും ലോറിയിലെ ജീവനക്കാര്‍ക്കറിയാം. വീണ കാലിയുടേയും പരിസരത്തുളള കാലികളുടേയും കണ്ണില്‍ അല്‍പം മുളകു തേക്കും. കാലികള്‍ വേദനകൊണ്ട് പുളഞ്ഞ് ചാടി എഴുന്നേറ്റ്  നില്‍ക്കുമെന്നാണ് ജീവനക്കാരുടെ സാക്ഷ്യം. മൈസുരുവില്‍ നിന്ന് തമിഴ്നാട് വഴി കേരളത്തിലെത്തിയ ലോറികളുടെ പിന്‍ഭാഗത്ത് റജിസ്ട്രേഷന്‍ നമ്പര്‍ പോലുമുണ്ടായിരുന്നില്ല. 

കാലികളേയുമായി വരുന്ന ലോറികള്‍ തടഞ്ഞ് ചില സംഘടനകള്‍ പണം തട്ടുന്നത് ഒഴിവാക്കാനാണ് കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നത്. ചെക്ക്്്പോസ്റ്റുകളില്‍ മാത്രം കൈമടക്ക് നല്‍കി രക്ഷപ്പെടും. മൃഗസംരക്ഷണ ഉദ്യോഗസ്ഥരുടേയും ജന്തുസ്നേഹികളുടേയും ഭീഷണികളേയും ഭയപ്പെടേണ്ട കാര്യമില്ല. കന്നുകാലികളുടെ കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍  മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഇടപെടാനില്ലെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പിഴയടപ്പിച്ച ശേഷം കുത്തിനിറച്ച ലോറികളില്‍ നിന്ന് കാലികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശം നല്‍കി മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ മടങ്ങി.  

MORE IN SPOTLIGHT
SHOW MORE