ഗോവയിലെ ഡീ.ജെ പാര്‍ട്ടി വഴിത്തെറ്റിച്ചു; 'ലഹരി ബ്രോ' ആയി മലയാളി ശരണ്‍ സത്യ

sharan-bro
SHARE

തൃശൂര്‍ തൃപ്രയാറില്‍ അര്‍ധരാത്രി വരെ തുറന്നിരിക്കുന്ന ജ്യൂസ് കടയുണ്ട്. നല്ല മധുരമുള്ള ജ്യൂസില്‍ പൊരിയിട്ട് തരും. തണുത്ത ജ്യൂസില്‍ പൊരിയിട്ടു കഴിക്കാന്‍ നല്ലരസമാണ്. ജ്യൂസ് കടയിലേക്ക് രാത്രിയിലും യുവാക്കള്‍ വരും. കാരണം, ചില വിദേശയിനം ലഹരി ഉപയോഗിച്ചാല്‍ അതു നിലനിര്‍ത്തണമെങ്കില്‍ ജ്യൂസ് കഴിക്കണം. ഈ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് 'പൊരി ജ്യൂസ്' കട പൊലീസ് നിരീക്ഷിച്ചത്. ഒരു ദിവസം രാത്രി പതിനൊന്നര ആയിക്കാണും. വലപ്പാട് എസ്.ഐ: ഇ.ആര്‍.ബൈജു തൃപ്രയാറില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഒരു ബൈക്കില്‍ മൂന്നു യുവാക്കള്‍ പാഞ്ഞെത്തിയത്. പൊലീസ് നില്‍ക്കുന്ന വഴിയുടെ പ്രത്യേകത വച്ച് ഇവര്‍ക്ക് ബൈക്ക് നിര്‍ത്താതിരിക്കാനും കഴി‍ഞ്ഞില്ല. മൂന്നു പേരും നല്ല ലഹരി മൂഡില്‍. ജീന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് വിദേശയിനം ലഹരിമരുന്ന്. ഇത് എവിടുന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മൂവരും പറഞ്ഞു.''ശരണ്‍ ബ്രോ തന്നതാണ്''.

ആരാണ് ഈ ശരണ്‍ ബ്രോ?

ശരിക്കുളള പേര് ശരണ്‍ സത്യ. ബാംഗ്ലൂരില്‍ ബി.എസ്.സി. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥി. അച്ഛനും അമ്മയ്ക്കും ഏകമകന്‍. അച്ഛനാണെങ്കില്‍ പഴയകാല സൂപ്പര്‍ഹിറ്റായ ഒരു സിനിമയുടെ ആര്‍ട് ഡയറക്ടര്‍. സാമ്പത്തിക ബുദ്ധിമുട്ടു കാരണം വാടകവീട്ടിലാണ് താമസം. ഏക മകന്‍ നന്നായി പഠിക്കട്ടേയെന്നു കരുതിയാണ് ബാംഗ്ലൂരില്‍ പഠിക്കാന്‍ വിട്ടത്. പഠനത്തോടൊപ്പം മ്യൂസിക് കൂടി കൊണ്ടുപോയപ്പോള്‍ സംഗീതം നല്ലതല്ലേയെന്ന് അച്ഛനും അമ്മയും കരുതി. ബാംഗ്ലൂരിലും ഗോവയിലും സ്ഥിരമായി ഡി.ജെ. പാര്‍ട്ടികള്‍ക്കു പോകുമായിരുന്നു. ഇങ്ങനെ, ഡി.ജെ പാര്‍ട്ടികള്‍ക്കു പോയാണ് നൈജീരിയക്കാരനെ പരിചയപ്പെട്ടത്.

sharan1

ഡു യു വാന്‍ഡ് എ സ്റ്റഫ്

ഗോവയില്‍ ഡി.ജെ പാര്‍ട്ടി നടക്കുകയാണ്. മിക്കവരും എല്‍.എസ്.ഡി. സ്റ്റാംപ് ഉപയോഗിച്ചിട്ടുണ്ട്. മതിമറന്നുള്ള ഡാന്‍സ്. മറ്റൊരു ലോകത്താണ് ഭൂരിഭാഗം പേരും. ബീയര്‍ മാത്രം കഴിച്ചു പാര്‍ട്ടിക്കു ചെന്ന ശരണ്‍ സത്യ അന്തംവിട്ടു നിന്നു. ഇതിനിടെയാണ്, നൈജീരിയക്കാരന്‍ പരിചയപ്പെട്ടത്. 'ഡു യു വാന്‍ഡ് എ സ്റ്റ്ഫ്' സ്റ്റഫ് എന്നു കേട്ടപ്പോഴേ പന്തികേടു തോന്നിയ ശരണ്‍ ഒഴിഞ്ഞുമാറി. ഇതൊന്നു കഴിച്ചു നോക്കൂ. വേറൊരു ലോകം കാണാമെന്ന നൈജീരിയക്കാരന്റെ സമ്മര്‍ദ്ദിനു വഴങ്ങി. ഒരുതവണ ലഹരി ഉപയോഗിച്ചു. പിന്നെ, സ്ഥിരമായി ഡി.ജെ. പാര്‍ട്ടിക്കു പോകുമ്പോള്‍ ഈ ലഹരി നുണയാന്‍ തുടങ്ങി. 

കൂട്ടുകാരെ പരിചയപ്പെടുത്തി

ഡി.ജെ. പാര്‍ട്ടി അടിച്ചുപൊളിച്ചതിന്റെ അനുഭവങ്ങള്‍ ഓരോന്നായി അടുത്ത കൂട്ടുകാരോട് പറഞ്ഞു. പിന്നെ, കൂടുതല്‍ കൂട്ടുകാര്‍ക്കൊപ്പം ഡി.ജെ. പാര്‍ട്ടികളില്‍ പങ്കെടുത്തു തുടങ്ങി. ഒപ്പം, ലഹരിയും. രണ്ടായിരം രൂപയ്ക്കു നൈജീരിയക്കാരന്‍ നല്‍കുന്ന എല്‍ .എസ്.ഡി. സ്റ്റാംപും മറ്റും ഇരട്ടി വിലയ്ക്കു കൂട്ടുകാര്‍ക്കു വിറ്റു. ലഹരിയും ഒപ്പം ചെറിയ പോക്കറ്റ് മണിയും. അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ സ്വന്തം നാട്ടിലെ സുഹൃത്തുക്കള്‍ക്കും ഈ ലഹരി പകര്‍ന്നു നല്‍കി. ആറായിരം രൂപയ്ക്കു ഗോവയില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്നുകള്‍ തൃപ്രയാറില്‍ പന്ത്രണ്ടായിരം രൂപയ്ക്കു വരെ വിറ്റു. തൃപ്രയാറിലെ ചില വിദ്യാര്‍ഥികള്‍ ഇത്തരം ലഹരിയുടെ സ്ഥിരം ആവശ്യക്കാരായി. ലഹരി ദീര്‍ഘനേരം നിലനില്‍ക്കണമെങ്കില്‍ ശരണ്‍ ബ്രോ ഒരുപദേശം നല്‍കി. ''നിങ്ങള്‍ ഇടയ്ക്കിടെ പൊരി ജ്യൂസ് കഴിക്കണം. നല്ല മധരും വായില്‍ എല്ലായ്പ്പോഴും വേണം''. ഈ ഉപദേശം ശിരസാവഹിച്ച കൂട്ടുകാരാണ് അര്‍ധരാത്രി ജ്യൂസ് കഴിക്കാന്‍ വരുമ്പോള്‍ വലപ്പാട് എസ്.ഐ: ഇ.ആര്‍.ബൈജുവിന് മുമ്പില്‍ കുടുങ്ങിയത്.

ന്യൂഇയര്‍ ലഹരി പാര്‍ട്ടി

പുതുവര്‍ഷത്തിന് ഗോവയില്‍ ഒരു ലഹരി പാര്‍ട്ടിയുണ്ട്. ഡി.ജെ. സംഗീത വിരുന്നിനിടെ ലഹരി കിട്ടും. മൂവായിരം രൂപയാണ് ടിക്കറ്റിന്റെ നിരക്ക്. ഇങ്ങനെ, ലഹരി പാര്‍ട്ടിക്ക് ആളെ കൂട്ടാനുള്ള നീക്കത്തിനിടെയാണ് പൊലീസിന്റെ പിടിയിലായത്. കൈവശം, വിവിധയിനം വിദേശ ലഹരിമരുന്നുകള്‍. കഴിഞ്ഞ ആറു മാസമായി ശരണ്‍ ഈ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂറേക്കാലം കൂടി ഈ ലഹരി ഉപയോഗിച്ചിരുന്നെങ്കില്‍ മാനസിക വിഭ്രാന്തി ബാധിച്ച യുവാവിനെ പോലെയാകുമായിരുന്നു. പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ രക്ഷിതാക്കള്‍ പറഞ്ഞു. മോന്‍ ഭയങ്കര ക്ഷീണത്തിലാണ്. രാത്രി ഉറങ്ങാന്‍ കിടന്നതാണ് എന്നിട്ടും ക്ഷീണം മാറാതെ ഉച്ചയായിട്ടും ഉണര്‍ന്നിട്ടില്ല. ബാംഗ്ലൂരില്‍ നിന്നുള്ള യാത്ര ക്ഷീണം, പിന്നെ പഠന ഭാരം. പാവം രക്ഷിതാക്കള്‍ക്ക് മകന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

MORE IN SPOTLIGHT
SHOW MORE