‘മത്സ്യകന്യക ശിശു’ മരണത്തിനു കീഴടങ്ങി

mermaid-baby
SHARE

പഴങ്കഥകളിലെ വിചിത്രരൂപികളായ കഥാപാത്രങ്ങളിലൊന്നിനെപ്പോലെ പിറന്നുവീണ ആ കുഞ്ഞ് മരിച്ചു. മത്സ്യകന്യകയുടേതുപോലെ ഒട്ടിപ്പിടിച്ച കാലുകളുമായി കൊൽക്കത്തയിലെ ആശുപത്രിയിൽ ജനിച്ച കുഞ്ഞാണു നാലു മണിക്കൂറിനുശേഷം മരണത്തിനു കീഴടങ്ങിയത്. ശരീരത്തിന്റെ മുകൾഭാഗം സാധാരണ ശിശുക്കളുടേതുപോലെയായിരുന്നു. കാലുകൾ പാദംവരെ ഒട്ടിച്ചേർന്ന്, മത്സ്യകന്യകയുടെ ശരീരം പോലെയായിരുന്നതിനാൽ കുട്ടി പെൺകുഞ്ഞാണോ ആൺകുഞ്ഞാണോ എന്നു തിരിച്ചറിയാനും കഴിഞ്ഞില്ല. 

കൊൽക്കത്തയിലെ ചിത്തരഞ്ജൻ ദേവ സദൻ ആശുപത്രിയിൽ കഴിഞ്ഞ‍ ആറിനായിരുന്നു അപൂർവശിശുവിന്റെ ജനനം. അമ്മ മുസ്കാര ബീബിക്ക് 23 വയസ്സാണു പ്രായം. കൂലിപ്പണിയെടുത്തു കഴിയുന്ന പാവപ്പെട്ട കുടുംബത്തിൽപെട്ട മുസ്കാര ഗർഭകാലത്ത് അൾട്രാസൗണ്ട് ഉൾപ്പെടെ പരിശോധനകളൊന്നും നടത്തിയിരുന്നില്ല. ശരീരത്തിലെ രക്തയോട്ടത്തിൽ താളപ്പിഴകളുണ്ടാകുന്നതാണു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിച്ചതെന്നു ഡോക്ടർമാർ പറയുന്നു. 

അരയ്ക്കുതാഴെ അസാധാരണ രൂപഘടനയുമായി ജനിക്കുന്ന ശിശുക്കളെയാണു ‘മത്സ്യകന്യകശിശുക്കൾ’ (മെർമെയ്ഡ് ബേബി) എന്നു വിളിക്കുന്നത്. സൈറനോമെലിയ എന്ന രോഗാവസ്ഥയാണിത്. മുഖ വൈരൂപ്യവും അന്ധതയുമുൾപ്പെടെ വേറെയും പ്രശ്നങ്ങളുണ്ടാകാം. റിപ്പോർട്ടുകൾ പ്രകാരം ലോകത്തിൽ ഇതുവരെ അഞ്ചു മത്സ്യകന്യകശിശുക്കൾ പിറന്നിട്ടുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ മത്സ്യകന്യകശിശുവാണു കൊൽക്കത്തയിൽ പിറന്നത്. 

MORE IN SPOTLIGHT
SHOW MORE