തള്ളിമറിച്ചോളാന്‍ അണികളോട് ബി.ജെ.പി നേതാവ്; പ്രസംഗം പിടിവിട്ട് വൈറലായി

SHARE
eshwarappa

"ഒരു കാര്യവും അറിയില്ലെന്ന് പറയരുത്,  ആറിയാത്ത കാര്യത്തെക്കുറിച്ച് ആവശ്യമെങ്കില്‍ കള്ളം പറയാം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൊക്കിപറയുന്നതില്‍ ഒരു തെറ്റുമില്ല " . കര്‍ണാടകയിലെ ബി ജെ പി പ്രവര്‍ത്തകരോട് നിയമനിര്‍മാണ കൗണ്‍സില്‍ കക്ഷിനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പയുടേതാണ് ഈ ഉപദേശം, 

"വാജ്പേയിയുടെ  ഭരണകാലത്ത് പാക്കിസ്ഥാനികള്‍ ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ചതായി നിങ്ങള്‍ക്കറിയാമോ. പക്ഷേ നിങ്ങളത് കണ്ടിട്ടുണ്ടോ. അത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ പറയണം വാജ്പേയ് ഭരണകാലത്ത് പാക്കിസ്ഥാനികള്‍ ഇന്ത്യന്‍ പട്ടാളത്തെ തൊടാന്‍ ധൈര്യം കാണിച്ചിട്ടില്ലന്ന്. അതേ സമയം മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്ത് പാക്കിസ്ഥാന്‍ പട്ടാളം ഇന്ത്യന്‍ പട്ടാളത്തെ ആക്രമിച്ച് കൊലപ്പെടുത്തി.  പക്ഷേ നരേന്ദ്രമോദിയുടെ കാലത്തെക്കുറിച്ച് നിങ്ങള്‍ പറയണം ഒരു പാക്കിസ്ഥാനിയെയും വെറുതെ വിട്ടിട്ടില്ലന്ന്. അങ്ങനെ പറയുന്നതില്‍ എന്താണ് തെറ്റ് . നരേന്ദ്രമോദി കരുത്തനാണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണ്.  നിങ്ങള്‍ക്ക് കൂടുതലൊന്നും അറിയില്ലെങ്കിലും നരേന്ദ്രമോദിയുടെ പേര് ഉപയോഗിച്ച് പൊക്കി പറഞ്ഞുകൊള്ളണമെന്നും മുതിര്‍ന്ന ബി ജെ പി നേതാവായ കെ എസ് ഈശ്വരപ്പ അണികളോട്  പറയുന്നു.  .

ഇതിനോടകം വൈറലായ പ്രസംഗം ജനതാദളും കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. നുണപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതാണ് ബി ജെ പിയുടെ രീതിയെന്ന് വ്യക്തമായാതായി കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു ആരോപിച്ചു. രാഷ്ട്രീയക്കാര്‍ ഇത്രയും തരംതാഴുന്നത് അപമാനകരമാണെന്നായിരുന്നു ജനതാദള്‍ എസ് നേതാവ് വൈ.എസ്.വി. ദത്തയുടെ പ്രതികരണം. എന്നാല്‍ പൊതു പരിപാടിയിലല്ല പാര്‍ട്ടി യോഗത്തിലായിരുന്നു താന്‍ സംസാരിച്ചതെന്നും പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലന്നും ഈശ്വരപ്പ പറഞ്ഞു . 

MORE IN SPOTLIGHT
SHOW MORE