ആ റെഡ് വോളന്റിയര്‍ മാര്‍ച്ചില്‍ നടന്നതെന്ത്..? ചവിട്ടുകൊണ്ട കാര്‍ ഡ്രൈവര്‍ പറയുന്നു

Thumb Image
SHARE

സിപിഎമ്മിന്റെ കാസര്‍കോട് ഉദുമ ഏരിയ സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന റെഡ് വോളന്റിയര്‍ മാര്‍ച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ചിനോട് ചേര്‍ന്ന് മുന്നോട്ട് കയറിവന്ന കാറില്‍ വോളന്റിയര്‍ ക്യാപ്റ്റര്‍ ആഞ്ഞു ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി. രോഗിയുമായി പോയ കാറിനുനേരെ വോളണ്ടിയര്‍ ക്യാപ്റ്റന്റെ പരാക്രമം എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിച്ചത്. എന്നാല്‍ സത്യം അതല്ല.  കാറിന്റെ ഉടമയും, സംഭവസമയത്ത് കറോടിച്ചിരുന്ന കാസര്‍കോട് പരവനടുക്കം സ്വദേശി പ്രസന്നകുമാര്‍ തന്നെയാണ് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയത്. 

ബഹറൈനില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന പ്രസന്നകുമാര്‍ തികഞ്ഞ ഒരു പാര്‍ട്ടി അനുഭാവിയാണ്. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പഴയ ഈ ഡി.വൈ.എഫ്.ഐക്കാരന്‍ നാട്ടിലെത്തിയത് തന്നെ. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒപ്പം വന്ന സുഹൃത്തുക്കളെ വേദിക്ക് സമീപം ഇറക്കിയ ശേഷം കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം.  വോളന്റിയര്‍ മാര്‍ച്ചിന് സമീപമെത്തിയപ്പോള്‍ കാറിന്റെ വേഗത കുറച്ചു. എന്നാല്‍ മാര്‍ച്ചിന് ഒപ്പമുണ്ടായിരുന്നവര്‍ തന്നെ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിനിടെ വോളന്റിയര്‍ ടീമില്‍പ്പെട്ട ഒരാളുടെ കാലില്‍ വാഹനം ചെറുതായി ഉരസുകയും ചെയ്തു. ഇതാണ് വോളന്റിയര്‍ ക്യാപ്റ്റനായ ഉദുമ സ്വദേശി വേണുവിനെ പ്രകോപിപ്പിച്ചത്. 

red-volenteer-march

സംഭവം വിവാദമായതോടെ പാര്‍ട്ടി നേതാക്കള്‍ പ്രസന്നകുമാറിനെ വീട്ടിലെത്തി കണ്ടു. എന്നാല്‍ പ്രശ്നം ഇത്രത്തോളം രൂക്ഷമായതൊന്നും ഇദ്ദേഹം അറിഞ്ഞില്ല. തന്റെ പക്കലും തെറ്റുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിന്റെ പേരില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്നുമാണ് പ്രസന്നകുമാറിന്റെ അപേക്ഷ.  തികച്ചും യാദൃശ്ചികമായ ഒരു പ്രതികരണമാണ് വോളണ്ടിയര്‍ ക്യാപ്റ്റനില്‍ നിന്നുണ്ടായത് എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. റെഡ് വോളന്റിയര്‍ എന്ന നിലയില്‍ വേണു അല്‍പം കൂടി ആത്മനിയന്ത്രണം പുലര്‍ത്തണമായിരുന്നു എന്നും വിലയിരുത്തലുണ്ട്. എന്നാല്‍ സംഭവത്തിന്റെ പേരില്‍ ഒരു നടപടിയെടുക്കുന്നതിനെക്കുറിച്ച് നേതൃത്വം ആലോചിക്കുന്നില്ല. വേണുവിനെതിരെ ഒരു നടപടിയും വേണ്ടെന്നാണ് പ്രസന്നകുമാറും പറയുന്നത്. ജനുവരി ആദ്യം മടക്കയാത്ര തീരുമാനിച്ചിരുന്നെങ്കിലും ഇനി ജില്ലാ സമ്മേളനം കഴിഞ്ഞേ മടങ്ങു എന്നാണ് പ്രസന്നകുമാറിന്റെ തീരുമാനം.

MORE IN SPOTLIGHT
SHOW MORE