അത് വലിയ വീഴ്ച തന്നെയെന്ന് വീണ്ടും പറയാതെ വയ്യ

shani
SHARE

കഴിഞ്ഞ ശനിയാഴ്ച മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത പറയാതെ വയ്യ എന്ന പരിപാടിയില്‍ ഓഖി മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ വിശദീകരിച്ചിരുന്നു. പരിപാടിയുടെ സംപ്രേഷണത്തിന് പിന്നാലെ സിപിഎം അനുഭാവ സൈബര്‍ ഗ്രൂപ്പുകള്‍ ഉള്ളടക്കത്തെക്കുറിച്ച് ആക്രമണം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണീ കുറിപ്പ്. പരിപാടിയുടെ അവതാരകയും മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസറുമായ ഷാനി പ്രഭാകരന്‍ എഴുതുന്നു.

കള്ളം പറഞ്ഞാവരുത് ഭാവിയിലെ പരിപാടികള്‍ എന്ന ആശംസ കണ്ടു. കള്ളം എന്ന വാക്ക്, സത്യസന്ധതയില്‍ വിശ്വാസമുള്ളവര്‍ക്ക് വലിയ പ്രയാസമുണ്ടാക്കും. സത്യമല്ലെന്ന് അറിഞ്ഞുകൊണ്ടു പറഞ്ഞുവയ്ക്കുന്നതാണല്ലോ കള്ളം. അതുകൊണ്ട് ആദ്യം എന്റെ ചോദ്യത്തിന് ദയവായി മറുപടി തരണം. ഓഖി മുന്നറിയിപ്പില്‍ വീഴ്ചയുണ്ടെന്ന് 'പറയാതെ വയ്യ' എന്ന മനോരമ ന്യൂസിലെ പ്രതിവാര പരിപാടിയില്‍ എന്തു കള്ളമാണ് ഞാന്‍ പറഞ്ഞത്. ഒന്നു വ്യക്തമാക്കിത്തരണമെന്ന് അപേക്ഷിക്കുന്നു. 

ഓഖി മുന്നറിയിപ്പ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്്ച വന്നിട്ടുണ്ട് എന്നതാണ് പരിപാടി ഊന്നല്‍ നല്‍കിയ വസ്്തുത. ആവര്‍ത്തിക്കട്ടെ, അത് വസ്തുതയാണ്. ആ വസ്തുതയുടെ ശാസ്ത്രീയ വശം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. രേഖകളും, വിദഗ്ധരുടെ വിശദീകരണവുമടക്കം. 

ockhi-kins

1. ഗൗരവമേറിയ കാലാവസ്ഥാസാഹചര്യം, ശക്തമായ കാറ്റിന് സാധ്യത, അടിയന്തര മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടോ ഇല്ലയോ എന്നീ കാര്യങ്ങളാണ് പറയാതെ വയ്യ അന്വേഷിച്ചത്. സര്‍ക്കാരും മുഖ്യമന്ത്രിയും സൈക്ലോണ്‍ മുന്നറിയിപ്പുണ്ടായിരുന്നില്ല എന്ന ഒറ്റ വാദത്തില്‍ പിടിച്ചു ന്യായീകരിക്കുന്നതിന്‍റെ അര്‍ഥശൂന്യത ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ട്്. 

അതിന്യൂനമര്‍ദം അഥവാ ഡീപ് ഡ്ിപ്രഷന് സാധ്യതയെന്ന മുന്നറിയിപ്പ് കേരളത്തിന് കിട്ടിയ ആദ്യത്തെ അടിയന്തരബുള്ളറ്റിനില്‍ തന്നെയുണ്ട്. ഡിപ്രഷനും ഡീപ് ഡിപ്രഷനും സൈക്ലോണിനു തൊട്ടു മുന്‍പുള്ള അവസ്ഥാന്തരങ്ങളാണ് എന്നതുകൊണ്ടു തന്നെയാണ് കേന്ദ്രകാലാവസ്ഥാകേന്ദ്രം പതിവു മുന്നറിയിപ്പുകള്‍ വിട്ട് തമിഴ്‌നാടിനും കേരളത്തിനും പ്രത്യേകമായി അടിയന്തരബുള്ളറ്റിനുകള്‍ നല്‍കിത്തുടങ്ങിയത്. മനസിലാക്കണം, 29ന് രാവിലെ 11.50 മുതല്‍ ദുരന്തം വിതച്ച 30ന് രാവിലെ വരെ ആറു പ്രത്യേക നമ്പര്‍ ബുള്ളറ്റിനുകള്‍ നമുക്കും കിട്ടിയിട്ടുണ്ട്്. ചീഫ് സെക്രട്ടറി, സുരക്ഷാസേനാമേധാവികള്‍ എന്നിവരടക്കം, സാഹചര്യം കൈകാര്യം ചെയ്യാന്‍ ബാധ്യതപ്പെട്ടവര്‍ക്കെല്ലാം ഈ ബുള്ളറ്റിനുകള്‍ കിട്ടിയിരുന്നു. പ്രത്യേകം പറയട്ടെ, ഇതില്‍ അര്‍ധരാത്രിക്കുള്ള മുന്നറിയിപ്പ്, തിരുവനന്തപുരത്തെ ദുരന്തനിവാരണഅതോറിറ്റി ഓഫിസില്‍ കിട്ടിയെന്നുറപ്പു വരുത്തിയത് സംസ്ഥാന കാലാവസ്ഥാകേന്ദ്രം ഡയറക്ടറെ നേരിട്ട് ഫോണ്‍ ചെയ്താണ് എന്നതോര്‍ക്കണം. 

ockhi-kochi

2. അതായത് 28ന് ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നു എന്നും, അത് അതിന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് കിട്ടിയപ്പോള്‍ മുതല്‍ ജാഗ്രതയിലാകേണ്ടിയിരുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, 30ന് രാവിലെ 8.30ന് അതിന്യൂനമര്‍ദം പ്രഖ്യാപിച്ചപ്പോള്‍ പോലും അനങ്ങിയില്ല. ഗുരുതരമായ വീഴ്ച തന്നെയാണിത്. സൈക്ലോണ്‍ സാധ്യതകളാണ് പ്രവചിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന ശാസ്ത്രീയത പോലും അവര്‍ക്കു മനസിലായില്ല.  ഡിപ്രഷന്‍, ഡീപ്് ഡിപ്രഷന്‍ എന്നീ വാക്കുകള്‍ മനസിലായില്ലെന്നും വാദിക്കാനാകില്ല. കാരണം, കൈക്കൊള്ളേണ്ട നടപടികളില്‍ പ്രത്യേകമായി എടുത്തു പറഞ്ഞിരുന്നു, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് ആദ്യ അടിയന്തര മുന്നറിയിപ്പില്‍ തന്നെയുണ്ട്. 

ഒരു കാര്യം പ്രത്യേകം എടുത്തു പറയട്ടെ, കാലാവസ്ഥാ മുന്നറിപ്പുകള്‍ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന ബുള്ളറ്റിനുകളായതിനാല്‍ ഭാഷയില്‍ പോലും ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ കൃത്യമായ രീതിയുണ്ട്. എന്നു വച്ചാല്‍ ജാഗ്രത പാലിക്കണം, പോകരുത് എന്നിങ്ങനെയുള്ള പറച്ചിലുകള്‍ രണ്ടും വ്യക്തമായ വേറിട്ട മുന്നറിയിപ്പുകളാണ്. ഒന്നുകൂടി, സൂനാമി മുന്നറിയിപ്പില്‍ പോലും ഇതേ വാചകമാണ് കാലാവസ്ഥാ കേന്ദ്രം ഉപയോഗിക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന്. 

ockhi-cyclone-affected

3. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് പതിവുസംഗതിയാണെന്ന് ഈമാസം ആറിന് മനോരമ ന്യൂസ് കൗണ്ടര്‍പോയിന്‍റില്‍ ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീം പറഞ്ഞിരുന്നു. റഹീമിന്റെ ഈ വാദം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. കാലാവസ്ഥ കലുഷിതമാകുമ്പോള്‍ പോലും മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം എന്നാണ് മുന്നറിയിപ്പ്. അത്രമേല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ മാത്രമാണ് കടലില്‍ പോകരുത് എന്നു കൃത്യമായി പറയുന്നത്. അങ്ങനെയൊരു അറിയിപ്പ് അവസാനമായി കൊടുത്തത് മാസങ്ങള്‍ക്കു മുന്‍പാണ്. കാലവര്‍ഷം കനത്തപ്പോള്‍. ഇത്തവണ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ കിട്ടിയിട്ടും അത് മല്‍സ്യത്തൊഴിലാളികളെ അറിയിച്ചില്ലെന്നതു തന്നെയാണ് എന്‍റെ വിമര്‍ശനം. അത് ദുരന്തനിവാരണ അതോറിറ്റിയുടെയും ഫിഷറീസിന്‍റെയും പൊലീസിന്‍റെയുമെല്ലാം ഗുരുതര വീഴ്ചയാണ്. 

ockhi-wind

4. അതെങ്ങനെ എന്നറിയണമെങ്കില്‍ വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടെ അനുഭവം കേള്‍ക്കണം, ഏറ്റവുമൊടുവില്‍ കാലവര്‍ഷകാലത്തെ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പു വരെ എങ്ങനെയാണത് കൈകാര്യം ചെയ്യപ്പെട്ടത് എന്നറിയണം. ഇത്തരത്തിലൊരു മുന്നറിയിപ്പു കിട്ടിയാല്‍ നമ്മുടെ കോസ്റ്റല്‍ പൊലീസ് തീരത്തു മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്‍റ് നടത്തും. ആദ്യം വിഴിഞ്ഞത്തെ പള്ളികളില്‍ അറിയിക്കും. പള്ളി വഴിയും അനൗണ്‍സ്‌മെന്‍റ് നടക്കും. ചെറുവള്ളങ്ങളില്‍ സാധാരണയായി മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാനിറങ്ങുന്നത് ഉച്ച തിരിഞ്ഞു മൂന്നു മണിക്കു ശേഷമാണ്. അവരെല്ലാം ഈ മുന്നറിയിപ്പ് മുന്‍നിര്‍ത്തി പിന്‍മാറും. കരയില്‍ നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴിയോ, സാധ്യമായ ഏതു മാര്‍ഗത്തിലോ കരയിലുള്ളവര്‍ ഉള്‍ക്കടലില്‍ വരെ വിവരമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയും ചെയ്യും. അറിയിപ്പില്‍ പറയുന്ന കാറ്റിന്‍റെ വേഗമനുസരിച്ച് ത്രാണിയുള്ള വലിയ ബോട്ടുകള്‍ ചിലപ്പോള്‍ മുന്നറിയിപ്പ് വകവയ്ക്കാതെ മുന്നോട്ടു പോകും. ആ ബോട്ടുകള്‍ക്കാവട്ടെ, കാറ്റിന്റെ ദിശയനുസരിച്ച് മാറിപ്പോകാനും ശേഷിയുണ്ട്. ചെറുവള്ളങ്ങള്‍ക്ക് കടല്‍ പ്രക്ഷുബ്ധമായാല്‍ പിടിച്ചു നില്‍ക്കാനാകില്ല. 

ockhi-gujarat

നമ്മുടെ വീഴ്ച അറിയാന്‍ അയല്‍പക്കത്ത് കന്യാകുമാരിയില്‍ എങ്ങനെയാണ് ഈ മുന്നറിയിപ്പ് കൈകാര്യം ചെയ്യപ്പെട്ടതെന്ന് മാത്രം അന്വേഷിച്ചാല്‍ മതി. 29ന് ഉച്ചയ്ക്ക് തന്നെ കലക്ടര്‍ നേരിട്ട് സാഹചര്യം വിലയിരുത്തി. വൈകിട്ട് തീരമേഖലയില്‍ മൈക്ക് അനൗണ്‍സ്മെന്റ് ഉണ്ടായി. ലത്തീന്‍ പള്ളികളിലൂടെയും അറിയിപ്പെത്തി. ചെറുവള്ളങ്ങള്‍ കടലില്‍ പോയില്ല. ഉള്‍ക്കടലിലെ ബോട്ടുകള്‍ക്ക് കോസ്റ്റ്ഗാര്‍ഡ് വഴി അറിയിപ്പെത്തിക്കാന്‍ ശ്രമം തുടങ്ങി. പുലര്‍ച്ചെ അഞ്ചിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപനമുണ്ടായി. രാവിലെ മാധ്യമങ്ങള്‍ വഴിയും ജാഗ്രതാ അറിയിപ്പ് നല്‍കി. കേന്ദ്ര കാലാവസ്ഥാ കേന്ദത്തില്‍ നിന്ന് ഒരേ അറിയിപ്പാണ് ലഭിച്ചത് എന്നോര്‍ക്കണം. ഇവിടെയോ..! 30ന് രാവിലെ 8 30ന് കിട്ടിയ അതിന്യൂനമര്‍ദ്ദ പ്രഖ്യാപനം പോലും പരിഗണിക്കപ്പെട്ടില്ല. അതിലുണ്ടായിരുന്ന സൈക്ലോണ്‍ അറിയിപ്പ് ലക്ഷദ്വീപിനല്ലേയെന്ന് ചോദ്യവും..!

5. ഡോ.അഭിലാഷിന്റെ വിശദീകരണം ഉദ്ധരിച്ചത് അല്‍ഭുതകരമാണ്. കാരണം, ഞാന്‍ പറഞ്ഞതും ഡോ.അഭിലാഷ് പറഞ്ഞതും എവിടെയാണ് പരസ്പര വിരുദ്ധമാകുന്നത്. അദ്ദേഹം വിശദീകരിച്ചത് ഇത് സൈക്ലോണായി രൂപപ്പെട്ടത് അതിവേഗമാണ്, അതുകൊണ്ട് അത് പ്രവചിക്കാന്‍ വീഴ്ച വന്നുവെന്നു പറയാനാകില്ല എന്നാണല്ലോ. സൈക്ലോണ്‍ രൂപീകരണത്തെക്കുറിച്ചല്ല സഖാക്കളേ, പറയാതെ വയ്യ പറയുന്നത്. അതിനുള്ള സാഹചര്യമൊരുങ്ങുന്നുവെന്നും കടല്‍ അപകടാവസ്ഥയിലെന്ന മുന്നറിയിപ്പ് മനസിലാക്കുകയോ മല്‍സ്യത്തൊഴിലാളികളെ ഗൗരവത്തോടെ അറിയിക്കുകയോ ചെയ്തില്ലെന്നുമാണല്ലോ പറയുന്നത്. ഈ കാറ്റെല്ലാം ചുഴലിയാണെന്ന് പോലും മുഖ്യമന്ത്രിക്കു ആരും പറഞ്ഞുകൊടുത്തിട്ടില്ല എന്നോര്‍ക്കണം. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കിട്ടിയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതു മുഴുവന്‍ സൈക്ലോണ്‍ പ്രഖ്യാപനത്തെക്കുറിച്ചാണ്. ശാസ്ത്രീയമായി അത് അറിയിക്കാനുള്ള സമയം കിട്ടിയിരുന്നില്ലെന്നാണല്ലോ ഡോ. അഭിലാഷും പറയുന്നത്. അപ്പോള്‍ തെറ്റുന്നത് ദേശാഭിമാനി വാര്‍ത്തയല്ലേ. കേന്ദ്രകാലാവസ്ഥാകേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് ലീഡ് വാര്‍ത്ത കൊടുത്തത് ദേശാഭിമാനിയല്ലേ. അതു കൂടി സ്ഥാപിക്കുകയായിരുന്നോ ഒളിയിടങ്ങളില്‍ ഇരുന്ന് വിമര്‍ശനം എയ്യുന്നവരുടെ ഉദ്ദേശം..? 

ockhi-1

6. സൈബര്‍ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡോ.അഭിലാഷിനെക്കൂടി വിളിച്ചുറപ്പിച്ചു. ഡീപ് ഡിപ്രഷന്‍ എന്ന മുന്നറിയിപ്പ് ആധുനിക ഉപഗ്രഹാധിഷ്ഠിത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയതിന് ശേഷം ഒരിക്കല്‍ പോലുമുണ്ടായിട്ടില്ലാത്ത അപൂര്‍വസാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് അറിയുന്നത്. 1979 മുതലാണ് നമ്മള്‍ ഉപഗ്രഹങ്ങളെ ആശ്രയിച്ച് കാലാവസ്ഥ വിലയിരുത്തിത്തുടങ്ങിയത്. അതായത്  നാല് പതിറ്റാണ്ടിനിടയിലെ ആദ്യത്തെ ഡീപ് ഡിപ്രഷന്‍ മുന്നറിയിപ്പ് കിട്ടിയാല്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നല്‍കേണ്ടിയിരുന്നത് അസാധാരണ മുന്നറിയിപ്പാണെന്നും ഡോ.അഭിലാഷ് കൂടി പറഞ്ഞുറപ്പിക്കുന്നു. ഓഖി ദുരന്തത്തെക്കുറിച്ച് വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധസമിതി അംഗമായ അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ ആ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. 

7. 'പറയാതെ വയ്യ'യില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സ്വന്തം അഭിപ്രായമായിരുന്നില്ല എന്നു കൂടി വ്യക്തമാക്കട്ടെ. നന്നായി അധ്വാനിച്ചു തന്നെ തയാറാക്കിയ റിപ്പോര്‍ട്ടാണിത്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ മുതല്‍ സംസ്ഥാനതലത്തിലെ എല്ലാ വിദഗ്ധരുമായും സംസാരിച്ചും വിവരങ്ങള്‍ ശേഖരിച്ചുമാണത് തയ്യാറാക്കിയത്. സര്‍ക്കാര്‍ ഏജന്‍സികളായതിനാല്‍ പരസ്യ പ്രതികരണത്തിന് പരിമിതികളുള്ളതുകൊണ്ടും, രാഷ്ട്രീയമായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് അവര്‍ മാറിനില്‍ക്കുന്നത്. പരിപാടിയില്‍ പ്രതികരിച്ച ഡോ.സോമന്‍, തിരുവനന്തപുരം ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ റിസോഴ്‌സസ് അനാലിസിസ് വകുപ്പ് മേധാവിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അനുഭവസമ്പത്തോടെയാണ് വീഴ്ച ഗുരുതരമെന്നു വ്യക്തമാക്കിയത്. 

ockhi-protest

8. നിങ്ങള്‍ക്കാര്‍ക്കും സ്വന്തം നിലയിലും അന്വേഷിക്കാം. നിങ്ങള്‍ ന്യായീകരിക്കുന്നത് സൈക്ലോണ്‍ മുന്നറിയിപ്പു വൈകിയിരുന്നുവെന്നാണ്. ഞാന്‍ പറയുന്നത് ഇത്രയും മല്‍സ്യത്തൊഴിലാളികളുടെ ജീവനാണ് നമുക്ക് നല്‍കേണ്ടി വന്ന വില, അത് ഒഴിവാക്കാന്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ 24 മണിക്കൂര്‍ മുന്നേ നമുക്ക് കിട്ടിയിരുന്നു എന്നാണ്. മനസിലാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ ഇനിയും സൈക്ലോണ്‍ എവിടെ, സൈക്ലോണ്‍ എവിടെ എന്നു ചോദിച്ചുകൊണ്ടേയിരിക്കാം. അപകടമെന്നു പറഞ്ഞത് അവഗണിച്ച് , സൈക്ലോണ്‍ പ്രഖ്യാപിച്ച ശേഷമേ അനങ്ങാന്‍ ബാധ്യതയുണ്ടായിരുന്നുളളൂവെന്ന് വിലപിക്കാം. ഭക്തര്‍ക്ക് അതൊരാശ്വാസമാകും.(അന്ധമായി വിശ്വസിക്കുന്നവരെ, സത്യാന്വേഷണത്തിനു തയാറാകാത്തവരെ മാത്രമാണുദ്ദേശിച്ചത്. ഇനിയും അവരെ അങ്ങനെ തന്നെ വിളിക്കാനും ആഗ്രഹിക്കുന്നു).

cyclone-Ockhi-11

9. മാധ്യമവിമര്‍ശനത്തിലൊന്നും അസഹിഷ്ണുതയേയില്ല. പക്ഷേ ഒരു വസ്തുതയെ തിരിച്ചറിയാതെയുള്ള ആക്രോശങ്ങള്‍ ഖേദകരമാണ്. വസ്തുത, അതെത്രമേല്‍ അപ്രിയമായാലും റിപ്പോര്‍ട്ട് ചെയ്യുകയാണ് ഞങ്ങളുടെ ജോലി. എല്ലാ വസ്തുതയും റിപ്പോര്‍ട്ട് ചെയ്യാനായില്ലെങ്കിലും, പറയുന്നത് വസ്തുതയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. 

MORE IN SPOTLIGHT
SHOW MORE