ആരൊക്കെ ഇണചേരണമെന്നു ഭരണകൂടം തീരുമാനിക്കട്ടെ

deepika-padukone
SHARE

ചിത്തോറിലെ റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ഖില്‍ജിയും കഥാപാത്രങ്ങളാകുന്ന ബോളിവുഡ് ചിത്രം റാണി പത്മാവതി ഇപ്പോള്‍തിയറ്ററുകളിലില്ല, കോടതികള്‍കയറി ഇറങ്ങുകയാണ്. റാണിയും ഖില്‍ജിയും തമ്മില്‍പ്രണയമില്ലായിരുന്നുവെന്നും ചിത്രത്തില്‍ അതുണ്ടെന്ന വാദവുമായി രജപുത്രസംഘടനകള്‍ വാളെടുത്തതോടെയാണ് ഈ സഞ്ജയ് ലീലാ ബാന്‍സാലി ചിത്രത്തിന് ഇങ്ങനെ ഒരു ഗതികേടുണ്ടായത്. നാളെ ഖില്‍ജി ലൗ ജിഹാദിന്റെ സ്ഥാപകനാണെന്നു വാദിക്കുമോ എന്നറിയില്ല. 

കലയോട് ഏറ്റവും അസഹിഷ്ണതോയോടെ പെരുമാറുന്ന കാലം ഇതാണെന്നു തോന്നുന്നു. അങ്ങനെ പറയുമ്പോഴും പഴയ കാലത്തെ ഒരു സിനിമയുടെ കഥയും വിധിയും കൂടി നാം കാണാതെ പോകരുത്. 

അമൃത് നഹാത്ത എന്ന ജനതാപാര്‍ട്ടിക്കാരനായ പാര്‍ലമെന്റംഗം 1975ല്‍ നിര്‍മിച്ച ആ ചിത്രത്തിന്റെ പേര് ചരിത്രം ഇപ്പോഴും നമ്മെ ഓർമപ്പെടുത്തുന്നുണ്ട് താനും. ശബാനാ അസ്മിയും ഉൽപ ദത്തും രഹാനാസുല്‍ത്താനും മനോഹര്‍സിങ്ങും അഭിനയിച്ച ആ ചിത്രത്തിന്റെ പേര് 'കിസാ കൂര്‍സീ കാ'. ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. അന്നത്തെ ഭരണാധികാരികളായ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയെയും പരിഹസിക്കുന്നതാണ് പ്രമേയമെന്ന കാരണത്താലായിരുന്നു അത്. സഞ്ജയ് ഗാന്ധി മാരുതി കാര്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ട സമയമായിരുന്നു അത്. ചിത്രത്തില്‍ ഇതേച്ചൊല്ലിയുള്ള തമാശകളുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഉപജാപകസംഘത്തിലുണ്ടായിരുന്ന ധീരേന്ദ്രബ്രഹ്മചരിയേയും ആര്‍.കെ.ധവാനെയും ചിത്രം പരിഹസിച്ചിരുന്നതായും ആരോപണമുണ്ടായി.

കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം എന്നൊക്കെ അണിയറപ്രവര്‍ത്തകര്‍ വാദിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇന്ത്യകണ്ട ഏറ്റവും ശക്തയായ ഭരണാധികാരി എന്നൊക്കെ നാം പറയുന്ന ഇന്ദിരഗാന്ധിയേക്കാള്‍ അടിയന്തരാവസ്ഥയില്‍ രാജ്യം ഭരിച്ചത് മകനായ 29 കാരന്‍സഞ്ജയ് ഗാന്ധിയായിരുന്നല്ലോ. അക്കാലത്ത് കിസാ കുര്‍സീകായുടെ പ്രിന്‍റുകള്‍മാത്രമല്ല, നെഗറ്റീവുവരെ പിടിച്ചടുക്കപ്പെട്ടു. ഗുര്‍ഗാണിലെ മാരുതി കമ്പനി കെട്ടിടത്തില്‍വച്ചു എല്ലാം ‘വെളിച്ചം’ കണ്ടു. അതായത് അഗ്നിക്കിരയായി. 

പിന്നീട് ജനതാപാര്‍ട്ടി അധികാരത്തില്‍വന്നപ്പോള്‍നിയോഗിച്ച ഷാ കമ്മിഷന്‍ ഇതില്‍ സഞ്ജയ് ഗാന്ധി കുറ്റക്കാരനാണെന്നു കണ്ടെത്തി.  അദ്ദേഹത്തിന് ഈ കേസില്‍ ഒരുമാസം തിഹാര്‍ ജയിലില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്. മുംബൈയില്‍ നടന്ന ഒരു കോണ്‍ഗ്രസ് റാലിയില്‍ പാടാന്‍ വിസമ്മതിച്ചതിന് ഗായകന്‍കിഷോര്‍കുമാറിന്‍റെ പാട്ടുകള്‍ ആകാശവാണി നിരോധിച്ച ഒരു കാലവുമുണ്ട് ചരിത്രത്തില്‍.

ആ കോമാളിത്തരങ്ങള്‍ എ​ല്ലാം പിന്നെയും ആവര്‍ത്തിക്കപ്പെടുന്നു. ഒരിക്കല്‍ കിസാ കുര്‍സീ കായെങ്കില്‍ ഇപ്പോള്‍ പത്മാവതി എന്നേയുള്ളൂ. അന്ന് ആ ചിത്രത്തിൽ പ്രവർത്തകർ ക്രൂശിക്കപ്പെട്ടെങ്കിൽ ഇന്നു ബൻസാലിയും റാണി പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണും ആക്രമിക്കപ്പെടുന്നു.  അടിയന്തരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതുപോലെ സിനിമകള്‍ക്കും തിരക്കഥ എഴുതുംമുന്‍പേ അത് ഏര്‍പ്പെടുത്താവുന്നതാണ്. 

ആരൊക്കെ തമ്മില്‍പ്രണയിക്കണമെന്നും ആരൊക്കെ തമ്മില്‍ ഇണചേരാമെന്നും ഇനി മതസംഘടനകളും ഭരണകൂടവും തീരുമാനിക്കട്ടെ. ജീവിതത്തിന് നിയതമായ ഒരു തിരക്കഥയില്ലെങ്കിലും നമ്മുടെ സിനിമയ്ക്ക് സെന്‍സര്‍ഷിപ്പിനാല്‍'അനുഗ്രഹീതമായ' തിരക്കഥയുണ്ടാകട്ടെ. അങ്ങനെ സിനിമ ജീവിതമല്ലാതാകട്ടെ, കലയുടെ അളിഞ്ഞ മൃതദേഹമാകട്ടെ. 

MORE IN SPOTLIGHT
SHOW MORE