ഉടുമ്പന്‍ചോലയില്‍ കണ്ട ഉരുക്കു വനിത

cameraku-munnil-pinnilum-mahel-poloor
SHARE

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ കാര്‍ഷിക വിശേഷങ്ങള്‍ അവതരിപ്പിച്ച 'നാട്ടുപച്ച'യുടെ ഷൂട്ടിനുശേഷമാണ് പ്രോഗ്രാം പ്രൊഡ്യൂസര്‍ ടോണി ജോസ് അടുത്ത എപ്പിസോഡിനെക്കുറിച്ച് പറയുന്നത്. 'മഹേഷേ... ശാന്തന്‍പാറക്കപ്പുറത്ത് ഏലകൃഷി നടത്തുന്ന ഒരു വനിതാ കര്‍ഷകയുണ്ട്. ഏലം മാത്രമല്ല, കുരുമുളകും ആടും പശുവും പച്ചക്കറിയും ഏല്ലാമുണ്ട്. ഗംഭീരമായി ഷൂട്ട് ചെയ്യാവുന്ന സ്റ്റോറി ആയിരിക്കും...'. കേട്ടപാടെ ആ ഷൂട്ടിനായി എന്റെ മനസ്സ് ഒരുങ്ങി കഴിഞ്ഞിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകീട്ട് ഞങ്ങളങ്ങനെ ശാന്തന്‍പാറക്ക് തിരിച്ചു. യാത്രയിലുടനീളം കൃഷിയെക്കുറിച്ചുള്ള സംസാരമായിരുന്നു. മുന്‍പ് ചെയ്ത എപ്പിസോഡുകളെക്കുറിച്ച് പ്രൊഡ്യൂസര്‍ കൃത്യമായി വിവരിച്ചു തന്നു. ക്യാമറാ സഹായി അഖിലും ഞങ്ങളുടെ സാരഥി സന്തോഷും ഇടുക്കി യാത്രയില്ലെ തങ്ങളുടെ മുന്‍കാല അനുഭവങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു.. ബിഎസ്എസ് കാര്‍ഷിക വിജ്ഞാന്‍ കേന്ദ്രത്തിലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ബിനു ജോണാണ് ഞങ്ങളെ ശാന്തന്‍പാറക്ക് ക്ഷണിച്ചത്. എവിടെ എത്തിയെന്നന്വേഷിച്ച് ഓരോ അരമണിക്കൂറിലും  ഫോണിലേക്ക് ബിനുസാറിന്‍റെ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. വളവും തിരിവും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര കടുത്ത ശാരീരിക ക്ഷീണമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. കൊച്ചിയിലെ കടുത്ത ചൂടില്‍നിന്നു മലനാട്ടിലെ തണുപ്പിലേക്കുള്ള ആ യാത്ര ആദ്യം തൊട്ടേ മറക്കാന്‍ പറ്റാത്തതായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ഞങ്ങള്‍ ശാന്തന്‍പാറയിലെ താമസസ്ഥലത്ത് എത്തി. 

അസ്ഥിയിലേയ്ക്ക് അരിച്ചിറങ്ങുന്ന കടുത്ത തണുപ്പിനിടയില്‍ ബിനുസാര്‍ ആ വനിതാ കര്‍ഷകയുടെ കഥ പറഞ്ഞു തുടങ്ങി. 21-ാം വയസ്സില്‍ തമിഴ്നാട്ടില്‍നിന്നും വേരറുത്ത് ഉടുമ്പന്‍ചോലയിലേയ്ക്ക് തന്റെ ജീവിതം പറിച്ചുനട്ട ഒരുപെണ്‍കുട്ടി. നൊന്തുപ്രസവിച്ച രണ്ട് പെണ്‍കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് നാടും വീടും ഉപേക്ഷിക്കേണ്ടി വന്നവള്‍.! ഭര്‍ത്താവിന്റെ ബിസിനസ് തകര്‍ന്ന് ജീവിതം വഴിമുട്ടിയതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ചങ്കുറപ്പോടെ മുന്നിട്ടറങ്ങിയ ധീരയായ പെണ്‍കുട്ടി. കുട്ടികളെ ബന്ധുക്കളെ ഏല്‍പ്പിച്ച് ഉടുമ്പന്‍ചോലയിലെ കാട് തേടി പോന്നവള്‍. കൈയ്യിലും കഴുത്തിലും ഉള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തം പിതാവിന് ഊരി നല്‍കിയാണ് അവര്‍ മനുഷ്യവാസം പോലുമില്ലാത്ത മലനാട്ടിലെ പത്തേക്കറിന്റെ പ്രമാണം എഴുതി വാങ്ങിയത്. അങ്ങനെ, വിശേഷണങ്ങള്‍ക്കൊടുവില്‍ ബിനുസാര്‍ അവരുടെ പേര് പറഞ്ഞു തന്നു - 'മലര്‍വിഴി മനോഹരന്‍'.

സാധാരണ ഒരു ഷൂട്ടിനു പോകുന്നതിനെക്കാള്‍ വെല്ലുവിളിയുണ്ടായിരുന്നു ഈ സ്റ്റോറിക്ക്. കാര്‍ഷിക വിളകളുടെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നതിനപ്പുറം ഒരാളുടെ ജീവിതവും ആളുകള്‍ അറിയേണ്ടതുണ്ട്. ശാന്തന്‍പാറയിലെത്തി രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കത്തിനിടയില്‍ ഞെട്ടി ഉണര്‍ന്നപ്പോഴും പിറ്റേദിവസത്തെ ഷൂട്ടിനെക്കുറിച്ചായിരുന്നു ചിന്ത.

രാവിലെ തന്നെ ഞങ്ങള്‍ ഉടുമ്പന്‍ ചോലയിലെ 'മലര്‍വിഴിസാമ്രാജ്യ'ത്തിലേയ്ക്കെത്തി. നിറപുഞ്ചിരിയുമായി വീടിന്റെ മുറ്റത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു മലര്‍വിഴി. പ്രായം അന്‍പതു കഴിഞ്ഞെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടത്തെ യാതനകളൊന്നും ആ മുഖത്ത് കാണാനില്ല. 'ബിനു സാര്‍ ഇന്നലെ പറഞ്ഞുതന്ന കഥയിലെ നായികയ്ക്ക് ഇങ്ങനെ പുഞ്ചിരിക്കാനാകുമോ എന്ന ചിന്തയും മനസ്സില്‍ ഇല്ലാതിരുന്നില്ല'. ഇപ്പോള്‍ 48 ഏക്കറിലാണ് കൃഷി. ആദ്യം ഏലത്തെക്കുറിച്ച് ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. പ്രോഗ്രാം പ്രൊഡ്യൂസര്‍ക്കൊപ്പം ഞങ്ങള്‍ ഏലത്തോട്ടത്തിലേക്ക് തിരിച്ചു. ഏലത്തിന്റെ സവിശേഷ ഗുണങ്ങളും കൃഷി രീതികളും ബിനു സാര്‍ വിശദമായി പറഞ്ഞു തന്നുകൊണ്ടിരുന്നു... ഒരു കൃഷി ഓഫിസര്‍ ഷൂട്ടിനിടെ ഒപ്പം നിന്ന് കാര്യങ്ങള്‍ പറഞ്ഞുതരുന്നത് അപൂര്‍വമാണ്. ഏലക്കാട്ടില്‍ വന്നു വീഴുന്ന സൂര്യപ്രകാശത്തിന്‍റെ വിന്യാസത്തില്‍ അസ്വസ്ഥനായി ഞാന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍, മലര്‍വിഴി തന്റെ ജീവിത പോരാട്ടയാത്ര പ്രോഗ്രാം പ്രൊഡ്യൂസറോട് പറയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവര്‍ കണ്ണീര്‍ പൊഴിക്കുന്നതും ദൂരെ നിന്നു ഞാന്‍ കണ്ടു. പിന്നീട് പ്രൊഡ്യൂസര്‍ വന്നുപറഞ്ഞപ്പോളാണ് കേട്ടതിനെക്കാള്‍ ഏറെയാണ് യഥാര്‍ഥ മലര്‍വിഴിയെന്ന വിവരം അറിയുന്നത്. ആത്മഹത്യയുടെ വക്കിലേയ്ക്ക് വന്നെത്തിയതും അതിനുള്ള ശ്രമം നടത്തിയതുമെല്ലാം അവര്‍ പറഞ്ഞു. ഏലത്തോട്ടത്തിലെ ഷൂട്ടിനുശേഷം കുരുമുളക് കൃഷിയാണ് ചിത്രീകരിച്ചത്. മരത്തില്‍ പടര്‍ത്തിയുള്ള കൃഷിരീതിക്കൊപ്പം കോളം മാര്‍ഗത്തിലൂടെയുള്ള നവീന കൃഷി സമ്പ്രദായവും ഇവിടെ തുടങ്ങിയിട്ടുണ്ട്. ഉച്ചയൂണിന് സമയമായപ്പോഴേക്കും ഒരുപാട് വിഭവങ്ങളൊരുക്കി മലര്‍വിഴി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. വയറുനിറഞ്ഞെന്ന് പറഞ്ഞപ്പോള്‍ ഇതുംകൂടി കഴിച്ചിട്ടെഴുന്നേറ്റാല്‍ മതിയെന്ന് പറഞ്ഞ് ഒരുപിടി ചോറ് കൂടി തന്ന് മലര്‍വിഴി ‘അമ്മ’യായി.

ഏലയ്ക്കയുടെ സംസ്കരണമായിരുന്നു ഉച്ചയ്ക്കുശേഷം ആദ്യം ചിത്രീകരിച്ചത്. ഇടുങ്ങിയ മരപ്പലകയുടെ ഗോവണി കയറിചെന്നെത്തുന്നിടത്ത് ഏലയ്ക്കാ സംസ്കരണത്തിനുള്ള ന്യൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മല്‍സ്യകൃഷിയും അക്വാപോണിക്സ് കൃഷി രീതിയുമെല്ലാം വളരെ വിശദമായി തന്നെ ദൃശ്യവല്‍ക്കരിച്ചു. ഓരോ നിമിഷവും കൃഷിയിലെ തന്റെ അറിവും പരീക്ഷണങ്ങളും പങ്കുവച്ച് മലര്‍വിഴി ഞങ്ങള്‍ക്ക് അദ്ഭുതങ്ങള്‍ തന്നുകൊണ്ടേയിരുന്നു. ഉള്ളില്‍ കത്തിയെരിഞ്ഞ കനലുകള്‍ ഊര്‍ജമായി പ്രവഹിച്ച് നേടിയ ആത്മവിശ്വസമാകാം അവര്‍ പ്രകടിപ്പിക്കുന്നത്. വളരെയധികം നടന്ന് ക്ഷീണിച്ചാണ് ആദ്യ ദിവസത്തെ ഷൂട്ട് അവസാനിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെ നല്ല തണുപ്പായിരുന്നു. സെറ്ററിനുള്ളില്‍ ശരീരത്തെ ഒളിപ്പിച്ചാണ് ഷൂട്ടിന് പോയത്. ഇന്ന് ഉച്ചയ്ക്ക് മുന്‍പേ ഷൂട്ട് പൂര്‍ത്തിയാക്കി മലയിറങ്ങണം. ആടും പശുവും മുയലും പൂക്കളുമെല്ലാം വിശദമായി തന്നെ പകര്‍ത്തി. പച്ചക്കറി കൃഷിയിലെ വ്യത്യസ്ത പരീക്ഷണങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനരീതിയും മലര്‍വിഴി പറഞ്ഞു തന്നു. തലേന്ന് കണ്ടതിനേക്കാള്‍ ആത്മവിശ്വാസവും ഊര്‍ജവുമെല്ലാം അവരില്‍ കാണാമായിരുന്നു. വീടിന്റെ പുറകിലെ തേനിച്ചക്കൂട് ഷൂട്ട് ചെയ്യുന്നതിനിടയിലാണ് ആകാശത്തിന്റെ അനന്തതയില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയ ഒരു ചിലന്തിയെ കണ്ടത്. മലര്‍വിഴിയെ ഞങ്ങള്‍ അങ്ങോട്ടു വിളിച്ചു. ചിലന്തിവലയില്‍നിന്നു അവരുടെ മുഖത്തേക്ക് എന്റെ ക്യാമറയുടെ ഫോക്കസ് ഷിഫ്റ്റ് ചെയ്തു. ഈ സ്റ്റോറിയില്‍ ഞാന്‍ ഷൂട്ട് ചെയ്ത് ഏറ്റവും മനോഹരമായ നിമിഷം അതാണെന്നെനിക്കു തോന്നുന്നു. ഒരു തരത്തില്‍ പറഞ്ഞാന്‍ ആ ചിലന്തി തന്റെ സ്വപ്നക്കൂട് നെയ്തത് പോലെയാകാം മലര്‍വിഴിയും തന്റെ ജീവിതം കോര്‍ത്തിണക്കിയത്.

ക്യാമറയ്ക്ക് മുന്നിലിരുന്ന് കാര്യങ്ങള്‍ പറയാന്‍ തനിക്ക് പറ്റില്ലെന്ന് അവര്‍ നേരത്തേ പറഞ്ഞിരുന്നു. ക്യാമറ കാണാത്ത രീതിയില്‍ സെറ്റ് ചെയ്യാന്‍ പറ്റുമോ എന്നാണ് പ്രൊഡ്യൂസര്‍ എന്നോട് ചോദിച്ചത്. ദൂരെ മാറി കുരുമുളകിന്റെ ഇലയെ മറയാക്കി ഞാന്‍ ഫ്രെയിം വച്ചു. സാധാരണ രാഷ്ട്രീയക്കാര്‍ അഭിനയിക്കുന്നതും സിനിമാതാരങ്ങള്‍ അഭിനയിക്കാതിരിക്കുന്നതും  ഒക്കെ ഞങ്ങളുടെ ക്യാമറയ്ക്ക് മുന്നിലാണ്. പക്ഷേ മലര്‍വിഴിയുടേത് തുറന്നുപറച്ചിലായിരുന്നു. മക്കളെക്കുറിച്ചും ജീവിതത്തില്‍ അനുഭവിച്ച യാതനകളെക്കുറിച്ചും പറഞ്ഞവര്‍ വിതുമ്പിയപ്പോള്‍ അവരുടെ കലങ്ങിയ കണ്ണുകളായിരുന്നു എന്റ ഫ്രെയിം. പോരാട്ടത്തിനൊടുവില്‍ വിജയഗാഥ രചിച്ച് മുന്നേറുന്ന കഥ മലര്‍വിഴി വിവരിക്കുമ്പോള്‍ അസാമാന്യമായി കരുത്താര്‍ജിച്ച ഒരു ധീര വനിതയ്ക്ക് മുന്നില്‍ നാമറിയാതെ കൈക്കൂപ്പി നിന്നുപോകും.

റോഡും വീടും ഇടവഴികള്‍ പോലുമില്ലാതിരുന്ന കാലത്ത് വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്ന ഏലത്തോപ്പിലേയ്ക്ക് തനിക്കൊപ്പം വന്ന മുത്തി ഇന്നും മലര്‍വിഴിക്ക് അമ്മയാണ്. തന്റെ കൃഷിത്തോട്ടത്തിലെ തൊഴിലാളികള്‍ മലര്‍വിഴിയെ അമ്മേയെന്ന് ഉച്ചത്തില്‍ വിളിക്കുന്നത് കേള്‍ക്കാമായിരുന്നു.

അല്‍പ്പം മാറി മലമുകളിലേയ്ക്കുള്ള കോഴിഫാമിലേയ്ക്കും മഴമറ കൃഷി സംവിധാനം ഒരുക്കിയിട്ടുള്ള മലമുകളിലേയ്ക്ക് പോകുവാന്‍ 4 വീല്‍ ഡ്രൈവ് ജീപ്പ് ജീപ്പെടുത്ത് അവര്‍ തയാറായി. ഓഫ് റോഡിലെ കുഴികളും കല്ലുകളും കടന്ന് മലക്കു മുകളില്‍ കയറ്റി അവര്‍ നില്‍ക്കുന്നതു കാണുമ്പോള്‍ ഒരു ജേതാവിനെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം മലര്‍വിഴി പറഞ്ഞു, ഇടുക്കിയില്‍ എവിടെ വന്നാലും ഇങ്ങോട്ട് വരണമെന്ന്. എന്റെ കരിയറില്‍ ഇത്ര പോസിറ്റീവായ ഒരാളെ ക്യാമറയില്‍ പകര്‍ത്തിയിട്ടല്ലയെന്ന് ആത്മാര്‍ഥമായി ഞാനും പറഞ്ഞു. മുഖത്തോടൊപ്പം തിളക്കമുള്ള കണ്ണുകളിലും വിരിഞ്ഞ പുഞ്ചിരിയായിരുന്നു മറുപടി.

ഇക്കഴിഞ്ഞ ശനിയാഴ്ച 'നാട്ടുപച്ച'യുടെ എപ്പിസോഡ് സംപ്രേഷണം ചെയ്തു. ഗാംഭീര്യമുള്ള തന്‍റെ ശബ്ദത്തിലൂടെ ഫിജി തോമസ് മലര്‍വിഴി മനോഹരന്റെ വിശേഷങ്ങള്‍ ലോകത്തിനു പകര്‍ന്നു നല്‍കി. ഒരാഴ്ച പിന്നിടുമ്പോഴും മലര്‍വിഴിയുടെ വിശേഷങ്ങള്‍ പങ്കുവച്ച 'നാട്ടുപച്ച'യുടെ ചിത്രീകരണം മനസ്സില്‍നിന്നു മായുന്നില്ല...! കാരണം, ഞങ്ങള്‍ കണ്ടത് 'ഉടുമ്പന്‍ചോലയിലെ ഉരുക്കുവനിത'യെ ആയിരുന്നു.

MORE IN SPOTLIGHT
SHOW MORE