ചപ്പാത്തി മാവിനൊപ്പം കൈ യന്ത്രത്തില്‍ കുടുങ്ങി; കൈ പുറത്തെടുക്കാന്‍ വൈകിയതിന്റെ കാരണം?

police-academy-thrissur
SHARE

തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ ചപ്പാത്തി മാവ് കുഴയ്ക്കുന്നത് വലിയ യന്ത്രത്തിലിട്ടാണ്. കുറേ പൊലീസുകാരും ട്രെയിനുകളും ഉള്ളതല്ലേ. ചപ്പാത്തി കുറേയെണ്ണം വേണം. ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ പുറമെ നിന്നു തൊഴിലാളിയെ ജോലിക്കു വച്ചിട്ടുണ്ട്. ചപ്പാത്തി മാവ് കുഴയ്ക്കാന്‍ ആട്ടപ്പൊടി യന്ത്രത്തിലിടുന്നതിനിടെയാണ് അതു സംഭവിച്ചത്. തൊഴിലാളിയായ വിജയന്റെ ഇടതു കൈ യന്ത്രത്തില്‍ കുടുങ്ങി. യന്ത്രം ഓഫ് ചെയ്ത് കൈ പുറത്തെടുക്കാന്‍ പൊലീസുകാര്‍ ആവുന്നതു ശ്രമിച്ചു. രക്ഷയില്ലെന്നായപ്പോള്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. 

ഫയര്‍ഫോഴ്സിന്റെ വരവ്

എട്ടു പേരടങ്ങുന്ന ഫയര്‍ഫോഴ്സ് സംഘം സകലവിധ സന്നാഹങ്ങളുമായി പൊലീസ് അക്കാദമിയില്‍ എത്തി. യന്ത്രത്തിന്റെ ചില ഭാഗങ്ങള്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റാന്‍ നോക്കി. പക്ഷേ, തൊഴിലാളിയുടെ കൈ യന്ത്രത്തിനടയില്‍ അമര്‍ന്നിരുന്നതിനാല്‍ വേദനക്കൊണ്ടു പുളങ്ങു. യന്ത്രം മുറിച്ചു മാറ്റുക അപ്രോയോഗികം. എന്നിരുന്നാലും ഫയര്‍ഫോഴ്സ് ശ്രമം തുടര്‍ന്നു. ഇതിനിടെ, ഡോക്ടര്‍മാരെ വിളിച്ചുവരുത്താന്‍ പൊലീസ് അക്കാദമി അധികൃതര്‍ തീരുമാനിച്ചു. 

ഡോക്ടര്‍മാരുടെ വരവ്

police-academy-accident

തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി. ഓര്‍മ കെടുത്തി കൈ പതുക്കെ പുറത്തെടുക്കാനായി അടുത്ത ശ്രമം. അതും നടന്നില്ല. കാരണം, ഓര്‍മ കെടുത്തി കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം റിസ്ക്കുണ്ട്. ആശുപത്രിയില്‍ വച്ചല്ലാതെ അതു നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ . പിന്നെ എന്തു ചെയ്യുമെന്നായി ചര്‍ച്ച. അവസാനം, ഡോക്ടര്‍മാര്‍ പറഞ്ഞു. ചപ്പാത്തി മെഷീനുമായി ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക. അവിടെവച്ച് ഓര്‍മകെടുത്തി മെഷീനില്‍ നിന്ന് കൈപുറത്തെടുക്കാം. അങ്ങനെ, ആംബുലന്‍സ് വരുത്തിച്ച് ചപ്പാത്തി മെഷീന്‍ സഹിതം തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചു. 

കൈ പുറത്തെടുത്തത് എങ്ങനെ?

തൊഴിലാളിയെ ഓര്‍മ കെടുത്തിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ  സഹായത്തോടെ കൈ പുറത്തെടുക്കാനാണ് ശ്രമിച്ചത്. ഒപ്പം, ഫയര്‍ഫോഴ്സ് സംഘമാകട്ടെ ചപ്പാത്തി മെഷീന്‍ തിരിച്ചു കൊടുത്തു. അങ്ങനെ, കൈ പുറത്തെടുത്തപ്പോള്‍ നടുവിരല്‍ അറ്റുതൂങ്ങിയ അവസ്ഥയിലായിരുന്നു. തുന്നിചേര്‍ക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പൊലീസ് അക്കാദമിയിലും ആശുപത്രിയിലുമായി മൂന്നു മണിക്കൂറാണ് കൈ പുറത്തെടുക്കാന്‍ വേണ്ടിവന്നത്.  

MORE IN SPOTLIGHT
SHOW MORE