വേദനിലയത്തില്‍ നോട്ടമിടുമ്പോള്‍

vedhanilayam
Chennai , Tamilnadu Jayalalitha's residence at Poes Garden in Chennai Photo by : J Suresh
SHARE

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത താമസിച്ച പോയസ് ഗാര്‍ഡനിലെ  വേദനിലയം കേവലമൊരു വീടു മാത്രമല്ല. അതുമായി തമിഴ്നാട് ജനതയ്ക്ക് വൈകാരികമായ ബന്ധമുണ്ട്. ചിലര്‍ക്ക് ക്ഷേത്രവും ചിലര്‍ക്ക് അമ്മയുടെ ആത്മാവിരിക്കുന്നിടവും മറ്റുചിലര്‍ക്ക് സ്മാരകവുമാണ് അവിടം. 

ജയലളിത എന്ന ശക്തയായ ഭരണാധികാരിയുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷ്യം വഹിച്ച ഇടമാണത്. അവിടെ നിന്ന് ജയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്. 1972 മെയ് പതിനഞ്ചിനാണ് ജയലളിത അവരുടെ അമ്മയുടെ പേരില്‍ വാങ്ങിയ വേദനിലയത്തിന്‍റെ ഗൃഹപ്രവേശം നടത്തുന്നത്. അധികാരമുള്ളപ്പോള്‍ ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് പോലും വേദനിലയത്തിലിരുന്നാണ്. 

കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ സുഷമ സ്വരാജ് ജയലളിതയെ കാണാന്‍ വന്നു. അന്ന് അകത്തുകടക്കാന്‍ അഞ്ച് മിനുറ്റിലധികം ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നിട്ടുണ്ടവര്‍ക്ക്. ആ വേദ നിലയത്തിലാണ് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു റെയ്ഡ് നടന്നത് എന്നതും ഒരു ചരിത്ര സംഭവമാണ്. അതുകൊണ്ടാണ് രാത്രിമുതല്‍ പുലര്‍ച്ചവരെ തമിഴ് ദൃശ്യമാധ്യമങ്ങള്‍ ലൈവായി വാര്‍ത്ത നല്‍കിയത്. ഇതിനുമുമ്പ്  1996ലാണ് വിജിലന്‍സിന്‍റെ അഴിമതി വിരുദ്ധ വിഭാഗം ജയലളിതയുടെ വീട് റെയ്ഡ് ചെയ്യുന്നത്. 96ന്‍റെ പകുതിവരെ ജയലളിത മുഖ്യമന്ത്രിയായിരുന്നു. അക്കാലയളവിലാണ് സുബ്രഹ്മണ്യസ്വാമി ജയലളിതയ്ക്കെതിരെ   അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്  ഗവര്‍ണറായിരുന്ന ചെന്ന റെഡിയെ സമീപിക്കുന്നത്. 

ഇതിനെതിരെ ജയലളിത കോടതിയെ സമീപിച്ചെങ്കിലും ഗവര്‍ണറാണ് തീരുമാനമെടുക്കേണ്ടതെന്ന് പറയുകയായിരുന്നു.  അപ്പോഴേക്കും തിരഞ്ഞെടുപ്പ് വരികയും കരുണാനിധി മുഖ്യമന്ത്രിയാവുകയും ചെയ്തു.  ജയലളിത തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി. കലൈഞ്ജര്‍ അധികാരമേറ്റപ്പോള്‍ വേദനിലയം അരിച്ചുപെറുക്കി. ആ റെയ്ഡലാണ് നൂറുകണക്കിന് ചെരുപ്പുകളും വിലകൂടിയ വസ്ത്രങ്ങളും, ആഭരണങ്ങളുമടക്കം പിടിച്ചെടുത്തത്. അഞ്ച് വര്‍ഷത്തിനിടയില്‍ ജയലളിത വീണ്ടും ശക്തയായി. 2001ല്‍ വീണ്ടും അധികാരത്തില്‍. 2001 ജൂണ്‍ മുപ്പതിന്  കരുണാനിധിയെ വീട്ടില്‍നിന്ന്  വലിച്ചിറക്കി കൊണ്ടുപോയി ജയിലിലടച്ച് പ്രതികാരം വീട്ടിയതിനും തമിഴ്നാട് സാക്ഷിയായിട്ടുണ്ട്.  അന്ന് സുബ്രഹ്മണ്യസ്വാമി നല്‍കിയ പരാതിയാണ് ആദ്യമായി ജയലളിതയുടെ വീട് റെയ്ഡ് നടത്തുന്നതിലേക്കും, പിന്നീട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിലേക്കും നയിച്ചത്. ഇപ്പോള്‍ ശശികലയും ഇളവരശിയും സുധാകരനും ജയിലില്‍ കിടക്കുന്നതും അതേ കേസുമായി ബന്ധപ്പെട്ടാണ്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വേദനിലയത്തിലെത്തുന്നത്. പ്രതിഷേധത്തിന്‍റെ വ്യാപ്തി കുറക്കാനാണ് റെയ്ഡിന് രാത്രി തിരഞ്ഞെടുത്തത്. അത് ശരിയായ തീരുമാനവും ആയിരുന്നു. പുലര്‍ച്ചവരെ നീണ്ടുനിന്ന റെയ്ഡില്‍ ജയലളിതയുടെ മുറി ഒഴികെ എല്ലായിടത്തും പരിശോധിച്ചെന്ന് ശശികലയുടെ സഹോദര പുത്രന്‍ വിവേക് ജയരാമന്‍  മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയായിട്ടുകൂടി  പോയസ് ഗാര്‍ഡനുമുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായെത്തി. 

രണ്ട് തരം കാഴ്ചകളാണ് പ്രധാനമായും കാണാനായത്. അതില്‍ ഒന്ന് മോദിയെയും ബി.ജെ.പിയും തെറിവിളിച്ചുകൊണ്ടുള്ള പ്രതിഷേധമാണ്. അമ്മയുണ്ടായിരുന്നെങ്കില്‍ നിങ്ങളിതിന് ധൈര്യപ്പെടുമോ എന്ന് ഉറക്കെ ചോദിക്കുന്നവരായിരുന്നു അധികവും. റോഡില്‍ കിടന്നും നെഞ്ചത്തടിച്ചും അവര്‍ പ്രതിഷേധിച്ചു. ക്ഷേത്രം പോലെ കാണുന്ന സ്ഥലത്ത് ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് നേതാക്കള്‍ പലരും പറഞ്ഞു. ജയലളിതയുടെ ആത്മാഭിനത്തെ ചോദ്യം ചെയ്യാന്‍ ഒ.പി.എസും,ഇപി.എസും കൂട്ടുനില്‍ക്കുന്നു എന്ന് ദിനകരന്‍ പ്രതികരിച്ചു. അങ്ങനെ സംസ്ഥാന സര്‍ക്കാരിനെതിരായും ബി.ജെ.പി വിരുദ്ധമായും പ്രതിഷേധം ഉയര്‍ന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതാണ് രണ്ടാമത്തെ കാഴ്ച. പുരട്ചി തലൈവി വാഴ്ക എന്ന് തൊണ്ടപൊട്ടി വിളിച്ചവരെ, ജയലളിത തുടങ്ങിവച്ച സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്യുന്നു. സ്വാഭാവിക നടപടിയാണെങ്കിലും രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ട കാര്യവുമാണ്.

വേദനിലയത്തില്‍  റെയ്ഡ് നടത്തിയതില്‍ ദുഖമുണ്ടെന്ന് പറയുമ്പൊഴും, റെയ്ഡ് ശശികല കുടുംബത്തിനെതിരായതില്‍ സന്തോഷിക്കുന്നവരുമുണ്ട്.  ചിലര്‍ ചെയ്ത തെറ്റുകാരണമാണ് റെയ്ഡുണ്ടായതെന്ന് ശശികലയെയും  ദിനകരനെയും ലക്ഷ്യം വച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറയുന്നു. ഒപിഎസും ഇപിഎസുമാണ് കാരണക്കാരെന്ന് ദിനകരന്‍ വിഭാഗവും ആരോപിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, മന്നാര്‍ഗുഡി കുടുംബത്തെ തകര്‍ക്കുക റെയ്ഡിന്‍റെ ഒരു ലക്ഷ്യമാണ്. ജയലളിതയുടെ സ്വത്തുവിവരങ്ങളടങ്ങിയ രേഖകള്‍ കണ്ടെത്തുക മറ്റൊരു ലക്ഷ്യവും. 

എന്തായാലും വേദനിലയത്തില്‍ റെയ്ഡ് നടന്നതില്‍ അണ്ണാ ഡി.എം.കെ.യിലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം ഉള്ളില്‍ നീറ്റലുണ്ടെന്ന് വ്യക്തമാണ്. ജയലളിത താമസിച്ച വീട് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ആഘോഷമാക്കിയവരാണവര്‍. നേരത്തെ സൂചിപ്പിച്ചത് പോലെ, വേദനിലയം കേവലം വീടുമാത്രമല്ല പലര്‍ക്കും.... കാലം കഴിയുമ്പോള്‍ ഈ വൈകാരികതയ്ക്കൊക്കെ മാറ്റം വന്നേക്കാം. തമിഴ്നാടിന്‍റെ രാഷ്ട്രീയ സ്വഭാവം തന്നെ മാറിയേക്കാം... വേദനിലയം സ്മാരകമായേക്കാം.. അതൊക്കെ, ജയലളിതയ്ക്ക് ശേഷമുള്ള തമിഴ്നാട് എന്നു തന്നെയാവും രേഖപ്പെത്തുക. 

MORE IN SPOTLIGHT
SHOW MORE