ഊഷ്മല്‍, ഉണരാത്തൊരു ഉറക്കം, പക്ഷേ എന്തിന്..?

ooshmal-1
SHARE

മൂന്നുനാലു ദിവസമായി ആ പെണ്‍കുട്ടിയാണ് മനസ്സുനിറയെ. ഊഷ്മൽ എന്ന ഇരുപത്തിരണ്ടുവയസ്സുകാരി. ഫെയ്സ്ബുക്കിന്‍റെ ചുവരില്‍കണ്ട അവളുടെ ചിരിക്കുന്ന മുഖം. കൂട്ടുകാരികളുടെ വാക്കുകളില്‍തെളിഞ്ഞ അവളുടെ പ്രസരിപ്പുകള്‍. അച്ഛന്റെയും അമ്മയുടെയും നിറഞ്ഞ കണ്ണുകളില്‍തെളിഞ്ഞുകണ്ട അവളുടെ കുസൃതികള്‍. എല്ലാം കേട്ടുമറിഞ്ഞും അവള്‍ഇപ്പോള്‍എന്റെയും അനുജത്തിയായിരിക്കുന്നു.  കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെ നാലാംവർഷ മെഡിക്കൽ വിദ്യാർഥിയായ ഊഷ്മൽ ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്ന് താഴേക്ക് ചാടിയത്. 

ഡോക്ടറാകുക എന്ന അവളുടെ സ്വപ്നത്തിന്റെ തൊട്ടരികില്‍നിന്ന് അവള്‍മരണത്തിലേക്ക് ചാടി. എന്തിന്..? അടുത്ത കൂട്ടുകാരികള്‍ക്കും അച്ഛനുമമ്മയ്ക്കും ഇപ്പോഴും അതുമാത്രം അറിയില്ല. കോളജില്‍കൂട്ടുകാര്‍ക്കിടയില്‍, ജൂനിയേഴ്സിന്റെയും സീനിയേഴ്സിന്റെയും ഇടയില്‍ചെറിയ ചില വാശികളും തര്‍ക്കങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പക്ഷേ അവളെ മരണത്തിലേക്കുവിളിക്കുമോ..? ആര്‍ക്കുമറിയില്ല ഉത്തരം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആരോടോ ഊഷ്മൽ കയർത്തു സംസാരിച്ചതായി സെക്യൂരിറ്റി ജീവനക്കാരൻ കേട്ടിരുന്നു. പിന്നീട് ഫോൺ വലി‍ച്ചെറിഞ്ഞശേഷം ഓടിപ്പോയി താഴോട്ടുചാടുകയായിരുന്നു. 

ഫെയ്ബുക്ക് കുറിപ്പുകളിലെ അവള്‍

മരണശേഷം ഏറെ ചർച്ചയായത് ഊഷ്മലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെയായിരുന്നു. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോട് തനിക്ക് തോന്നുന്ന ദേഷ്യവും സ്നേഹവും നിങ്ങളെ ബാധിക്കുന്നതല്ല... എന്നു തുടങ്ങുന്ന പോസ്റ്റാണ് ഊഷ്മൽ അവസാനമായി എഴുതിയത്. യഥാർഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുഴുവൻ തെളിവോടെ പിടികൂടുമെന്ന് മറുപടിയും ഈ പോസ്റ്റിന് ലഭിച്ചു. 

കെ.എം.സി.ടി കൺഫഷൻ എന്ന പേജിൽ ഊഷ്മൽ രേഖപ്പെടുത്തിയ മറ്റൊരു പോസ്റ്റിന്റെ പേരിൽ സഹപാഠികളുമായി എന്തൊക്കെയോ തർക്കം നിലനിന്നിരുന്നു. ഗ്രൂപ്പിലുണ്ടായ ചർച്ചയുടെ സ്ക്രീൻ ഷോട്ട് അടക്കം ഊഷ്മലിന്റെ ഫേസ്ബുക്ക് കുറിപ്പ്.  മരണത്തിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് പൊലീസിന്റെ നിഗമനം. ഊഷ്മലിന്റെ ഫേസ്ബുക്ക് പേജിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിൽ ഒരു കടുംകൈ തങ്ങളുടെ പ്രിയ സുഹൃത്ത് ചെയ്യുമെന്ന് സുഹൃത്തുക്കൾക്ക് പോലും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഫേസ്ബുക്ക് വഴിയുള്ള വെല്ലുവിളികൾക്ക് സ്വയം ശിക്ഷ നൽകിയാണ് കൗമാരക്കാരിയായ പെൺകുട്ടി ലോകത്തോട് വിട പറഞ്ഞത് എന്ന് വിശ്വസിക്കുന്ന അവരില്‍ചിലര്‍. അഭിപ്രായങ്ങൾ മുന്‍പിന്‍നോക്കാതെ മുഖപുസ്തകത്തിൽ ഊഷ്മൽ കുറിക്കുമായിരുന്നു. ചില പോസ്റ്റുകളും പിന്നീട് പരസ്പരമുള്ള വെല്ലുവിളികളും. 

എളുപ്പം സങ്കടപ്പെടുന്ന പെണ്‍കുട്ടി

തൃശൂരാണ് സ്വദേശമെങ്കിലും വിദേശത്തായിരുന്നു സ്കൂൾ കാലഘട്ടം ഊഷ്മൽ ചെലവിട്ടത്. ജീവിതത്തിലെ  ചെറിയ സന്തോഷങ്ങൾ പോലം ആനന്ദമാക്കുന്ന അഞ്ചംഗ കുടുംബത്തിലെ മൂത്ത മകൾ. അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണി. ഇരട്ടകളായ അനുജൻമാർക്ക്  പ്രിയപ്പെട്ട ചേച്ചി. യാത്രകളെ ഏറെ സ്നേഹിച്ചു. പഠത്തിനായി കോഴിക്കോട്ടേക്കെത്തിയെങ്കിലും എല്ലാ ആഴ്ചയും തൃശൂരുള്ള വീട്ടിലെത്തുമായിരുന്നു അവൾ. മരിക്കുന്നതിനു മുമ്പ് അച്ഛനും അമ്മയ്ക്കുമായി അവർ കരുതിവച്ചത് ഒറ്റ വാചകം മാത്രമുള്ള ആത്മഹത്യാക്കുറിപ്പായിരുന്നു- എന്റെ  മരണത്തിൽ അച്ഛനും അമ്മയും ദുഖിക്കരുത്. മരിക്കുന്നതിന് തലേന്നാണ് തൃശൂരുള്ള വീട്ടിൽ നിന്ന് ഊഷ്മൽ കോളജിലേക്കെത്തിയത്. അവള്‍ബോള്‍ഡായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. പക്ഷേ എളുപ്പം സങ്കടത്തിലേക്ക്, വിഷാദത്തിലേക്ക് വീണുപോകുമായിരുന്നു അവള്‍.

പരീക്ഷയാകുമ്പോള്‍മനസ്സില്‍ആധി നിറയും. അപ്പോള്‍അച്ഛനും അമ്മയും വരും. ഹോസ്റ്റല്‍ഉപേക്ഷിച്ച് കോളജിനടുത്ത് വീടെടുത്ത് അവര്‍പാര്‍ക്കും. ഇപ്പോള്‍അച്ഛനുമമ്മയും ആകെ തളര്‍ന്നിരിക്കുന്നു. അവര്‍ക്ക് ആരോടും പരാതിയില്ല. വലിയ സ്വപ്നത്തിനരികെ മകള്‍കൈവിട്ടുപോയതിന്റെ സങ്കടം മാത്രം. അപ്പോഴും നിസാരമായ ഒരു വഴക്കിന്റെ പേരിൽ ഇങ്ങനെയൊരു കടുംകൈ ഊഷ്മൽ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല അവളുടെ കൂട്ടുകാര്‍ക്ക്. അന്വേഷണങ്ങള്‍തുടരുമ്പോഴും  ഫെയ്സ്ബുക്ക് താളിലെ ആ ചിരിക്കുന്ന ആ മുഖം അവരുടെ മനസ്സില്‍ബാക്കിയാകുന്നു; എന്റെയും.  

(മനോരമ ന്യൂസ് കോഴിക്കോട് ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ് ലേഖിക)

MORE IN SPOTLIGHT
SHOW MORE