പുത്രഭാര്യയുടെ പ്രസവത്തിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഒഴിപ്പിച്ചത് 1,200 രോഗികളെ

raman-singh
നവജാത ശിശുവുമായി രമൺ സിങ് (ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
SHARE

പുത്രഭാര്യയുടെ പ്രസവത്തിന് സർക്കാർ ആശുപത്രിയിലെ 1,200 രോഗികളെ ഒഴിപ്പിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് വിവാദക്കുരുക്കിൽ. മകന്റെ ഭാര്യയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പ്രശംസ നേടിയതിന് പിന്നാലെയാണ് രമൺ സിങ്ങിന്റെ നടപടി വിവാദമായത്. എംപിയായ മകൻ അഭിഷേകിന്റെ ഭാര്യ ഐശ്വര്യയുടെ പ്രസവത്തിനായി റായ്പുരിലെ സർക്കാർ ആശുപത്രിയിലെ ഒരു നിലയിലെ രോഗികളെ മുഴുവൻ ഒഴിപ്പിച്ചെന്നാണ് പരാതി. നവജാത ശിശുവിനെയുമായി നിൽക്കുന്ന ചിത്രം രമൺ സിങ് പുറത്തുവിട്ടതിനെത്തുടർന്നു പ്രസവത്തിനായി സർക്കാർ ആശുപത്രി തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നടപടിയിൽ അഭിനന്ദനം ചൊരിഞ്ഞു സന്ദേശങ്ങളെത്തിയത്.

ഭീംറാവു അംബേദ്കർ സ്മാരക ആശുപത്രിയിലെ മൂന്നാം നിലയാണ് ഐശ്വര്യയുടെ പ്രസവത്തിനായി ഒഴിപ്പിച്ചത്. 1,200ൽ അധികം രോഗികളെയാണ് ഈ നിലയിൽനിന്നു മാറ്റിയത്. മതിയായ കിടക്കകളും സംവിധാനങ്ങളുമില്ലെന്നു മുൻപേ പരാതി നിലനി‍ൽക്കുന്ന ആശുപത്രിയിൽ അതോടെ രോഗികൾ കിടക്ക പങ്കിട്ടും നിലത്തു കിടന്നും ദുരിതം അനുഭവിക്കേണ്ടിവന്നുവെന്നു പ്രതിപക്ഷം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്കായി രണ്ടു മുറികളാണു നൽകിയത്. ബാക്കി മുറികൾ സുരക്ഷാ ഉദ്യോഗസ്ഥർക്കായും നൽകിയത്രേ. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങൾക്കായി 50 പൊലീസുകാരെയാണ് ആ നിലയിൽ താമസിപ്പിച്ചത്.

അതേസമയം, പുത്രഭാര്യയുടെ പ്രസവത്തിനു സർക്കാർ ആശുപത്രി തിരഞ്ഞെടുത്ത മുഖ്യമന്ത്രി ആരോഗ്യരംഗത്തോട് ആദരമാണു കാട്ടിയതെന്ന അഭിപ്രായവുമായി ഭരണകക്ഷിയായ ബിജെപി രംഗത്തെത്തി. മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്തു മുഖ്യമന്ത്രിക്കും കുടുംബത്തിനും സെഡ് പ്ലസ് സുരക്ഷയാണുള്ളത്. ഇതിന്റെ ഭാഗമായി ആശുപത്രിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നതായി സർക്കാരും വിശദീകരിച്ചു.

MORE IN SPOTLIGHT
SHOW MORE