ക്രൂരതകാട്ടിയത് പൊലീസോ, അതോ അമ്മയോ ?

mumbai-mother
SHARE

വഴിയരികിൽ നിർത്തിയിട്ട കാറിനുള്ളിലിരുന്ന്, മുലയൂട്ടുന്ന അമ്മയോടും കുഞ്ഞിനോടും കാട്ടിയ ദയയില്ലാത്ത പ്രവൃത്തിയുടെ പേരിൽ കഴിഞ്ഞദിവസം മുംബൈ പൊലീസ് ഏറെ പഴികേൾക്കേണ്ടിവന്നിരുന്നു. ഏഴുമാസം പ്രായമായ കുഞ്ഞിന് യുവതി പാലൂട്ടുന്നതിനിടെ, അവര്‍ ഇരിക്കുന്ന കാർ കെട്ടിവലിച്ചുകൊണ്ടുപോയതാണ് വിമർശനത്തിനിടയാക്കിയത്. വിവാദം, രണ്ട് ട്രാഫിക് പൊലീസുകാരുടെ സസ്പെൻഷനിൽ വരെയെത്തിച്ചു. 

എന്നാൽ, ആദ്യംപുറത്തുവന്ന ദൃശ്യത്തിന്‍റെ മറുവശംകൂടി വ്യക്തമാകുന്നതാണ് പിന്നാലെയെത്തിയ മൊബൈൽ ദൃശ്യങ്ങൾ. ജ്യോതിമാല എന്ന യുവതിയോട് കാറിൽനിന്ന് പുറത്തിറങ്ങാൻ പൊലീസ് പലവട്ടം ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങളിൽ ഏറ്റവുംപ്രധാനപ്പെട്ടത്, യുവതിയോട് പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെടുമ്പോൾ, കുഞ്ഞ് മറ്റൊരു പുരുഷന്റെ കൈകളിൽ ഇരിക്കുന്നു എന്നതാണ്. അതും കാറിന് വെളിയിൽതന്നെ.! 

അതായത്, നിയമലംഘനം കാട്ടിയ കാർ ട്രാഫിക് പൊലീസ് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അമ്മയുടെ കൈകളിൽ കുട്ടിയില്ലായിരുന്നുവെന്നത് വ്യക്തം. ഇതിനുശേഷമാണ് കുട്ടി കാറിനുള്ളിലെത്തുന്നതും, അമ്മ മുലയൂട്ടാന്‍ ആരംഭിക്കുന്നത് എന്നതും ഇവിടെ വ്യക്തമാകുന്നു.  

മുലയൂട്ടുന്ന അമ്മയേയും കുഞ്ഞിനേയും പുറത്തിറക്കാതെ, ഗതാഗത നിയമലംഘനം ആരോപിച്ച് കാർ കെട്ടിവലിച്ച് കൊണ്ടുപോകുന്ന തരത്തിലായിരുന്നു കഴിഞ്ഞദിവസം പുറത്തെത്തിയ ദൃശ്യങ്ങൾ. കുഞ്ഞിന് താന്‍ പാലുകൊടുക്കുകയാണെന്നും ദയവായി കാർനിർത്തണമെന്നും യുവതി അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. 

അതിനിടെ, ദേശിയവനിതാ കമ്മിഷൻ സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്. തെറ്റുചെയ്തത് പൊലീസായാലും കുഞ്ഞിന്റെ അമ്മയായാലും കർശനനടപടി വേണമെന്ന് അധ്യക്ഷ രേഖശർമ്മ ആവശ്യപ്പെട്ടു. 

MORE IN SPOTLIGHT
SHOW MORE