കടം മേടിച്ച് ബിസിനസ് തുടങ്ങി, നോട്ടുനിരോധനം കൊണ്ട് 52,000 കോടിരൂപയുടെ ആസ്തിനേടി

vijay-sekhar
SHARE

നവംബർ 8, 2016- ഇന്ത്യയിലെ ജനങ്ങൾക്ക് അത്രപെട്ടന്ന് ഒന്നും ഈ ദിനം മറക്കാൻ സാധിക്കില്ല. അധ്വാനിച്ചുണ്ടാക്കിയ സ്വന്തം കാശിനുവേണ്ടി ബാങ്കിനുമുമ്പിൽ ക്യൂനിന്ന സാധാരണക്കാരന്റെ ദൈന്യം എങ്ങനെ മറക്കും. നോട്ട്നിരോധനം എന്ന പരിഷ്കാരം സാധാരണക്കാരെ ചില്ലറയല്ല വലച്ചത്. പക്ഷെ നവംബർ എട്ട് എന്ന് തീയതിയോടെ ശുക്രൻ ഉദിച്ച ഒരു വ്യക്തിയുണ്ട് ഇന്ത്യയിൽ. ഇന്ത്യയുടെ ഡിജിറ്റൽ പേഴ്‌സ് പേടിഎമ്മിന്റെ ഉടമ വിജയ് ശേഖര്‍ ശര്‍മയാണ് ആ ഭാഗ്യവാൻ. 39കാരൻ ബിസിനസുകാരന് സ്വപ്നം കാണാവുന്നതിലുമപ്പുറമുള്ള നേട്ടമാണ് നോട്ടുനിരോധനം കൊണ്ട് ലഭിച്ചത്.

മാതാപിതാക്കളില്‍ നിന്നു കടം വാങ്ങിയാണ് ടെലികോം ബിസിനസ് തുടങ്ങിയത്. എന്നാൽ ആ ബിസിനസ് വിജയിനെ കൈവിട്ടു. ബിസിനസ് ആകെ തകർന്നു നില്‍ക്കുന്ന സമയം. പോക്കറ്റില്‍ പത്തു രൂപ മാത്രമായി ജീവിച്ച ദിവസങ്ങള്‍ വിജയിന് മറക്കാൻ കഴിയില്ല. മോദി സർക്കാർ നോട്ടു റദ്ദാക്കിയ ദിവസം രാത്രി വിജയ് മുംബൈയിലേ ഒരു ഹോട്ടലില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയത്താണ് വിജയിന്റെ മൊബൈലില്‍ വാട്ട്‌സാപ്പ് സന്ദേശമായി നോട്ടു നിരോധന വാര്‍ത്ത എത്തിയത്. ഈ സന്ദേശം കണ്ടതോടെ വിജയിന് ഭക്ഷണം ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറയുന്നു. ആ നിമിഷമായിരുന്നു വിജയിന്റെ ജീവിതത്തിലെ ടേർണിങ് പോയിന്റ്.

പണത്തിനായി നെട്ടോട്ടമോടിയ ഇന്ത്യൻ ജനതയുടെ മുന്നില്‍ പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേടിഎം മാറി. 2010 ഓഗസ്റ്റിലായിരുന്നു പേ ത്രൂ മൊബൈല്‍ എന്ന ആശയവുമായി പേടിഎം എന്ന കമ്പനി വിജയ് തുടങ്ങിയത്. 11 കോടി ഉപയോക്താക്കളുണ്ടായിരുന്ന പേടിഎമ്മിന് നോട്ട് നിരോധനത്തോടെ അത് 28 കോടിയായി ഉയര്‍ന്നു. ഇതോടെ ഒറ്റരാത്രി കൊണ്ട് ഇന്ത്യയിലെ യുവ ധനികരുടെ ഫോബ്‌സ് പട്ടികയില്‍ വിജയ് ഇടംപിടിച്ചു. ഇന്ന് വിജയ്യുടെ സ്ഥാപനത്തിന് 800 കോടിയിലധികം ഡോളര്‍ ആസ്തിയുണ്ട്. അതായത് 52,000 കോടി രൂപ. 

MORE IN SPOTLIGHT
SHOW MORE