ലോക്കോ പൈലറ്റില്ലാതെ െട്രയിന്‍ കുതിച്ചത് 13 കിലോമീറ്റര്‍; പിന്നെ സംഭവിച്ചത്

unstoppable
SHARE

ഡെന്‍സല്‍ വാഷിങ്ടണ്‍ നായകനായ അണ്‍സ്റ്റോപ്പബിള്‍ എന്ന ഹോളിവുഡ് ചിത്രം കര്‍ണാടകയിലെ വാഡി സ്റ്റേഷന്‍ മാനേജര്‍ ജെ.എന്‍ പാരീസ് കണ്ടിട്ടില്ല. പക്ഷേ തന്റെ സ്റ്റേഷനില്‍ ലോക്കോ പൈലറ്റില്ലാതെ ഒരു ട്രെയിന്‍ എന്‍ജിന്‍ മുന്നോട്ട് നീങ്ങുന്നത് കണ്ടപ്പോള്‍ ഹോളിവുഡ് സിനിമ കര്‍ണാടകയില്‍ യാഥാര്‍ഥ്യമായി.  മണിക്കൂറില്‍ മുപ്പതുകിലോമീറ്റര്‍ വേഗതയില്‍ നീങ്ങിയ ട്രെയിന്‍ എന്‍ജിന്‍ 13 കിലോമീറ്റര്‍ ദൂരം  ബൈക്കില്‍ പിന്തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്തു. ലോക്കോ പൈലറ്റിനെയും ഒപ്പം കൂട്ടിയായിരുന്നു സ്റ്റേഷന്‍ മാനേജരുടെ സാഹസികത.

ചെന്നൈ മുംബൈ മെയില്‍ കലബുറഗിയിലെ വാഡി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് യാത്രക്കാരുടെയും സ്റ്റേഷന്‍ ജീവനക്കാരുടെയും ചങ്കിടിപ്പ് കൂട്ടിയ നിമിഷങ്ങള്‍ .ചെന്നൈയില്‍ നിന്ന്  മുംബൈയിലേയ്ക്ക് പോവുകയായിരുന്നു ട്രെയിന്‍ . വാഡി മുതൽ ഷോലാപുർ വരെ പാത വൈദ്യുതീകരിച്ചിട്ടില്ല. ട്രെയിനിന്റെ  ഇലക്ട്രിക് എൻജിൻ മാറ്റി ഡീസൽ എൻജിൻ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ഇതിനിടെ ഡീസല്‍ എന്‍ജിന്‍ മുന്നോട്ടുനീങ്ങി. ഇതോടെ സ്റ്റേഷന്‍ മാനേജര്‍ ലോക്കോ പൈലറ്റിനെയും കൂട്ടി ബൈക്കില്‍ എന്‍ജിന്‍ പിന്തുടര്‍ന്നു . ഇരുപത് മിനിറ്റിന് ശേഷം പതിമൂന്നു കിലോമീറ്റര്‍ അകലെവെച്ച്  സ്റ്റേഷന്‍ മാനേജര്‍ക്ക് ഒപ്പമുണ്ടായിരുന്ന ലോക്കോ പൈലറ്റ് അതിസാഹസികമായി എന്‍ജിനില്‍ കയറി നിയന്ത്രണവിധേയമാക്കി . 

ഇതേസമയം സ്റ്റേഷന്‍ അധികൃതര്‍ തൊട്ടടുത്ത സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട് വിവരമറിയിച്ചു.  ഇതോടെ ട്രാക്കില്‍ മറ്റു ട്രെയിന്‍ എത്താത്തവിധം സിഗ്നല്‍ ക്രമീകരിച്ചു. എതിര്‍ ദിശയില്‍ നിന്ന് വരേണ്ടിയിരുന്ന ട്രെയിനുകളെല്ലാം നിര്‍ത്തിയിടാന്‍ നിര്‍ദേശം കൈമാറി. എന്‍ജിന്‍ തനിയെ മുന്നോട്ടുനീങ്ങാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് റയില്‍വെ അന്വേഷണം ആരംഭിച്ചു.

MORE IN SPOTLIGHT
SHOW MORE