മുടിയഴക് എന്നും എപ്പോഴും എല്ലാവരുടെയും ദൗർബല്യമാണ്. ഏകദേശം രണ്ടുവർഷങ്ങൾക്കു മുമ്പ് മുടിയിഴകൾ കൊണ്ട് ഹൃദയചിഹ്നം തീർത്ത് ലോകത്തിന്റെ ഇഷ്ടം പിടിച്ചുപറ്റിയ കെൻഡൽ ജെന്നർ പോലും വിസ്മയിച്ചുപോകും ഈ യുവതിയുടെ വിഡിയോ കണ്ടാൽ. 2015 ൽ ആയിരുന്നു കെൻഡൽ മുടികൊണ്ട് ഹൃദയചിഹ്നം തീർത്ത് ആളുകളെ വിസ്മയിപ്പിച്ചത്. അന്ന് 3.6 മില്യൺ കാഴ്ചക്കാരായിരുന്നു ആ വിഡിയോയ്ക്ക് ഉണ്ടായിരുന്നത്.
ചൈനീസ് ഡെയ്ലി പുറത്തുവിട്ട യുവതിയുടെ വിഡിയോ സ്വന്തമാക്കിയത് 6 മില്യണിലധികം കാഴ്ചക്കാരെയാണ്. കെൻഡൽ പോസ്റ്റ് ചെയ്ത ചിത്രത്തേക്കാൾ സ്വാഭാവികമാണ് ഈ യുവതിയുടെ വിഡിയോ എന്നതാണ് ഇതിനെ ഇത്രകണ്ട് ജനപ്രിയമാക്കുന്നത്. മുടിയഴിച്ചിട്ട് ഒരു യുവതി ഇരിക്കുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണാനാവുക. പിന്നീട് അവർ കിടക്കുമ്പോൾ മുടി സ്വാഭാവികമായി പല പല ഡിസൈനുകളായി മാറുന്നു.
എന്നാൽ മുടി സെറ്റ് ചെയ്തുവെച്ച ശേഷം യുവതി എഴുന്നേൽക്കുന്നതിന്റെ വിഡിയോ റിവേഴ്സ് ആയി പ്ലേ ചെയ്തതാണെന്നും ചിലർ പറയുന്നു. സംഗതിയെന്തായാലും വെർച്വൽ ലോകം നന്നായി ആഘോഷിക്കുന്നുണ്ട് ഈ ദൃശ്യങ്ങൾ.