നൂറുപൂക്കള്‍ വിരിയുന്ന ദിവസം എത്തുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡല്‍ഹിയില്‍ ചിത്രപ്രദര്‍ശനം. രാജ്യാന്തര ചിത്രകാരനും മലയാളിയുമായ ബിനോയ് വര്‍ഗീസാണ് ഡല്‍ഹി ഗോഫ് ലിങ്കിലെ ആര്‍ട്ട് ഗ്യാലറിയില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
മനുഷ്യനെന്ന പരിഗണന നല്‍കാതെ ആട്ടിപായിക്കുന്ന കെട്ടകാലത്തിന് നേരേയാണ് ബിനോയ് വര്‍ഗീസിന്റെ പെയിന്റിങ് ബ്രഷ് ചലിക്കുന്നത്. നൂറുപൂക്കള്‍ വിരിയുമെന്ന ചൈനീസ് കവിതയിലെ വരികള്‍ ചിത്രപ്രദര്‍ശനത്തിന്റെ തലക്കെട്ടായി നിശ്ചയിച്ചു. അകറ്റിനിര്ത്തുന്നവരുടെയും അഭയാര്‍ഥികളുടെയും ലോകം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുവയ്ക്കാനാണ് ശ്രമം. യൂറോപ്യന്‍ മാതൃകയില്‍ നിഴലും വെളിച്ചവും സമാസമം ചേര്‍ത്ത ഷോ കാണാന്‍ വിദേശികള്‍ അടക്കം എത്തുന്നുണ്ട്.
സ്ത്രീകളും കുട്ടികളും വിഷയമായ ചിത്രങ്ങള്‍ കടുംവര്ണങ്ങളിലാണ് വരച്ചിരിക്കുന്നത്. വിയറ്റ്നാമിലെ യാത്രക്കിടെ ക്യാമറയില്‍ പകര്‍ത്തിയ കാഴ്ചകളും ചിത്രങ്ങള്‍ക്ക് വിഷയമായി. ചിത്രപ്രദര്‍ശനം ഒരുമാസം നീണ്ടുനില്‍ക്കും.