ചില കാര്യങ്ങളങ്ങനെയാണ് കൈയെത്തും ദൂരത്ത് കൈവിട്ടു പോകും. എത്രത്തോളം ക്ഷമയുള്ളവരാണെങ്കിലും ആ നിമിഷത്തെ അതിജീവിക്കുന്നത് അൽപ്പം ശ്രമകരമായിരിക്കും. എന്നാൽ നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നു വിശ്വസിക്കുന്ന ഒരു യുവതി ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മഷ്ജിദ് മസൂജി എന്ന യുവതിയാണ് ജീവിതത്തിൽ പെട്ടന്നു വന്ന ഒരു പ്രതിസന്ധിയെ വളരെ കൂളായി അതിജീവിച്ചത്. ഷാർലറ്റ് ഡഗ്ലസിലെ വിമാനത്താവളത്തിലേക്ക് എത്തിയപ്പോഴേക്കും അവർക്കു യാത്രചെയ്യാനുള്ള കണക്ഷൻ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തിരുന്നു. അടുത്ത വിമാനം പിറ്റേന്ന് രാവിലെ മാത്രമേയുള്ളൂവെന്ന് മനസ്സിലായപ്പോൾ അവർ ചിന്തിച്ചത് ഇത്രമാത്രം. ഒരു രാത്രി മുഴുവൻ മുന്നിലുണ്ട്. വേണമെങ്കിൽ സ്വയം പഴിച്ചും ദേഷ്യംപിടിച്ചും മുഖം വീർപ്പിച്ചും ഈ സുന്ദരമായ രാത്രിയെ നശിപ്പിക്കാം അല്ലെങ്കിൽ സുന്ദരമായി നൃത്തം ചെയ്ത് ഒരു രാത്രി മുഴുവൻ സ്വന്തം മനസ്സിലും മറ്റുള്ളവരുടെ മനസ്സിലും സന്തോഷം നിറയ്ക്കാം. മഷ്ജിദ് തിരഞ്ഞെടുത്തത് രണ്ടാമത്തെ വഴിയാണ്.
മസ്ജിന്റെ സന്തോഷം നിറഞ്ഞ നൃത്തപ്രകടനം കണ്ട് എയർപോർട്ട് ജീവനക്കാരും യാത്രക്കാരുമൊക്കെ അവരുടെ ഒപ്പം നൃത്തം ചെയ്യാൻ ആരംഭിച്ചു. വിരസമായ നീണ്ട കാത്തിരിപ്പിനു തങ്ങളെ വിട്ടുകൊടുക്കാതെ ഒരു രാത്രിമുഴുവൻ പോസിറ്റീവ് എനർജി നിറച്ച് എയർപോർട്ട് നിറഞ്ഞ് നൃത്തമാടിയ യുവതിയെ എയർപോർട്ട് ജീവനക്കാരും യാത്രക്കാരും അഭിനന്ദിച്ചു. പറഞ്ഞും അറിഞ്ഞും നിരവധി പേരാണ് യുട്യൂബിലൂടെ യുവതിയുടെ നൃത്തവിഡിയോ കണ്ടത്.
വിഡിയോ കണ്ട എല്ലാവർക്കും പറയാനുള്ളതൊന്നു മാത്രം. ജീവിതത്തിൽ വലുതും ചെറുതുമായ വിഷമകരമായ നിരവധി സന്ദർഭങ്ങൾ ഉണ്ടായേക്കാം. നമ്മൾ അതിനോട് പ്രതികരിക്കുന്ന രീതിയനുസരിച്ചിരിക്കും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും നിർണ്ണയിക്കപ്പെടുക. പോസിറ്റീവായ പ്രതികരണംകൊണ്ട് ആ യുവതി തുടച്ചു കളഞ്ഞത് സ്വന്തം മനസ്സിലെ നിരാശ മാത്രമല്ല മറ്റുള്ളവരുടെ വിരസത നിറഞ്ഞ കാത്തിരിപ്പിനെക്കൂടിയാണ്.