സ്വന്തം വിവാഹദിവസം ഒരു പിഞ്ചു ജീവൻ രക്ഷിക്കാൻ തയാറായ വരനെ അഭിനന്ദനംകൊണ്ടു പൊതിയുകയാണ് വാർത്തയറിഞ്ഞവരെല്ലാം. വിവാഹചിത്രങ്ങളെടുക്കാനെത്തിയ ഫൊട്ടോഗ്രാഫറാണ് വിവാഹ ഫൊട്ടോഷൂട്ടിനിടെയുള്ള വരന്റെ സാഹസികയെപ്പറ്റി ലോകത്തോടു പറഞ്ഞത്. കാനഡയിലെ ക്ലേറ്റൻ കുക്ക് എന്ന യുവാവിന് ഇപ്പോൾ ഒരു ഹീറോയുടെ ഇമേജാണ്.
ഫൊട്ടോഷൂട്ട് പുരോഗമിക്കുന്നതിനിടെയാണ് പാർക്കിലെ കുളത്തിലേക്ക് ഒരു കുട്ടി വീഴുന്നത് വധുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. വധു അലറിവിളിക്കും മുമ്പേ വരൻ കുളത്തിലേക്കു ചാടി കുട്ടിയെ രക്ഷിച്ചു. കുളത്തിനരികിൽ കളിക്കുകയായിരുന്നു കുട്ടികളുടെ ഒരു സംഘമെന്നും അതിലൊരു കുട്ടി മറ്റൊരു കുട്ടിയെ വെള്ളത്തിലേക്കു തള്ളിയിടുകയായിരുന്നുമെന്നുമാണ് ഫൊട്ടോഗ്രാഫർ പറയുന്നത്.
വിവാഹ ഫൊട്ടോഷൂട്ട് പുരോഗമിക്കുകയാണെന്നോ വസ്ത്രങ്ങളിൽ അഴുക്കു പുരളുമെന്നോ ഒന്നും ചിന്തിക്കാതെയാണ് വരൻ കുളത്തിലേക്കെടുത്തു ചാടി കുട്ടിയെ രക്ഷിച്ചത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഫൊട്ടോഗ്രാഫർ വരന്റെ ധീരകൃത്യത്തെ അഭിനന്ദിച്ചത്.