E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കലക്ടർ ഇടപെട്ടു; അവരുടെ ജീവിതം ഇനി പുതിയ പ്ലാറ്റ്ഫോമിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kollam-collector
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ∙ റെയിൽവേ സ്റ്റേഷനിലെ വിജനമായ അഞ്ചാം പ്ലാറ്റ്ഫോമിന്റെ ഭാണ്ഡക്കെട്ടു ചേർത്തുപിടിച്ച് ഇരുട്ടിന്റെ പുതപ്പു ചൂടി ചുരുണ്ടിരിക്കുകയായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ ആനന്ദ. ഒരാൾ അടുത്തുവന്നു മെല്ലിച്ച, അഴുക്കുപുരണ്ട കൈകളിൽ തൊട്ടപ്പോൾ, ആനന്ദ അമ്പരന്നു. മുഖം തിരിച്ചു നടന്നു പോകുന്ന ആൾക്കൂട്ടത്തെ നിത്യവും കാണുന്ന ആനന്ദയ്ക്ക് അതൊരു അനുഭവമായിരുന്നു. ജില്ലാ കലക്ടർ ആണ് തന്റെ മുന്നിലെന്ന് അറിഞ്ഞപ്പോൾ അമ്പരപ്പ് അത്ഭുതമായി മാറി. ബന്ധങ്ങളെല്ലാം മുറിഞ്ഞു തെരുവിലായവരെ പുനരധിവസിപ്പിക്കുന്നതിനായി ഡോ. എസ്.കാർത്തികേയൻ പുത്രവാത്സല്യത്തോടെ രാത്രിയിൽ അനാഥരുടെ അടുത്തേക്ക് എത്തുകയായിരുന്നു. 

കലക്ടറുടെ സ്നേഹവായ്പിൽ ആനന്ദയ്ക്ക് ഓർമകൾ തിരിച്ചെത്തി. മഹാരാഷ്ട്രയിൽ വീടും കുടുംബവും ഉണ്ടെന്നു പറഞ്ഞു. സ്വസ്ഥമായി താമസിച്ച് ആരോഗ്യം വീണ്ടെടുത്തു വീട്ടിലേക്കു മടങ്ങാമെന്നു കലക്ടർ പറഞ്ഞപ്പോൾ ഭാണ്ഡവുമായി ആനന്ദ ഒപ്പം നടന്നു. പ്ലാറ്റ്ഫോമിലെ കസേരയിൽ ഒറ്റയ്ക്കിരുന്ന അംബികാദേവിയമ്മയുടെ അടുത്ത് കലക്ടർ ഇരുന്നു.

വിവരങ്ങൾ തിരക്കിയപ്പോൾ രണ്ടു മക്കളുടെ അമ്മയായ അവരുടെ കണ്ണു നിറഞ്ഞു. പകൽ ഭാഗ്യക്കുറി വിറ്റു ജീവിക്കുന്ന ഈ ഹതഭാഗ്യയുടെ രാത്രിവീടാണു റെയിൽവേ പ്ലാറ്റ്ഫോം. കസേരയിൽ ഇരുന്നാണു നേരം വെളുപ്പിക്കുന്നത്. പകൽ ഭാഗ്യക്കുറി വിൽക്കാൻ അനുവദിക്കണമെന്ന ഒറ്റ വ്യവസ്ഥയിൽ അവർ കലക്ടറോടൊപ്പം ചേർന്നു. 

പറയാനും കേൾക്കാനും ആരുമില്ലാത്ത പേച്ചിയമ്മയ്ക്കു മനസിനു മാത്രമല്ല, ശരീരത്തിനും നല്ല വേദനയുണ്ടായിരുന്നു. കലക്ടർക്കു മുന്നിൽ അവർ കൈനീട്ടി. തീരാത്ത വേദനയെക്കുറിച്ചു പറഞ്ഞു. ഡോക്ടർകൂടിയായ കലക്ടർ ആ കൈകൾ പരിശോധിച്ചു. ഭക്ഷണവും പരിചരണവുമുള്ള നല്ലൊരു സ്ഥലത്തേക്കു പോകാം, എല്ലാം ശരിയാക്കാം എന്നു പറഞ്ഞപ്പോൾ നാട്ടിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാമെന്നായി വയോധിക.

അതു സമ്മതിച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ അടുത്ത തവണ വരുമ്പോൾ ഇവിടെയുണ്ടെങ്കിൽ എനിക്കൊപ്പം വരേണ്ടിവരുമെന്നു കലക്ടർ ഓർമിപ്പിച്ചു. പേച്ചിയമ്മയ്ക്കൊപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഭദ്രകാളി, ചുടല എന്നീ സ്ത്രീകളും നാട്ടിലേക്കു പോകാൻ തയാറായി.

റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു സമീപം കിടന്നുറങ്ങുകയായിരുന്ന ശിവയെയും കലക്ടർ തട്ടിവിളിച്ചു. ആക്രിസാധനങ്ങൾ വിറ്റ് ഉപജീവനം നടത്തുകയാണെന്നും ഇടയ്ക്ക് തമിഴ്നാട്ടിൽ പോകാറുണ്ടെന്നും പറഞ്ഞു. ഭേദപ്പെട്ട ഒരു താമസസ്ഥലം ലഭിക്കുമെന്ന് അറിഞ്ഞതോടെ ശിവയും പുനരധിവാസത്തിന്റെ തണലിലേക്കു മാറി. 

ഏറെക്കാലമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണു ജില്ലാ കലക്ടർ ഡോ. എസ്.കാർത്തികേയൻ ചൊവ്വ രാത്രി ഒൻപതേകാലോടെ എത്തിയത്. മാനസികരോഗികൾ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനിൽ കഴിയുന്നവരുടെ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് കലക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊതുജനങ്ങൾ നൽകിയ നിർദേശം പരിഗണിച്ചായിരുന്നു നടപടി. നേരത്തെ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമെടുത്തത്.  

അംബികാദേവിയമ്മ, ആനന്ദ, ശിവ എന്നിവരെ ആംബുലൻസിൽ മയ്യനാട് എസ്എസ് സമിതിയിലേക്കു മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ, പിആർഒ സാജു നല്ലേപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കൂട്ടിക്കൊണ്ടുപോയി. റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗം ഷാഹിദാ കമാൽ, സ്റ്റേഷൻ മാനേജർ പി.എസ്.അജയകുമാർ, എഡിസി ജനറൽ വി.സുദേശൻ, ഡപ്യൂട്ടി ഡിഎംഒ ഡോ.ജയശങ്കർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ സി.അജോയ്, കേരള റെയിൽവേ പൊലീസ് സ്റ്റേഷൻ അഡീഷനൽ എസ്ഐ എ.നാസർകുട്ടി, റെയിൽവേ പൊലീസ് ഇന്റലിജൻസ് ഓഫിസർ എ.മനോജ് എന്നിവരും കലക്ടർക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും ഒഴിപ്പിക്കാൻ ശ്രമിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയാണു വേണ്ടതെന്നു കലക്ടർ പറ‍ഞ്ഞു.