കുറച്ച് ദിവസങ്ങൾ മുൻപ് മെക്സികോയെ പിടിച്ച് കുലുക്കിയ ഭുകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടത് 200ലധികം പേർക്കാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ ഇപ്പോഴും ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്താൻ പലരും മുന്നോട്ട് വന്നെങ്കിലും അവരിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയത് ഒരാൾ മാത്രമാണ്. ആരാണന്നല്ലെ? ഫ്രിഡ എന്ന നായക്കുട്ടിയാണ് കഥാനായിക.
വെറുമോരു പൊലീസ് നായയാണ് ഫ്രിഡയെന്ന് കരുതിയെങ്കില്‍ തെറ്റി. രക്ഷാപ്രവർത്തനത്തിൽ മെക്സിക്കൻ നാവിക സേനയുടെ പ്രത്യേക പരിശീലനം ലഭിച്ചയാളാണ് ഫ്രിഡ. ഷൂസും ഗോഗിൾസും അണിഞ്ഞ് സ്വയം സജ്ജയായ ശേഷമാണ് ഫ്രിഡ തന്റെ ജോലി ആരംഭിക്കുക. ഇതുവരെ ഭൂകമ്പത്തിൽ പെട്ട 52 പേരുടെ ജീവൻ രക്ഷിച്ചാണ് ഫ്രിഡ ജനഹൃദയങ്ങൾ കീഴടക്കിയത്.
മനുഷ്യർക്ക് കടക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ സഹായമെത്തിക്കാൻ പറ്റുമെന്നതാണ് ഫ്രിഡയുടെ ഏറ്റവും വലിയ ഗുണം. അതുകൊണ്ട് അങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഫ്രിഡയുടെ തലയിൽ ക്യാമറ ഘടിപ്പിക്കും. അങ്ങനെയാണ് പലരും ജീവനോടെ ഇരിക്കുന്ന വിവരം പുറം ലോകമറിഞ്ഞത്. ഈ കഴിഞ്ഞ ഭൂകമ്പത്തിൽ 12 പേരുടെ ജീവനാണ് ഫ്രിഡ കാരണം രക്ഷപ്പെട്ടത്.
നായ മനുഷ്യന്റെ യഥാർഥ സുഹൃത്താണെന്ന് പറയുന്നതിൽ കഴമ്പുണ്ടെന്ന് മനസിലാക്കി തന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഫ്രിഡ. സമുഹമാധ്യമങ്ങളിൽ മുഴുവൻ ഫ്രിഡയെ പ്രശംസിച്ച് കൊണ്ടുള്ള പോസ്റ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.