പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ജീപ് കോംപസി’നുള്ള ബുക്കിങ് 10,000 യൂണിറ്റിലെത്തിയെന്ന് ഇറ്റാലിയൻ യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ. ജൂലൈ 31ന് അരങ്ങേറ്റം കുറിച്ച ‘കോംപസി’നുള്ള പ്രീബുക്കിങ് ജൂൺ 19നാണ് എഫ് സി എ ഇന്ത്യ ആരംഭിച്ചത്. ആകർഷക വിലയിൽ വിപണിയിലെത്തിയ ‘ജീപ് കോംപസി’നെ തേടി 92,000 അന്വേഷണങ്ങളാണ് ഒഴുകിയെത്തിയതെന്നും എഫ് സി എ അവകാശപ്പെടുന്നു.
ഇന്ത്യൻ നിർമിത ‘ജീപ് കോംപസി’ന് വിപണിയിൽ തകർപ്പൻ പ്രതികരണമാണു സൃഷ്ടിക്കാനായതെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. ആകർഷക വ്യക്തിത്വവും പുതുമയും ശേഷിയും ആധികാരികതയുമൊക്കെയുള്ള ‘ജീപ് കോംപസി’ന്റെ വിലയും വിപണിക്ക് ഏറെ സ്വീകാര്യമായെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ‘കോംപസ്’ നിർമിച്ചു കൈമാറാനുള്ള ശ്രമങ്ങളാണു കമ്പനി നടത്തുന്നതെന്നും ഫ്ളിൻ വിശദീകരിച്ചു.
‘ജീപ് കോംപസ്’ ശ്രേണിയുടെ വില തുടങ്ങുന്നത് 14.95 ലക്ഷം രൂപയിലാണ്; 1.4 ലീറ്റർ മൾട്ടി എയർ ടർബോ പെട്രോൾ എൻജിനുള്ള ‘കോംപസി’ന്റെ ‘സ്പോർട്’(ഫോർ ബൈ ടു) വകഭേദമാണ് ഈ വിലയ്ക്കു ലഭിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. രണ്ടു ലീറ്റർ മൾട്ടി ജെറ്റ് ടർബോ ഡീസൽ എൻജിനും ഫോർ വീൽ ഡ്രൈവ് ലേ ഔട്ടും ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള ‘ലിമിറ്റഡ്(ഒ)’ പതിപ്പാണു വിലയിൽ മുന്നിൽ: 20.65 ലക്ഷം രൂപ.