ആഗ്രഹങ്ങള്‍ സഫലമാക്കി മരിക്കുകയെന്നതാണ് ഓരോ മനുഷ്യനും സ്വപ്നം കാണുന്നത്. ആഷ് ഹണ്ടര്‍ക്ക് നല്ലൊരു വിവാഹജീവിതവും നിറമുള്ള സ്വപ്നങ്ങളും എല്ലാം ഉണ്ടായിരുന്നെങ്കിലും അതൊന്നും പൂര്‍ണ അര്‍ഥത്തില്‍ ഫലവത്താക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് സ്നേഹിച്ച കാമുകിയുടെ കഴുത്തില്‍ മരിക്കുന്നതിന് മുമ്പ് മിന്നു കെട്ടുകയെന്ന ആഗ്രഹമെങ്കിലും സഫലമാക്കാന്‍ അയാള്‍ തീരുമാനിച്ചത്.
കാന്‍സര്‍ ബാധിച്ച് ആഷ് മരിക്കുന്നതിനു മൂന്നു ദിവസം മുമ്പായിരുന്നു പങ്കാളി റെനെയെ വിവാഹം കഴിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇരുവരും എന്‍ഗേജ്ഡ് ആണ്. ഓസ്ട്രേലിയയിലെ ഡാര്വിന് ആണ് സ്വദേശം. എന്നാല്‍ മൂന്നു വര്‍ഷത്തിനിടയിലും കല്ല്യാണം നടത്താന്‍ പറ്റിയില്ല. വിവാഹപൂര്‍വ ലൈംഗിക ബന്ധം വ്യാപകമായ സമൂഹമായതിനാല്‍ തന്നെ റെനെ പല തവണ ഗര്‍ഭിണിയാവുകയും ഇരുവര്‍ക്കും ആറു കുട്ടികള്‍ ഉണ്ടാകുകയും ചെയ്തു.
ഒടുവില്‍ ഈ ഓഗസ്റ്റ് 27ന് വിവാഹം ആര്‍ഭാടപൂര്‍വം നടത്താന്‍ തീരുമാനിക്കുക ആയിരുന്നു. എന്നാല്‍ അപ്പോഴേക്കും ആഷിന്റെ കാന്‍സര്‍ രൂക്ഷമായി. ഓഗസ്റ്റ് 27 വരെ ആഷ് ജീവിച്ചിരിക്കുകയില്ലെന്ന് ഉറപ്പായി. അങ്ങനെയാണ് ആഷിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ഓഗസ്റ്റ് 5ന് വിവാഹം നടത്താമെന്ന് ഇരുവരും തീരുമാനിക്കുന്നത്. പള്ളിയും ഇതിനായി സഹകരിച്ചു.
അങ്ങനെ മരിക്കുമെന്നുറപ്പുണ്ടായിട്ടും തന്റെ പങ്കാളിയെ വരിക്കാന്‍ റെനെ തീരുമാനിക്കുക ആയിരുന്നു. ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കല്ല്യാണം കഴിക്കരുതെന്ന തോന്നല്‍ ഉള്ള വ്യക്തിയായിരുന്നു റെനെ. അതുകൊണ്ടാണ് വിവാഹം മൂന്നു വര്‍ഷം നീണ്ടു പോയത്. വിവാഹം കഴിഞ്ഞു കൃത്യം മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും തന്റെ സുഹൃത്തുക്കളുടെയും ഭാര്യയുടെയും സാന്നിധ്യം അനുഭവിച്ച് ആഷ് മറ്റൊരു ലോകത്തേക്ക് പോയി.
മരിക്കുന്നതിനു തൊട്ടു മുമ്പുള്ള ദിവസം വരെ ആഷ് ജോലിക്കു പോയെന്ന് റെനെ പറയുന്നു. തന്നോടും കുട്ടികളോടും അത്രമാത്രം പ്രതിബദ്ധത ഉള്ള വ്യക്തിയായിരുന്നു ആഷെന്നും റെനെ ഓര്‍മപ്പിക്കുന്നു. അദ്ദേഹം ഒരു അനന്യസാധാരണനായ മനുഷ്യന് ആയിരുന്നു. അസാധാരണനായ ഒരു പങ്കാളിയും അച്ഛനുമായിരുന്നു. തന്റെ കുട്ടികള്‍ക്കു വേണ്ടിയായിരുന്നു അവന് ജീവിച്ചത്. ഞങ്ങളുടെ ജീവിതം ഒരിക്കലും ഇനി പഴയതുപോലാകില്ല. ഞങ്ങള്‍ ആകെ തളര്‍ന്നു പോകുന്നു. അവനും എല്ലാം മിസ് ചെയ്യുമല്ലോ എന്നോര്‍ത്ത് വല്ലാതെ വേദന തോന്നുന്നു-റെനെ പറയുന്നു.