ക്യൂബയിലെ പിനാർ ഡെൽ റിയോ പ്രവിശ്യയിൽ ജനിച്ച വികൃതരൂപമുള്ള പന്നിക്കുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. തവിട്ടു നിറമുള്ള രോമങ്ങൾ നിറഞ്ഞ പന്നിക്കുഞ്ഞിന് കുരങ്ങിനോടാണ് കൂടുതൽ സാദൃശ്യം. കൂടാതെ ഒരു കണ്ണുമാത്രമാണ് ഈ വികൃതരൂപത്തിനുള്ളത്. ഇതിനൊപ്പം ജനിച്ച മറ്റ് ഒൻപത് പന്നിക്കുഞ്ഞുങ്ങൾക്കും ഇളം റോസ് നിറമാണുള്ളത്. ഇവയ്ക്ക് സാധാരണ രൂപവും കണ്ണുകളുമെല്ലാമുണ്ട്.
ഇവിടുത്തെ ഒരു കർഷകന്റെ ഫാമിലാണ് അപൂർവ ജീവിയുടെ ജനനം. ഇതിനെ കണ്ടയുടൻ തന്നെ കർഷകൻ മൃഗഡോക്ടറെ വിവരമറിയിച്ചു. ജനിതക വൈകല്യമാകാം അപൂർവ രൂപത്തിനു പിന്നിലെന്നാണ് ഡോക്ടറുടെ വിലയിരുത്തൽ. കൂടുതൽ പരിശോധനയ്ക്കായി ജീവിയുടെ രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കർഷകന്റെ ഭാര്യ ജീവിയെ പിടിച്ചു നിർത്തിയെടുത്ത ചിത്രങ്ങൾ സമഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു.നൂറുകണക്കിനു പ്രദേശവാസികളാണ് ഇപ്പോൾ ഈ വികൃതജീവിയെ കാണാനായി എത്തുന്നത്.