കുഞ്ഞ് കിടന്നുറങ്ങുന്ന തൊട്ടില് പതിവ് പോലെ വൃത്തിയാക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ കാഴ്ച അച്ഛനും അമ്മയും കണ്ടത്. തൊട്ടിലിനുള്ളിൽ ഒരു വിഷപാമ്പ്. കുട്ടിക്ക് വേണ്ടി വിരിച്ചിരുന്ന പുതപ്പിനിടയില്‍ ചൂടു പിടിച്ച് സുഖമായി വിശ്രമിക്കുകയായിരുന്നു പാമ്പ്. ഓസ്ട്രേലിയയിലെ സണ്‍ഷൈന്‍ കോസ്റ്റിലാണ് സംഭവം നടന്നത്. പാമ്പിനെ പിടികൂടാനെത്തിയ സ്ക്വാഡാണ് ചിത്രം സഹിതം സംഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നേരിയ വിഷമുള്ളയിനം പാമ്പായ യെല്ലോ ഫേസ്ഡ് വിപ് എന്ന പാമ്പിനെയാണ് തൊട്ടിലില്‍ കണ്ടെത്തിയത്. മുതിര്‍ന്നവര്‍ക്ക് ഈ പാമ്പ് കടിച്ചാല്‍ ശക്തമായ നീരും വേദനയും അനുഭവപ്പെടും. അതേസമയം കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാന്‍ പര്യാപ്തമാണ് ഈ വിഷം. വാക്വം ക്ലീനര്‍ ഉപയോഗിച്ച് തൊട്ടിൽ വൃത്തിയാക്കുന്നതിനിടെയാണ് പാമ്പ് ഇതിൽനിന്നു പുറത്തേക്ക് ചാടിയത്.
പാമ്പിനെ പിടികൂടുന്ന സംഘമെത്തുമ്പോൾ തൊട്ടിലിനു സമീപം തന്നെ പാമ്പ് ചുരുണ്ടു കൂടി കിടപ്പായിരുന്നു. കുഞ്ഞിനെ പരിശോധിച്ച് പാമ്പിന്റെ കടിയേറ്റിട്ടില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് മാതാപിതാക്കള്‍ക്ക് സമാധാനമായത്. ഒരു മീറ്ററോളം നീളമുള്ള പാമ്പായിരുന്നു ഇത്. ഓസ്ട്രേലിയയില്‍ സ്നേക്ക് സീസണ് എന്നറിയപ്പെടുന്ന കാലം ഓഗസ്റ്റ് പകുതിയോടെയാണ് ആരംഭിക്കുക. ഈ സീസണില്‍ പാമ്പുകള്‍ ധാരാളമായി പുറത്തിറങ്ങും. അതുകൊണ്ടു തന്നെ വീടിനകത്തും വാഹനങ്ങളിലുമെല്ലാം ഇവയെ ഈ സമയങ്ങളിൽ കാണുക സാധാരണമാണ്.