E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

റെക്കോർഡുകളുടെ റാണി; കേരളത്തിന്റെ സ്വന്തം മെറിൻ ഐപിഎസ് സംസാരിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

merin-joseph-ips
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള ആംഡ് പൊലിസ് സെക്കൻഡ് ബെറ്റാലിയന്റെ ആദ്യ വനിതാ കമാൻഡർ, കേരള കേഡറിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിതാ ഐ പി എസ് ഓഫീസർ, ഉത്തരമേഖല കൈകാര്യം ചെയ്യുന്ന ആദ്യ വനിതാ ഐ പി എസ് ഓഫീസർ ഈ മൂന്നു റെക്കോർഡുകളും സ്വന്തമാക്കി കേരളത്തിന് ഇപ്പോൾ ഒരു ന്യൂജൻ വനിതാ പോലീസ് ഓഫീസറുണ്ട്, സമൂഹമാധ്യമങ്ങൾക്ക് ഏറെ പരിചിതയായ മെറിൻ ജോസഫ് ഐ പി എസ്. 

വർഷങ്ങൾക്കു മുൻപ് കൊച്ചിയിൽ ഐ പി എസ് ട്രെയിനിങ്ങിനു വന്നപ്പോഴേ സോഷ്യൽ മീഡിയയിൽ താരമാണ് മെറിൻ ജോസഫ്. "ഈ കൈകൊണ്ട് ഒരു വിലങ്ങു വച്ചാൽ പോലും അതിനു തയ്യാർ" എന്ന നിരവധി കമന്റുകൾക്കൊടുവിൽ പ്രായത്തിനും അതീതമായ ബോൾഡ്നെസ്സ് കാട്ടി ഉത്തരമേഖലാ പോലീസ് ആസ്ഥാനം ഭരിക്കാൻ തയ്യാറെടുത്തിരിക്കുന്നു. മെറിൻ ജോസഫിന്റെ നിലപാടുകളും വാക്കുകൾ പോലെ ബോൾഡ് ആണ്.

ഉത്തരമേഖലാ ആദ്യ ഡിസിപി

എന്റെ കരിയറിൽ ആദ്യമായാണ് ഞാൻ മലബാർ പ്രദേശത്ത് ജോലി ചെയ്യുന്നത്. ഇപ്പോൾ കേരളം ബേസ് ചെയ്തു ജോലി എടുക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും ജോലി ചെയ്യാൻ അവസരം ലഭിച്ചാലേ സംസ്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് പൂർണമാകൂ. ഇവിടെ മലബാർ ഭാഗം എന്ന് പറയുന്നത് അത്യാവശ്യം എല്ലാ തരം പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യുന്ന സ്ഥലമാണ്. ഒരുപാട് സെൻസിറ്റീവ് ആയ സ്ഥലമാണ്, രാഷ്ട്രീയമായ കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് അപ്പോൾ അതെല്ലാം ശ്രദ്ധിക്കാനും ഹാൻഡിൽ ചെയ്യാനുമുള്ള അവസരം ഇവിടെ നിന്നു ലഭിക്കുന്നുണ്ട്. അത്തരം കാര്യങ്ങളിൽ ഔദ്യോഗികമായി ഇടപെടാനുള്ള അവസരം ലഭിക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.

merin-1

എന്റെ അച്ഛൻ ഒരു സിവിൽ സെർവന്റ് ആയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ സിവിൽ സർവ്വീസ് എന്റെയും സ്വപ്നമായിരുന്നു. അതുകൊണ്ട് ആറാം ക്ലാസ്സ് മുതലേ തയ്യാറെടുപ്പുകളും തുടങ്ങി. അതുകൊണ്ട് പിന്നീടുള്ള എല്ലാ തീരുമാനങ്ങളും ആ സ്വപ്നത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായി. പ്ലസ് ടു വിനു ഹ്യുമാനിറ്റീസ് എടുത്തു, ഡൽഹിയിലാണ്, പഠിച്ചതൊക്കെ ബി എ യ്ക്കും എം എ യ്ക്കും സ്വർണമെഡൽ ലഭിച്ചു. വർഷങ്ങളായി തന്നെ നന്നായി അധ്വാനം ചെയ്തിരുന്നു സിവിൽ സർവീസ് എഴുതിയെടുക്കാനായി. പരീക്ഷയെഴുതി ലഭിച്ചത് ഐ പി എസ് ആയിരുന്നു, ആദ്യം മൂന്നാർ ആയിരുന്നു പോസ്റ്റിങ്ങ്. ഇപ്പോൾ ഉത്തരമേഖലയിലെ ആദ്യ വനിതാ ഐ പി എസ് ഓഫിസർ ആയി വടക്കൻ കേരളത്തിലേയ്ക്കു വരുമ്പോൾ പ്രതീക്ഷയുണ്ട്.

നഗരങ്ങളിലെ സ്ത്രീ സുരക്ഷ

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കുറേ പ്രശ്നങ്ങൾ എല്ലായിടത്തും നേരിടേണ്ടി വരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും നോക്കുകയാണെങ്കിൽ കേരളത്തിലെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ വന്നത് കോഴിക്കോടാണ്. പിന്നെ പ്രശ്നപരിഹാരത്തിന് വനിതാ സെല്ലുണ്ട്. ഇപ്പോൾ  സ്തീകൾക്ക് ഏതു സമയത്തും  പിങ്ക് പോലീസിന്റെ സേവനം ലഭ്യമാണ്. നമുക്ക് രണ്ടു വണ്ടികളുണ്ട് ഇവിടെ. ഇതൊക്കെ മുൻപും ഇവിടെയുണ്ടായിരുന്നു. ഇപ്പോൾ നൈറ്റ് പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ പരാതിയുമായി വരികയാണെങ്കിൽ പെട്ടെന്നുതന്നെ അതു പരിഹരിക്കാനുള്ള സംവിധാനങ്ങളും  ചെയ്യുന്നുണ്ട്.

എന്താണ് പെൺകുട്ടികൾക്ക് സംഭവിക്കുന്നത്

പ്രശ്നം പുരുഷന്മാരിൽ തന്നെയാണ്. ലൈംഗിക പീഡനങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അതിൽ പുരുഷനുള്ള പങ്ക് തള്ളിക്കളയാൻ പറ്റില്ലല്ലോ. അതുകൊണ്ട് അവരുടെ മാനസികമായ ചിന്തകൾ തന്നെയാണ് മാറേണ്ടത്. സ്ത്രീകളെ ഒരു വസ്തുവായി കാണാതെ ബഹുമാനിക്കാനും അവരെയും മനുഷ്യനായി കാണാനും പുരുഷന് കഴിയണം. അങ്ങനെ ചിന്തകൾ മാറാതെ ഇതൊന്നും അവസാനിക്കില്ല. പോലീസിന്റെ ഭാഗത്തു നിന്ന് നമുക്ക് ചെയ്യാനാകുന്നതിനു പരിധികളുണ്ട്, പട്രോളിംഗ് സംവിധാനമൊക്കെയുണ്ട് പക്ഷെ അതൊന്നും പ്രശ്നത്തിന്റെ വേരുകളിലേക്ക് എത്തുന്നില്ല. 

ഇന്ത്യയിലുള്ളതുപോലെ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ ഒരുപക്ഷെ മറ്റൊരിടത്തുമില്ല. പക്ഷെ ഇത്രയും നിയമങ്ങളുണ്ടായിട്ടും പോലും സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നില്ല. ഇതിൽ ചെയ്യാൻ പറ്റുന്നത് അക്കാദമിക് തലത്തിൽത്തന്നെ ഇക്കാര്യങ്ങൾ കുട്ടികളിലേക്കെത്തണം. ആൺകുട്ടികളെയും പെൺകുട്ടികളെയും ബോധവത്ക്കരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യണം. ജെണ്ടർ സെൻസിറ്റിവിറ്റി വിഷയങ്ങളിൽ സ്‌കൂൾ തലത്തിൽ ചർച്ചകളൊക്കെയുണ്ടാകണം. ആ സമയത്ത് തന്നെ വേണ്ട ധാരണകൾ കുട്ടികൾക്ക് കൊടുത്താലേ വളരുമ്പോഴും ആ നിലപാടിൽ അവർക്ക് മുന്നോട്ടു പോകാനാവൂ. 

merin-joseph

പെട്ടെന്ന് മാറ്റാൻ പറ്റുന്ന ഒരു കാര്യമല്ലിത്. ഇപ്പോഴെങ്കിലും തുടങ്ങിയാലേ ഒരു പത്തു വർഷമെങ്കിലും കഴിയുമ്പോൾ അടുത്ത തലമുറയിലെ പെൺകുട്ടികൾ സുരക്ഷിതരായിരിക്കൂ. മനുഷ്യർ കൂടുതൽ കൂടുതൽ അലർട്ട് ആയി മാറുന്നുണ്ട്. പോലീസും അലേർട്ട് തന്നെയാണ്. മാത്രമല്ല കിട്ടാവുന്ന അവസരങ്ങളിലൊക്കെ അതേക്കുറിച്ച് നമ്മുടെ ഭാഗത്തു നിന്നും ബോധവത്‌കരണ ക്ലാസുകളും പ്രഭാഷണങ്ങളും ഒക്കെ ഉണ്ടാകാറുമുണ്ട്. പൊതുവിൽ മാറ്റം ഉണ്ടാവുക തന്നെ വേണം. അക്കാദമിക് തലം തന്നെ അങ്ങനെ മാറി വരണം എങ്കിലേ പെൺകുട്ടികൾക്ക് നേരെയുള്ള പ്രശ്നങ്ങൾ അവസാനിക്കൂ. 

പെട്ടെന്നുണ്ടാകുന്ന ആക്ഷനുകൾ

മലബാർ ഭാഗങ്ങളൊക്കെ പല കാര്യങ്ങളിലും നല്ല സെൻസിറ്റീവാണ്. പെട്ടെന്നൊരു പ്രശ്നമുണ്ടായാൽ എത്രയും പെട്ടെന്ന് അവിടെയെത്തുക എന്നതാണ് ചെയ്യാനുള്ളത്. എവിടെയെങ്കിലും പ്രശ്നമുണ്ടായാൽ നമ്മുടെ ഇന്റലിജൻസ് വിങ് വഴി  ഉടൻ തന്നെ അതു കണ്ടെത്താൻ സാധിക്കും. പെട്ടെന്നുതന്നെ പോലീസ് സ്ഥലത്തെത്തും. എന്റെ കാര്യം പറഞ്ഞാൽ ഞാൻ എപ്പോഴും അവെയിലബിളാണ്. പിന്നെ ഗുണ്ടായിസം ഒക്കെ നടക്കുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിനുള്ള കാര്യങ്ങളൊക്കെ നമ്മൾ ചെയ്യാറുണ്ട്. സ്ഥിരമായി പ്രശ്നങ്ങളുണ്ടാവുന്ന പ്രദേശങ്ങളിൽ ചില ബോണ്ടുകളൊക്കെ ഒപ്പിട്ടു വാങ്ങാറുണ്ട്. വീണ്ടും ഒരു പ്രശ്നമുണ്ടായാൽ ജാമ്യം കിട്ടാത്ത രീതിയിൽ. അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാറുണ്ട്. 

ഞാൻ "ന്യൂജൻ" ഓഫിസർ

സമൂഹമാധ്യമങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്നത് ചെറുപ്പക്കാരാണ്. പ്രായം കുറഞ്ഞ ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്ക് മനസ്സിലാകും അതുപയോഗിക്കുന്നവരുടെ ആറ്റിറ്റ്യൂഡ് എന്താണെന്ന്. അതുകൊണ്ടു തന്നെ ആ മാധ്യമത്തെ പോസിറ്റീവ് ആയാണ് കാണാൻ തോന്നിയിട്ടുള്ളതും. പൊലീസ് എന്നാൽ തന്നെ പൊതുജനത്തിന് കൗതുകം ഉള്ള ഒരു പ്രൊഫഷനാണ് അപ്പോൾ ആ മേഖലയിലുള്ള ഒരു സ്ത്രീ ഉദ്യോഗസ്ഥ എന്ന നിലയിൽ ഒരുപാട് ശ്രദ്ധിക്കപ്പെടും. പ്രൊഫഷണലി അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങൾ എന്നെ സഹായിച്ചിട്ടേയുള്ളൂ. എവിടെയെങ്കിലും മീറ്റിങ്ങുകൾക്കു പോകുമ്പോൾ നമ്മൾ പറയുന്നത് ചെറുപ്പക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമ്മൾ പറയുന്നതെല്ലാം കേൾക്കാൻ റെഡി ആയി നിൽക്കുന്ന ആ ഓഡിയൻസിനെ ലഭിച്ചത് ഉറപ്പായും സമൂഹ മാധ്യമങ്ങൾ നൽകിയ പ്രശസ്തികൊണ്ടും കൂടിയാണ്. അതുകൊണ്ടു തന്നെ ഞാനത് പോസിറ്റിവായാണ് കാണുന്നത്.

up-election-merin

സമൂഹമാധ്യമങ്ങളിലെ പൊലീസ് 

പൊലീസ് വകുപ്പിൽ തന്നെ നമുക്ക് നിരവധി വെല്ലുവിളികളുണ്ട്. നീതി നിർവ്വഹണത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനാണ് ഇപ്പോൾ എന്റെ തീരുമാനം. പിന്നെ കുറച്ചുകൂടി പബ്ലിക്കുമായി പൊലീസ് നേരിട്ട് ഇടപെടുന്നതുകൊണ്ട് പൊലീസിനെതിരെ പബ്ലിക്കിന്റെ ഭാഗത്ത് നിന്ന് പരാതികൾ കൂടുതലായി വരും.  ചിലപ്പോൾ പല കാര്യങ്ങൾക്കും സമൂഹത്തിന് പോലീസ് കാരണം ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നതു പോലെയുള്ള കാര്യങ്ങൾ. അങ്ങനെയുള്ള കാര്യങ്ങളിലൊക്കെ സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ കാണാറുണ്ട്. അതൊക്കെ ശ്രദ്ധിക്കാറുണ്ട്. പിന്നെ പോസിറ്റീവായ കാര്യങ്ങളൊക്കെ നമുക്കു പങ്കു വയ്ക്കാം. പക്ഷെ ഇപ്പോൾ വകുപ്പിൽത്തന്നെ നിരവധി വെല്ലുവിളികളുണ്ട്. അങ്ങനെയുള്ള കാര്യങ്ങൾ ആദ്യം പരിഗണിക്കാനാണ് എനിക്കാഗ്രഹം. അതുകഴിഞ്ഞ ശേഷമേ മറ്റുള്ള കാര്യങ്ങൾ പ്രധാനമാകൂ. പിന്നെ നമുക്ക് എന്തെങ്കിലും ഒഫിഷ്യൽ കാര്യം പബ്ലിക്ക് ആക്കണം എന്ന് തോന്നിയാൽ തീർച്ചയായും അത് എല്ലാവരേയും അറിയിക്കും.

ന്യൂജൻ പൊലീസ്

ഇപ്പോൾ സിവിൽ സർവ്വീസ് ആണ് ഏറ്റവും അധികം എക്സ്‌പ്ലോഷർ ലഭിക്കുന്ന ഒരു പ്രൊഫഷൻ. ഇത്രയും പവർ ഒരുപക്ഷെ മറ്റൊരു ജോലിക്കുമില്ല. ഇത്ര ചെറിയ പ്രായത്തിൽ ഇത്ര വലിയ ഒരു വെല്ലുവിളിയാണ് മുന്നിലുള്ളത്. ലീഡർഷിപ്പ്, കഴിവ്, പബ്ലിക്ക് സർവ്വീസിനോട് താൽപ്പര്യം എന്നിവയൊക്കെ ഉണ്ടെങ്കിൽ സമൂഹത്തിനു വേണ്ടി പലതും ചെയ്യാനാകും. എന്തായാലും പുതിയ ഉദ്യോഗസ്ഥരെക്കുറിച്ച് ജനങ്ങൾക്ക് പ്രതീക്ഷയുണ്ടിപ്പോൾ. അതു വളരെ നല്ലൊരു കാര്യമായി തോന്നുന്നു. 

ആ പ്രതീക്ഷ ഉണ്ടെന്നു തോന്നിയാലല്ലേ അതിനു വേണ്ടി നമ്മൾ ശ്രമിക്കുകയുള്ളൂ. ഇത്രയധികം ആളുകൾ നമ്മളെ അടുത്തു നിന്നു ശ്രദ്ധിക്കുന്നു, നമ്മുടെ പ്രവർത്തനങ്ങളെ കാണുന്നു എന്നൊക്കെ വരുമ്പോൾ നമുക്ക് അതൊരു പ്രചോദനമാണ്. നന്നായി അധ്വാനം ചെയ്യാനുള്ള ഊർജ്ജം നൽകും. എല്ലാ ചെറുപ്പക്കാർക്കും ഇത്തരം അവസരം അല്ലെങ്കിൽ പ്രതീക്ഷകൾ അനുകൂലമായിത്തന്നെ വരുമെന്ന് കരുതുന്നു. എന്നിലുള്ള അത്തരം പ്രതീക്ഷകളെ പോസിറ്റിവ് ആയാണ് ഞാൻ വിലയിരുത്തുന്നത്. 

merin-nivin-pauly-15

ഇപ്പോഴും നിയമങ്ങളും അതിന്റെ ഇടപെടലുകളും ഒക്കെ പഴയതു തന്നെയാണ്. അതിലൊന്നും നമുക്ക് ഭേദഗതി കൊണ്ടു വരാൻ കഴിയില്ല. പക്ഷെ പുതിയ ചെറുപ്പക്കാർ വരുമ്പോൾ അത് ചെയ്യുന്ന രീതിയ്ക്കു മാറ്റമുണ്ടാകും .അതുതന്നെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതും. പഴയ കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യുമ്പോൾ അത് പരാമർശിക്കപ്പെടുകയും സമൂഹത്തിൽ സ്വീകരിക്കപ്പെടുകയും ചെയ്യും. 

ലേഡി സ്റ്റൈലിസ്റ്റ്

ഞാൻ ഇരുപത്തിനാലു മണിക്കൂറും ജോലിയിൽ ശ്രദ്ധിക്കുന്ന ഒരാളാണ്, രാവിലെ ആറിന് തുടങ്ങിയാൽ രാത്രി വൈകുന്നതു വരെയും ഡ്യൂട്ടിയുണ്ടാവും.  ചിലപ്പോൾ നൈറ്റ് ഡ്യൂട്ടിയും ഉണ്ടാകും. ഉച്ചയ്ക്ക് സമയത്ത് ഭക്ഷണം കഴിക്കാനൊന്നും കഴിഞ്ഞു എന്നും വരില്ല, രാത്രിയിൽ ഫോൺ കോളുകളുൾപ്പെടെയുള്ള കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടി വരും. അതുകൊണ്ട് രാവിലെ അധികസമയമൊന്നും സ്വന്തം ആവശ്യങ്ങൾക്ക് കിട്ടാറില്ല. കുളിച്ചു റെഡിയാകാനൊക്കെ ചുരുങ്ങിയ സമയമേ എടുക്കാനാകൂ. അതുകൊണ്ട് സൗകര്യത്തിനു വേണ്ടിയാണ് മുടി മുറിച്ചത്. ജീവിതത്തിന്റെ എല്ലാ വശത്തിലും എല്ലാം എളുപ്പമാക്കാനാണ് ശ്രമം. സമയത്തിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് മുടിവെട്ടിയത്. അത് സ്റ്റൈൽ ആക്കി എന്നൊന്നും പറയാനാകില്ല, സമയം ലാഭിക്കാനും സൗകര്യത്തിനും വേണ്ടി ചെയ്തു എന്നേയുള്ളൂ. പിന്നെ ഈ സ്റ്റൈൽ കണ്ടപ്പോൾ സ്വയം ഇഷ്ടപ്പെടുകയും ചെയ്തു.

സ്റ്റൈലിനെക്കുറിച്ച് ആലോചിക്കാനൊന്നും സമയം കളയാറില്ല. മീറ്റിങ്ങുകൾ ഉണ്ടാകും. നമ്മളെക്കുറിച്ച് സമൂഹത്തിനു പ്രതീക്ഷകളുണ്ട്. അല്ലെങ്കിൽ പ്രതികരണങ്ങളും പെട്ടെന്നു ലഭിക്കും, അപ്പോൾ എല്ലാം തുലനാവസ്ഥയിൽ കൊണ്ടു പോയേ പറ്റൂ. നമ്മുടെ കാര്യത്തിന് അധികം സമയം ഒന്നും ലഭിക്കില്ലെങ്കിൽ പോലും ജോലിയിൽ ലഭിക്കുന്ന സംതൃപ്തി വളരെ വലുതാണ്. ഒരു ദിവസം അവസാനിക്കുമ്പോൾ നമുക്ക് ആ ഊർജ്ജം വിട്ടു പോകാതെ നിൽക്കും.

പൊലീസിൽ അധികം വനിതാ ഓഫീസർമാരില്ല അതുകൊണ്ടു തന്നെ എല്ലായിടത്തു നിന്നും ഒരു പരിഗണന ലഭിക്കാറുണ്ട്. പക്ഷെ മറ്റൊരു പ്രശ്നം സ്ത്രീകൾ അധികം ഇല്ലാത്തതിനാൽ എല്ലായിടത്തും നമ്മൾ നമ്മളെ തെളിയിച്ചു കൊടുക്കണം. നമ്മൾ എന്താണ് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതൊക്കെ പ്രധാനമാണ്. ഒരു പുരുഷ ഉദ്യോഗസ്ഥൻ ആണെങ്കിൽ നമുക്കൊരു ചിന്തയുണ്ട് അദ്ദേഹത്തെ കൊണ്ട് ഇന്നതൊക്കെ കഴിയും. പക്ഷെ അതേ സ്ഥാനത്ത് സ്ത്രീ വരുമ്പോൾ അവരെക്കൊണ്ട് അതു കഴിയുമോ എന്ന സംശയം ഉണ്ടാകും. അപ്പോൾ അതു നന്നായി ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. നമുക്ക് നമ്മുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ തെളിയിച്ചു കൊടുക്കേണ്ടി വരും. മാത്രമല്ല സ്ത്രീ ആയതിനാൽ തന്നെ സമൂഹം നമ്മളെ പ്രത്യേകം ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ ആ ശ്രദ്ധ പ്രൊഫഷനിൽ കാണിക്കേണ്ടിയും വരും. 

ജീവിതം രണ്ടിടങ്ങളിൽ

കോട്ടയം സ്വദേശിയായ ഡോ. ക്രിസ് എബ്രഹാമാണ് ഭർത്താവ്. അദ്ദേഹം എന്റെ കൂടെയല്ല. മറ്റൊരു പ്രൊഫഷനിൽ മറ്റൊരിടത്താണ്. രണ്ടിടത്താണെന്ന പ്രശ്നമൊന്നും ഞങ്ങൾക്കിടയിലില്ല. ജീവിതവും ജോലിയും ബാലൻസ്ഡ് ആക്കി കൊണ്ടു പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അത് കുഴപ്പമില്ലാതെ കൊണ്ടുപോകുന്നുമുണ്ട്. ഒരു നോർമൽ ജോലിയുള്ള ദമ്പതികളുടെ ജീവിതമല്ലായിരിക്കാം എന്റേത്. പക്ഷെ അത് സ്വീകരിക്കാതെ വയ്യ. ഇപ്പോൾ എല്ലാ ജീവിതത്തിലും എല്ലാം നമുക്ക് ലഭിക്കില്ല. കുറച്ചൊക്കെ നമ്മൾ വിട്ടുവീഴ്ച ചെയ്താലേ പറ്റൂ. ബാലൻസ് ചെയ്യാൻ പഠിച്ചാൽ കുഴപ്പമില്ല. ഒരു നോർമൽ ജീവിതമല്ല നമുക്കുള്ളത്. മറ്റുള്ളവർക്ക് കിട്ടാത്ത ചില ഗുണങ്ങൾ എനിക്കു കിട്ടുന്നുണ്ട്. അപ്പോൾ അവർക്ക് കിട്ടുന്നത് നമുക്ക് കുറച്ചൊക്കെ നഷ്ടമാക്കേണ്ടിയും വരാം. എന്തായാലും അദ്ദേഹം നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് എല്ലാം നന്നായി മുന്നോട്ടു പോകുന്നത്.

merin-joseph-1

ഞാൻ ബോൾഡാണ്

ഇതുവരെ ഭയം ഒന്നും തോന്നിയിട്ടില്ല, പണ്ടു മുതൽ തന്നെ ഞാൻ നല്ല ബോൾഡാണ്. ഐ പി എസ് ട്രെയിനിങ്ങിൽ പങ്കെടുത്തപ്പോൾ  എന്തെങ്കിലും കുറവുകൾ ഉണ്ടായിരുന്നെങ്കിൽ അതൊക്കെ മാറിക്കിട്ടി. അത്ര ബുദ്ധിമുട്ടേറിയ ഒരു സമയമാണ് ഐ പി എസ് ട്രെയിനിങ് സമയം. ട്രെയിനിങ് കഴിയുമ്പോഴേക്കും നല്ല ആത്മവിശ്വാസമുള്ള , ഭയമില്ലാത്ത ഉദ്യോഗസ്ഥരായി നമ്മൾ മാറും. ഫീൽഡ് ട്രെയിനിങ് കൂടി കഴിയുമ്പോൾ ഭയം എന്ന വികാരം തന്നെ ഇല്ലാതാകും. ചിലപ്പോൾ ആദ്യമായി ഒരു ആൾക്കൂട്ടത്തെ നേരിടുമ്പോൾ ഭയം തോന്നിയേക്കാം. അത് അടുത്ത തവണ ആകുമ്പോഴേക്കും മാറിപ്പോയിരിക്കും. അനുഭവപരിചയം കൊണ്ട് നമ്മൾ മികച്ച വ്യക്തി എന്ന നിലയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടും. 

ഹോബി

ഹോബിക്കൊന്നും അധിക സമയം ലഭിക്കാറില്ല, പക്ഷെ പാട്ടു കേൾക്കാൻ ഇഷ്ടമാണ്.യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാറുണ്ട്. ആത്തിഫ് അസ്‌ലം, എ ആർ റഹ്‌മാൻ എന്നിവരെയൊക്കെ വലിയ ഇഷ്ടമാണ്. പിന്നെ രാത്രി വന്നു സമയം കിട്ടിയാൽ ഉറങ്ങുന്നതിനു മുൻപ് കുറച്ചു സമയം വായിക്കാറുണ്ട്, ഫിക്ഷനുകളോടാണ് കൂടുതൽ താൽപ്പര്യം.

പുതിയ സിവിൽ സർവ്വീസ് പ്രണയികളോട് പറയാനുള്ളത്

സിവിൽ സർവീസ് ചെയ്യണം എന്ന് തീരുമാനിക്കുമ്പോൾ മനസ്സിലാക്കുക ഈ തീരുമാനം ജീവിതത്തെ മാറ്റിമറിച്ചേക്കാം . പരീക്ഷയ്ക്കിരിക്കുന്ന എല്ലാവരും അതു നേടണമെന്നില്ല. പക്ഷേ കൂടുതൽ കാര്യങ്ങൾ അതിന്റെ പഠനത്തിൽ നിന്നു തന്നെ ലഭിക്കും. അറിവ്, കൂടുതൽ ആത്മവിശ്വാസം എന്നിവയൊക്കെ ലഭിക്കും. ട്രെയിനിങ് കഴിയുമ്പോഴേക്കും ഡിസിപ്ലിനും ആത്മവിശ്വാസവും ലഭിക്കും. 

ഓഫീസറായി കഴിഞ്ഞാൽപ്പിന്നെ നമ്മുടെ ജീവിതം തന്നെ മാറിമറിയും. കൂടുതൽ ആൾക്കാർ കൗതുകത്തോടെ കാണുന്ന ഒരു പ്രൊഫഷനാണ്, വളരെ ചെറിയ പ്രായത്തിലെ വലിയ ഉത്തരവാദിത്തമാണ് ലഭിക്കുന്നത്.  പിന്നെ ഒന്നും നോക്കാനാവില്ല, മുന്നോട്ടു പോവുക. ജീവിതം ഉറപ്പായും മാറും. പക്ഷെ പൊതുജനങ്ങളുമായി ഇടപെടാനുള്ള അവസരമിതുപോലെ മറ്റെങ്ങുമില്ല. അതുപോലെ പവറും. പിന്നെ പഴയതുപോലെയല്ല ചെറുപ്പക്കാർ വരുമ്പോൾ നിയമം മാറുന്നില്ലെങ്കിലും ശൈലി മാറുന്നുണ്ട്. വെല്ലുവിളി ഉറപ്പായും ഉണ്ട് പക്ഷെ അതിനപ്പുറം ഗുണങ്ങളുമുണ്ട്. കൂടുതൽ പേർ ഈ രംഗത്തേയ്ക്ക് കടന്നു വരട്ടെ!