എണ്ണിയാലോടുങ്ങാത്ത ജോലി ആപ്ലിക്കേഷനുകൾ നാസയ്ക്ക് പുത്തരിയല്ല. പക്ഷേ നാസയ്ക്ക് ഈയിടെ ലഭിച്ച ഏറ്റവും ക്യൂട്ടായ ആപ്ലിക്കേഷനാണ് ഒൻപത് വയസ്സുകാരൻ ജാക്ക് ഡേവിസിന്റേത്. ചെറുപ്രായത്തിൽ തന്നെ വലിയ സ്വപ്നങ്ങൾ കണ്ട ജാക്ക് ആ ഒറ്റ കത്തിലൂടെയല്ലേ പ്രശസ്തനായത്. ജോലി 'പ്ളാനിട്ടറി പ്രൊട്ടക്ഷന് ഓഫീസർ' ഒഴിവ് അങ്ങ് നാസയിൽ... പിന്നെ ജാക്ക് ഒന്നും നോക്കിയില്ല കണ്ണുംപൂട്ടി ജോലിക്കുള്ള ആപ്ലിക്കേഷൻ അങ്ങ് അയച്ചു . എന്തുകൊണ്ടും ഈ ജോലിയ്ക്ക് താൻ അർഹണെന്ന് ആപ്ലിക്കേഷനിൽ തൻറെ യോഗ്യതകൾ നിരത്തി ജാക്ക് വാദിക്കുന്നു. അയയ്ക്കുന്ന ആളിൻറെ യോഗ്യത ശ്രദ്ധേയമാണ്– 'ഫോർത്ത് ഗ്രേഡിൽ പഠിക്കുന്നു, നല്ല കിടിലനായി വിഡിയോ ഗെയിം കളിക്കും, ഞാൻ വളരെ ചെറുപ്പമാണ്, അതുകൊണ്ട് തന്നെ എനിക്ക് അന്യഗ്രഹജീവികളെപ്പോലെ ചിന്തിക്കാനെളുപ്പമായിരിക്കും. മാത്രമല്ല അന്യഗ്രഹജീവികളെക്കുറിച്ചും സ്പെയ്സിനെ കുറിച്ചുമുള്ള സകലമാന സിനിമകളും ഞാൻ കണ്ടിട്ടുണ്ട്'.
സൗരയൂധത്തിൻറെ സംരക്ഷകനെന്നാണ് ജാക്ക് കത്തിൽ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കത്ത് നാസയുടെ പ്ലാനിട്ടറി സയൻസ് ഡിവിഷന്റെ ഡയറക്ടർ ഡോ ജെയിംസ് എൽ ഗ്രീനിന് നന്നേ ബോധിച്ചു. ഇത്രയും ക്യൂട്ടായ ഒരു കത്തിന് മറുപടി അയയ്ക്കാതിരിക്കാൻ അദ്ദേഹത്തിനായില്ല. ജോലിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും പറഞ്ഞ അദ്ദേഹം നന്നായി പഠിച്ച് മിടുക്കനായി ഒരിക്കൽ നാസയിൽ ജോലിക്കെത്തണെന്നും ജാക്കിനോട് പറയുന്നു. സൗരയൂധത്തിൻറെ സംരക്ഷകനാകാൻ ആഗ്രഹിക്കുന്ന ജാക്കിനെപ്പോലെയുള്ള എല്ലാ കൊച്ചു കൂട്ടുകാർക്കും ഒരു പ്രോത്സാഹനം തന്നെയാണ് ഡോ ജെയിംസ് എൽ ഗ്രീനിന്റെ ആ മറുപടി കത്ത്.