വിവാദ ഓൺലൈൻ ഗെയിം 'ബ്ലൂ വെയിൽ' നിരോധിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നത് ഇന്നാണ്. ഇതിനു തൊട്ടുപിന്നാലെ സോഷ്യൽമീഡിയകളിൽ ട്രോളോടു ട്രോളാണ്. മലയാളികൾ ബ്ലൂ വെയിൽ കളിച്ചാൽ ഗെയിം നിർമാതാവ് തന്നെ ആത്മഹത്യ ചെയ്യേണ്ടി വരും... തുടങ്ങി രസകരമായ ട്രോളുകളാണ് ഫെയ്സ്ബുക്കിൽ പ്രചരിക്കുന്നത്. ചില പോസ്റ്റുകള്‍ താഴെ
∙ പുതിയ മൊബൈൽ' വാങ്ങി ബ്ലൂ വെയിൽ കളിച്ചു... 50 ആം റൗണ്ട് എത്തിയപ്പോ ആത്മഹത്യ ചെയ്യാൻ പറഞ്ഞു .. അവന്റെ തള്ളക്കും തന്തക്കും വിളിച്ചു മൊബൈൽ വെള്ളത്തിലിട്ടു...
∙ ബ്ലൂ വെയിൽ ഡൗൺലോഡ് ചെയ്യാൻ ഗൂഗിളിൽ പോയി ബ്ലൂ എന്ന് ടൈപ്പ് ചെയ്തപ്പോഴേ വഴി തെറ്റിപ്പോയ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു... അളിയാ നീ ബ്ലൂ വെയിൽ കളിക്കുന്നതായിരുന്നു ഇതിലും നല്ലത്.
∙ ബ്ലൂ വെയിൽ കളിച്ചു തുടങ്ങി ഇന്ന് ഞാൻ കടലിൽ ചാടി... നാളെ ട്രെയിനിനു തല വെക്കണം... ഗെയിം ഓവർ ആയില്ലെങ്കിൽ മറ്റന്നാൾ കാണാം.
ഇതിനു പുറമെ സിനിമകളിലെ രംഗങ്ങൾ ഉൾപ്പെടുത്തിയും ട്രോളുകൾ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച നിയമസഭയിൽ രാജു എബ്രഹാം എംഎൽഎയാണ് വിഷയം ഉന്നയിച്ചത്. കൗമാരക്കാർ ഇത്തരം ഗെയിമുകളിൽ അകപ്പെടുന്നുവെന്നും ഇതിനെതിരെ കേരളം ഇന്ത്യയ്ക്ക് മാതൃകയാകണമെന്നും രാജു എബ്രഹാം ആവശ്യപ്പെട്ടു. ഗെയിം നിരോധിക്കാൻ സാധിക്കുമോ എന്ന് കൃത്യമായി അറിയില്ലെന്നു പറഞ്ഞ എംഎൽഎ, കഴിഞ്ഞ ദിവസം ഗെയിമിന്റെ സ്വാധീനത്തിൽ കേരളത്തിൽ കൗമാരക്കാർ ചാവക്കാട് കടൽ കാണാൻപോയ സംഭവവും ചൂണ്ടിക്കാണിച്ചു.