സർവകക്ഷിയോഗത്തിൽ പങ്കെടുക്കാനെത്തിയ മാധ്യമപ്രവർത്തകരോടു പതിവിലേറെ സൗഹൃദം പ്രകടിപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു കുശലാന്വേഷണം നടത്തിയും തമാശ പറഞ്ഞുമാണ് അദ്ദേഹം പത്രസമ്മേളനം തുടങ്ങിയത്. സർവകക്ഷിയോഗം തുടങ്ങുന്നതിനു മുൻപു മുഖ്യമന്ത്രിയുടെയുൾപ്പെടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമപ്രവർത്തകരെ അനുവദിച്ചിരുന്നു.
യോഗം നടന്ന തൈക്കാട് ഗെസ്റ്റ് ഹൗസിലെ ഹാളിലേക്കു മുഖ്യമന്ത്രി എത്തിയശേഷമാണു ഫൊട്ടോഗ്രഫർമാരെ അകത്തു കയറ്റിയത്. മുഖ്യമന്ത്രി ഇടയ്ക്കു പുറത്തേക്കിറങ്ങിയപ്പോൾ പടമെടുക്കാൻ ശ്രമിച്ച ഫൊട്ടോഗ്രഫർമാരെ സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വിലക്കുകയും ചെയ്തു.