ചെലവ് പരമാവധി ചുരുക്കി അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഒരു ഇരുനിലവീട് വേണമെന്നതായിരുന്നു ഉടമസ്ഥൻ രവീന്ദ്രന്റെ ആഗ്രഹം. ഈ ആഗ്രഹം ഡിസൈനർ സജീന്ദ്രൻ കൊമ്മേരിയെ അറിയിച്ചു. വളരെ വേഗത്തിൽ സുന്ദരമായ ബജറ്റ് വീടുകൾ നിർമിക്കുക എന്നതാണ് സജീന്ദ്രന്റെ ശൈലി. എട്ടു മാസത്തിനുള്ളിൽ ഉടമസ്ഥൻ ആഗ്രഹിച്ച പോലെ വീട് തയാറായി.
അഞ്ച് സെന്റിൽ 1100 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാൽ മൂന്ന് മാസം കൊണ്ട് സ്ട്രക്ച്ചറും 5 മാസം കൊണ്ട് ഫർണിഷിങ്ങും പൂർത്തിയായി. വെറും 22 ലക്ഷം രൂപ മാത്രമാണ് ഈ ഇരുനില വീടിനു ചെലവായത്.
കന്റംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ. വൈറ്റ് പെയിന്റാണ് വീടിനു നൽകിയത്. എലിവേഷനിൽ പലയിടങ്ങളിലും ലാറ്ററൈറ്റ് സ്റ്റോൺ ക്ലാഡിങ് ടൈലുകൾ നൽകി. കോർണർ വിൻഡോകൾ എലിവേഷന് പിന്തുണ നൽകുന്നു. സിറ്റ്ഔട്ടിൽ പ്ലാന്റർ ബോക്സ് ക്രമീകരിച്ചു.ഈ വീടിന്റെ ഇന്റീരിയർ കണ്ടാൽ ഇതൊരു ബജറ്റ് വീടുതന്നെയോ എന്ന് സംശയം തോന്നാം. കാഴ്ചയുടെ ഭംഗി ഒട്ടും കുറയ്ക്കാത്ത ഇന്റീരിയർ.പ്ലൈവുഡ്- വെനീർ വുഡൻ ഫിനിഷിൽ പലയിടത്തും പാനലിങ് നൽകിയതും നിഷുകൾ നൽകി ലൈറ്റിങ് ചെയ്തതും അഴക് വർധിപ്പിക്കുന്നു. ലെതർ ഫാബ്രിക്കിലുള്ള സോഫ യൂണിറ്റ് ഇന്റീരിയറുമായി ഇഴുകിച്ചേരുന്നു.