E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇരുകൺ നിറയെ ഈ കൺമണികൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rathnamma-anilkumar രത്നമ്മയും വി.എസ്.അനിൽകുമാറും കുട്ടികളുമായി. ചിത്രം: റോബർട്ട് വിനോദ്
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സുകൃതിക്കും പ്രകൃതിക്കുംവേണ്ടി കണ്ണൂരിലെ കണ്ണപുരമെന്ന ഗ്രാമം കാത്തിരിക്കുകയാണ്. അവർക്ക് ഈ കുഞ്ഞുമക്കളെ കൺനിറയെ കാണണം. കൈയിലെടുക്കണം. താരാട്ടുപാടി നെ‍ഞ്ചോടു ചേർത്തുറക്കണം. വാൽസല്യപൂർവം മൂർദ്ധാവിൽ ഉമ്മ വയ്ക്കണം. അവർക്കുവേണ്ടി പ്രാർഥിക്കണം. 

കഥാകൃത്ത് വി.എസ്. അനിൽകുമാറിന്റെയും ഭാര്യ രത്നമ്മയുടേയും ഫോണിലേക്കു വരുന്ന വിളികളിലത്രയും ഒരു നാടിന്റെ സ്നേഹമുണ്ട്. നാട്ടുകാർ, അയൽവാസികൾ, ഇരുവരും വിദ്യ പകർന്നുനൽകിയ വിദ്യാർഥികൾ, ബന്ധുമിത്രാദികൾ. പിന്നെ പ്രഫ. എം.എൻ.വിജയനെന്ന വിജയൻ മാഷിന്റെ കണക്കില്ലാത്ത ആരാധകരും.

അനിലിനും രത്നമ്മയ്ക്കും കുഞ്ഞുങ്ങളുണ്ടായിക്കാണാൻ പ്രാർഥിച്ചവർ ഇതുപോലെ ഒട്ടേറെ പേരുണ്ട്. അവരുടെ മുന്നിൽ ഇവരുടെ ഹൃദയങ്ങൾ കൈകൂപ്പുന്നു.

‘നേരിട്ട് അറിയാത്തവർപോലും ഞങ്ങളുടെ സന്തോഷത്തിനുവേണ്ടി മനസ്സുകൊണ്ട് ആഗ്രഹിച്ചവരുണ്ട്. അച്ഛനെ സ്നേഹിക്കുന്നവരുടെ സ്നേഹം അതേയളവിൽ എനിക്കും കിട്ടിയിട്ടുണ്ട്.’ അനിൽ പറയുന്നു.

ചിന്തകനും നിരൂപകനും സൈദ്ധാന്തികനുമായിരുന്ന പ്രഫ. എം.എൻ.വിജയന്റെ മകനാണ് അനിൽകുമാർ. 59 വയസ്സ്. കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് ഡീൻ ആയി 2014ൽ വിരമിച്ചു. തളിപ്പറമ്പ് സർ സെയ്ദ് കോളജിലെ മലയാള വിഭാഗം മേധാവിയായിരുന്ന അൻപത്തെട്ടുകാരിയായ രത്നമ്മ 2015ൽ സർവീസിൽനിന്നു പിരിഞ്ഞു. ഷഷ്ഠിപൂർത്തിക്കരികിൽ നിൽക്കെയാണ് 31 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്കു രണ്ടു കുരുന്നുകൾ കടന്നുവരുന്നത്.

കുഞ്ഞുങ്ങളുണ്ടാകാൻ ഒരുപാടു ചികിത്സകൾ ചെയ്തെങ്കിലും ഫലമുണ്ടാകാതിരുന്നതിനെ തുടർന്നു വാടക ഗർഭപാത്രത്തിന്റെ തുണയിലാണ് ഇവർക്കു ഇരട്ടക്കുട്ടികൾ പിറന്നിരിക്കുന്നത്.

വിരൽ തുഞ്ചത്ത് ഇനി പൊന്നുമക്കളുണ്ട്

കണ്ണപുരത്തെ ഒരു അയൽവാസിക്കുട്ടി ഫോണിൽ വിളിച്ച് നല്ല കരച്ചിൽ. കാര്യമെന്തെന്ന് അവൾ മിണ്ടുന്നില്ല. ഒടുവിൽ സങ്കടപ്പെട്ടു പറഞ്ഞു: അവളുടെ വിവാഹമാണത്രെ. അതുനല്ല കാര്യമല്ലേയെന്നു ചോദിച്ചപ്പോൾ പിന്നെയും ഒറ്റക്കരച്ചിൽ. കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊതിമാറും മുമ്പേ അവരെ പിരിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്കു പോകേണ്ടിവരുമല്ലോ എന്നതാണവളുടെ സങ്കടം.

എത്ര സങ്കടമാണല്ലേ, കുട്ടികളില്ലാതിരിക്കുന്നത്?

1986 ലായിരുന്നു അനിലിന്റെയും രത്നമ്മയുടെയും വിവാഹം. അധികം താമസിയാതെ ഗർഭം ധരിച്ചെങ്കിലും ആ കുഞ്ഞിനെ കിട്ടിയില്ല. അതിനുശേഷം മൂന്നുമാസം കഴിഞ്ഞേ വീണ്ടും കുഞ്ഞിനായി ശ്രമിക്കാവൂ. പക്ഷേ, ഡോക്ടർ അക്കാര്യം പറഞ്ഞുതന്നില്ല. വീണ്ടും കൺസീവ് ചെയ്തതു ട്യൂബുലർ പ്രഗ്‌നൻസിയായി. ട്യൂബ് മുറിച്ചുനീക്കി. അതോടെ ഗർഭധാരണത്തിനുള്ള സാധ്യത അൻപതു ശതമാനംകണ്ടു കുറഞ്ഞു.

പിന്നീടു കുറേക്കാലംകൂടി കടന്നുപോയി. ഇതിനിടയിൽ രണ്ടുതവണ ഗർഭം ധരിച്ചെങ്കിലും അലസിപ്പോയി. പച്ചമരുന്നും ഹോമിയോയും ആയുർവേദവും സിദ്ധചികിത്സയുമൊക്കെ പരീക്ഷിച്ചു. തുടർന്ന് ഐവിഎഫ് നടത്തി. തുടക്കം പ്രതീക്ഷ ജനിപ്പിച്ചെങ്കിലും അവസാനം പരാജയമായി. ചികിത്സയ്ക്കും മരുന്നുകൾക്കും വിധേയയായി രത്നമ്മയുടെ ശരീരവും മനസ്സും ക്ഷീണിച്ചു.

‘പറഞ്ഞറിയിക്കാനാകാത്ത അവസ്ഥയിലെത്തിയിരുന്നു ഞങ്ങൾ. ഒരു കുട്ടിയെ ദത്തെടുത്താലോ എന്നാലോചിച്ചു. അന്നു ഞാൻ ചെന്നൈയിൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ അധ്യാപകനാണ്. താമസിക്കുന്ന സ്ഥലത്തിനടുത്ത് സുന്ദരി എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾക്കും കുട്ടികളുണ്ടായിരുന്നില്ല. അവളും ഭർത്താവും ചേർന്ന് ഒരു കുഞ്ഞിനെ ദത്തെടുത്തു. തൊട്ടടുത്ത വർഷം അവൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. പിന്നെയും രണ്ടു മക്കൾ കൂടിയുണ്ടായി. ഇപ്പോൾ അഞ്ചു മക്കളുടെ അമ്മയാണവൾ. ഈ സംഭവം മനസ്സിൽ കിടന്നിരുന്നു. എത്രകാലം കാത്തിരിക്കേണ്ടി വന്നാലും ഞങ്ങൾക്കും കുട്ടികൾ ജനിക്കുമന്നൊരു പ്രതീക്ഷ മനസ്സിലുണ്ടായി.

എടപ്പാളിലെ സൈമർ ആശുപത്രിയിലെ ഡോ. ഗോപിനാഥിന്റെ പക്കലായിരുന്നു ചികിത്സ. ബന്ധുക്കളായ ഡോ. അനിലിനോടും ഡോ. ആശയോടും ഇതേപ്പറ്റി ചർച്ച ചെയ്ത ശേഷമാണു വാടക ഗർഭപാത്രം സ്വീകരിക്കാൻ തീരുമാനമെടുത്തത്. കുഞ്ഞുണ്ടാകണം എന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഒട്ടേറെ കടമ്പകളുണ്ടായിരുന്നു. അനുയോജ്യയായ ആളെ കണ്ടെത്തുകയായിരുന്നു ആദ്യത്തെ വെല്ലുവിളി. മുപ്പതു വയസ്സിനു താഴെയുള്ള സ്ത്രീയായിരിക്കണം. മുൻപു പ്രസവിച്ചിരിക്കുകയും വേണം.

പലരിലൂടെയും അന്വേഷണമായി. കേരളത്തിൽനിന്നും ആരെയും കിട്ടിയില്ല. ഈ രംഗത്തുള്ള നോയ്ഡയിലെ ഏജൻസിയിൽ പേരു രജിസ്റ്റർ ചെയ്തു കാത്തിരുന്നു. ഒരു ദിവസം ഒരു പെൺകുട്ടിയെ കണ്ടെത്തിയെന്ന് അവർ ഫോണിൽ അറിയിച്ചു. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് അവളെ ആദ്യംചെന്നു കാണുന്നത്. ഇരുപത്തിയേഴു വയസ്സുള്ള പെൺകുട്ടി. ഒരു മകളുണ്ടായിരുന്നെങ്കിൽ അവളുടെ പ്രായം വന്നേനെ. അവളുടെ ഭർത്താവിനും അവളുടെ പ്രായംതന്നെയാണ്. പതിനാറാം വയസ്സിൽ വിവാഹം കഴിഞ്ഞതാണത്രെ. മൂത്തകുട്ടിക്ക് 10 വയസ്സായി. ഇളയകുട്ടി ചെറുപ്പമാണ്.

മക്കളെ പട്ടിണി കൂടാതെ വളർത്തണം. നല്ല വിദ്യാഭ്യാസം കൊടുക്കണം. അവൾ ഞങ്ങളുടെ മകൾ തന്നെയെന്ന് ഞങ്ങൾ കരുതി. കേരളത്തെക്കുറിച്ച് അവൾ കേട്ടിട്ടുണ്ട്. കാണാൻ ഭംഗിയുള്ള നാടും നല്ല മനുഷ്യരും.

ഞങ്ങളുടെ കുഞ്ഞിന്റെ അമ്മ

ഒരു വർഷം മുമ്പ് അവൾ കൊച്ചിയിലെ ആശുപത്രിയിലെത്തി. ടെസ്റ്റുകളെല്ലാം അനുകൂലമായിരുന്നു. ഗർഭ ധാരണത്തിനുശേഷം പ്രസവകാലം വരെ അവൾ ആശുപത്രിയോടു ചേർന്നുള്ള ഹോസ്റ്റലിൽ കഴിഞ്ഞു. കണ്ണൂരിൽനിന്നും അവളെ പതിവായി കാണാനെത്തിയിരുന്നു. എന്റെ മകൾ അമ്മയാവാൻ തയാറെടുക്കുന്നതുപോലെ. നല്ല ശുശ്രൂഷ വേണമെന്നു ഹോസ്റ്റലിലെ സഹായികളോടു ചട്ടംകെട്ടി. വിളറിയ മുഖത്തെക്കുറിച്ച് കണ്ണുകളിലെ ക്ഷീണത്തെക്കുറിച്ചും ഡോക്ടറോടു സംശയപ്പെട്ടു. അവളുടെ വയറിൽ കുഞ്ഞുവിരലുകൾ മുദ്ര കാണിക്കാൻ തുടങ്ങിയപ്പോൾ മനസ്സു നിറഞ്ഞു ചിരിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കുമ്പോൾ ഒരു കുഞ്ഞിന്റെ മുഖം ഉള്ളിലേക്കു കടന്നുവരും. ഒറ്റയ്ക്കിരിക്കുമ്പോൾ നീ മക്കൾക്കു താരാട്ടുപാടി കൊടുക്കാറുണ്ടോയെന്നു ചോദിച്ചു. അവൾ ചിരിച്ചു. നിങ്ങളുടെ മലയാളത്താരാട്ടൊന്നും അറിയില്ലെന്നും ചില ഹിന്ദി താരാട്ടുകൾ മൂളാറുണ്ടെന്നും അവൾ പറഞ്ഞു. ഓമനത്തിങ്കൾ കിടാവിനെപ്പറ്റി പറയുംമുമ്പേ ഹൽവ കൊണ്ടുവന്നില്ലേയെന്നും ചോദിച്ച് അവൾ ബഹളംവച്ചു. കോഴിക്കോടൻ ഹൽഹ പെരുത്തിഷ്ടമായിരുന്നു. ഓരോ വരവിനും കൊതിതീരും വരെ തിന്നാൻ ഞങ്ങൾ ഹൽവ പൊതിഞ്ഞെടുത്തിരുന്നു.

കാർത്തികക്കുട്ടികളേ അമ്മയുടേയും അച്ഛന്റേയും കഥയറിയാമോ?

ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 12.06ന് ഇരട്ടക്കുട്ടികളിൽ ആദ്യത്തെയാൾ പിറന്നു. സിസേറിയൻ. 12.07നു രണ്ടാമത്തെയാളും.

‘ഒരു മിനിറ്റു മുമ്പേ വന്നതിനാൽ മകനാണു സീനിയർ’ മകനെയും മകളെയും ചേർത്തു പിടിച്ചുകൊണ്ട് അനിൽകുമാറിന്റെ വാക്കുകൾ. രണ്ടാളും കാർത്തിക നക്ഷത്രക്കാരാണ്. മക്കൾക്കു പേരിട്ടതു രത്നമ്മയാണ്. ആൺകുട്ടിക്കു സുകൃതിയെന്നു പേര്. പ്രകൃതി പെൺകുട്ടിയും. ‘ഒന്നാമത്തെ ആൾ ആയി എന്നറിഞ്ഞപ്പോൾത്തന്നെ രണ്ടാമത്തെയാളും ഞങ്ങളുടെ മുന്നേിലേക്കു വന്നു.’-പറയുമ്പോൾ രത്നമ്മയുടെ കണ്ണുകളിൽ നനവ്.

‘പിഞ്ചുകുഞ്ഞുങ്ങളെ എടുത്തൊന്നും ശീലമില്ലല്ലോ. അതുകൊണ്ട് എല്ലാംപേടിയാണ്. ഇനി എല്ലാം ഒന്നിൽനിന്നു തുടങ്ങണം. റിട്ടയറായതുകൊണ്ട് വേണ്ടുവോളം സമയമുണ്ട്. ജീവിതം മുഴുവനും മക്കൾക്കുവേണ്ടി നീക്കിവയ്ക്കാം. വയസ്സായീന്ന് ഞങ്ങൾക്കു രണ്ടുപേർക്കും തോന്നലില്ല. മാഷ് കുടുംബത്തും നാട്ടിലുമുള്ള കുട്ടികളായിട്ട് എപ്പോഴും നല്ല ചങ്ങാത്തവും കളിചിരിയുമൊക്കെയാണ്. അഞ്ചു വയസ്സുമുതൽ 22 വയസ്സുവരെയുള്ളവരാ മുപ്പരുടെ ഫ്രണ്ട്സ്. കോളജിലും കുട്ടികളുടെ ഒപ്പമായിരുന്നല്ലോ. അതുകൊണ്ട് കുഞ്ഞുങ്ങളില്ലെന്ന ദുഃഖം കുറച്ചൊക്കെ താങ്ങാനായിട്ടുണ്ട്. പക്ഷേ, ഒറ്റയ്ക്കാവുമ്പോൾ അങ്ങനെയല്ലല്ലോ. സ്റ്റാഫ് റൂമിലൊക്കെയിരുന്നു കരഞ്ഞിട്ടുണ്ട്. കണ്ണീര് ഏതു നിമിഷമാണ് അടർന്നുവീഴുക എന്നു പറയാനാകില്ല. നിയന്ത്രിക്കാൻ പറ്റാത്ത പ്രയാസമാണ്. വീട്ടിലെ ഏകാന്തതയും സഹിക്കാനാകില്ല. പൊട്ടിക്കരഞ്ഞിട്ടുണ്ട്... ദിവസങ്ങളോളം ഞങ്ങൾ വഴക്കടിച്ചിട്ടുണ്ട്... വാക്കുകൾകൊണ്ടു കുത്തിനോവിച്ചിട്ടുണ്ട്. പിന്നെ ഒന്നും പറയാതെ ചേർന്നുനിന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്.

ഈ തീരുമാനം പത്തുവർഷം മുമ്പെടുക്കാമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. പുതിയ എല്ലാ ചികിത്സാമുറകളെപ്പറ്റിയും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഈ രീതി നോക്കിയാലോ എന്നു രണ്ടുപേരുടേയും മനസ്സിലുണ്ടായിന്നു. പക്ഷേ, പറയുന്നതു വേദനയാകുമോ എന്നുകരുതി മിണ്ടിയില്ല. ആഗ്രഹം ഉള്ളിലൊതുക്കി. ഒരുവർഷം മുമ്പാണ് ഇതു പരീക്ഷിച്ചാലോ എന്നു സംസാരിക്കുന്നത്. കുട്ടികളില്ലാത്തത് മാഷിന്റെ എഴുത്തിനെയും ബാധിച്ചു. അവർ നേരത്തേ വന്നിരുന്നുവെങ്കിൽ കുറേക്കൂടി എഴുതുമായിരുന്നുവെന്നു തോന്നുന്നു. മാനസിക സമ്മർദം ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിച്ചു. ബ്ളോക്കു നീക്കാൻ ആൻജിയോപ്ലാസ്റ്റി ചെയ്തു.

ഈ സന്തോഷത്തിനപ്പുറം എന്തുണ്ട്?

വാടക ഗർഭപാത്രം, വാടക അമ്മ എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഉപേക്ഷിക്കേണ്ടതാണെന്ന് അനിൽകുമാർ. കൃത്രിമ മാർഗത്തിലൂടെയുള്ള ഗർഭധാരണത്തെപ്പറ്റിയുള്ള ചിന്ത സഹ്രസാബ്ദങ്ങൾക്കു മുൻപേ ഇവിടെയുണ്ട്. അച്ഛന്റെ ബീജവും അമ്മയുടെ അണ്ഡവും സംയോജിപ്പിച്ച് പിന്നീടതു മറ്റൊരു ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. തങ്ങളുടെ ചോരയിലുള്ള കുഞ്ഞിനായുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പ് ആ നിമിഷം തുടങ്ങുകയാണ്. ഇതിനൊരു വൈകാരികതലം കൂടിയുണ്ട്. മതം, സദാചാരം, ലൈംഗികത തുടങ്ങിയ ഘടകങ്ങളുണ്ടല്ലോ അതുമായൊക്കെ ഇതിനെ ബന്ധപ്പെടുത്തി ചിന്തിക്കാം. അതിലൊന്നും ഒരു കാര്യവുമില്ല. ഇതു ശുദ്ധമായ സയൻസിന്റെ പ്രക്രിയയാണ്. സയൻസ് തേടുന്നത് ആത്യന്തികമായി മനുഷ്യന്റെ സന്തോഷമാണ്.

പ്രസവശേഷം വാടക അമ്മയെ കുട്ടികളുമായി അടുപ്പിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ അവളെ കാണിക്കാറുണ്ട്. മുലപ്പാൽ ആവശ്യത്തിനു കിട്ടിയിരുന്നില്ല. ആദ്യത്തെ മുലപ്പാൽ വിശിഷ്ടമാണല്ലോ. എത്ര ശ്രമിച്ചിട്ടും കുട്ടികൾക്കു മതിവരെ കിട്ടിയില്ല. വരുന്ന അഞ്ചിന് അവൾ മടങ്ങും. കുട്ടികളുമായി ഞങ്ങൾ കണ്ണൂരിലേക്കും. ഇടയ്ക്കു കാണാ‍ൻ അവളുടെ ഭർത്താവു വന്നിരുന്നു. ഞങ്ങൾ പുറത്തുപോയി ആഹാരമൊക്കെ കഴിച്ചു. മുംബൈയ്ക്കു മടങ്ങിയാലും കണ്ണൂരിലേക്ക് ഇടയ്ക്കൊക്കെ വരണമെന്ന് അവരെ ക്ഷണിച്ചിട്ടുണ്ട്. അവർക്കാണെങ്കിൽ ഞങ്ങൾ മുംബൈയിലേക്കു ചെല്ലണമെന്നും.

മനസ്സുനിറഞ്ഞ് അമ്മയുടെ മടക്കം

മക്കളെ കണ്ടു മനസ്സു നിറഞ്ഞാണ് അമ്മ പോയത്’- അമ്മ ശാരദയുടെ മരണത്തെപ്പറ്റി അനിൽകുമാർ പറഞ്ഞു. മരിക്കുന്നതിനു തലേന്നാണ് അമ്മ ആശുപത്രിയിൽ വന്ന് അവരെ ആദ്യമായി കണ്ടത്, അവസാനമായും. രണ്ടു കുഞ്ഞുങ്ങളെയും മടിയിലിരുത്തി ‘അച്ചമ്മ വന്നൂ’വെന്നു പറ‍ഞ്ഞ് രണ്ടുപേർക്കും ഉമ്മ കൊടുത്തു. മക്കളേയെന്നു വിളിച്ച് ഒരുപാടു ലാളിച്ചു. അച്ചമ്മയെന്നാണ് അമ്മ പരിചയപ്പെടുത്തിയത്. അച്ഛൻ സഹോദരിമാരുടെ കുട്ടികളെ ‘അപ്പൂപ്പൻ’ എന്നാണു വിളിച്ചു ശീലിപ്പിച്ചത്.

കുട്ടികളെ കണ്ടുവന്ന രാത്രിയിൽ അമ്മ ഒട്ടും ഉറങ്ങിയില്ല. അവർക്കു പാലു കിട്ടാതിരുന്നത് അമ്മയ്ക്ക് സഹിക്കാൻ കഴി‍ഞ്ഞിരുന്നില്ല. ആ വിഷമത്തിലാണ് അമ്മ കടന്നുപോയത്. എനിക്കു മക്കളാകാതിരുന്നതിൽ അച്ഛനും വലിയ ദുഃഖമുണ്ടായിരുന്നു. നേരിട്ടൊന്നും പറയുമായിരുന്നില്ല, ചില ചികിത്സകളൊക്കെ അടുപ്പക്കാരെക്കൊണ്ടു നിർദേശിച്ചിരുന്നു. അച്ഛനു കുട്ടികൾ സർവസ്വവുമായിരുന്നു. എന്റെ മക്കളെ അച്ഛനു കാണാനായില്ലല്ലോ എന്ന സങ്കടമുണ്ട്. എനിക്കും സഹോദരിമാർക്കുമായി ഇപ്പോൾ അഞ്ചുമക്കളായി. നമുക്ക് അഞ്ചു പേരക്കിടാങ്ങളായെന്നു അമ്മ ചെന്ന് അച്ഛനോടു പറഞ്ഞുകാണണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :